ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റവും നീളം കൂടിയ ഗംഗാ എക്‌സ്പ്രസ് വേയ്ക്ക് ഷാജഹാന്‍പൂരില്‍ ശിലയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്രാജിലെ ജുദാപൂര്‍ ദണ്ഡു ഗ്രാമത്തിന് സമീപം വരെയുണ്ടാകും. 36,230 കോടി രൂപ ചിലവില്‍ 594 കിലോമീറ്റര്‍ നീളമുള്ള ആറുവരി അതിവേഗ പാതയാണ് നിര്‍മ്മിക്കുന്നത്. ഗംഗ എക്‌സ്പ്രസ് വേ വരുന്നതോടെ ഡല്‍ഹിയും പ്രയാഗ്രാജും തമ്മിലുള്ള യാത്രാ ദൂരം 7 മണിക്കൂറായി ചുരുങ്ങും.
എക്‌സ്പ്രസ് വേയുടെ അടുത്ത പ്രദേശവാസികള്‍ക്ക് വേണ്ടി 3.75 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും എക്‌സ്പ്രസ് വേയോട് ചേര്‍ന്ന് നിര്‍മ്മിക്കും. 9 പൊതു വിശ്രമ കേന്ദ്രങ്ങള്‍, ഏഴ് റെയില്‍വെ മേല്‍പ്പാലങ്ങള്‍, 14 വലിയ പാലങ്ങള്‍, 126 ചെറിയ പാലങ്ങള്‍, 381 അടിപ്പാതകളും ഇതിനോടനുബന്ധിച്ച് നിര്‍മ്മിക്കും. ഇന്ത്യന്‍ നേവിയുടെ വിമാനങ്ങള്‍ക്ക് അടിയന്തരമായി ഇറക്കാന്‍ പാകത്തില്‍ ഷാജഹാന്‍ പുരില്‍ 3.5 കിലോമീറ്റര്‍ നീളത്തില്‍ എയര്‍ സ്ട്രിപ്പും നിര്‍മ്മിക്കും.
2020 നവംബര്‍ 26നാണ് എക്‌സ്പ്രസ് വേക്ക് കേന്ദ്രം അംഗീകാരം നല്‍കുന്നത്. 2024 ഓടെ എക്‌സ്പ്രസ് വേ യാത്രാസൗകര്യത്തിന് തയ്യാറാകുമെന്നാണ് വിവരം. 10,500 കോടി രൂപ മുതല്‍ മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ജേവാര്‍ വിമാനത്താവളത്തിന് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നേരത്തെ പ്രധാനമന്ത്രി ശിലയിട്ടിരുന്നു. വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. ഇതിന് പിന്നാലെ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തിരുന്നു.

