ന്യൂഡൽഹി: ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എയർ സുവിധ പോർട്ടലിൽ ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യാം. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു കോവിഡ് പരിശോധന നടത്തേണ്ടതെന്നാണ് നിർദ്ദേശം. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് സാധ്യതയെന്നാണ് വിവരം.
സാധാരണ ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാണ് നിരക്ക്. എന്നാൽ പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് പരിശോധന നടത്തണമെങ്കിൽ 3500 രൂപയാണ് നൽകേണ്ടത്. പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ‘ബുക്ക് കോവിഡ് ടെസ്റ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് രാജ്യാന്തര യാത്രക്കാരൻ എന്ന് തിരഞ്ഞെടുത്ത ശേഷം പേര്, ഫോൺ നമ്പർ, ഇമെയിൽ, ആധാർ നമ്പർ, പാസ്പോർട്ട് നമ്പർ, വിലാസം, എത്തിയ സമയം, തീയതി എന്നീ വിവരങ്ങൾ നൽകണം. ആർ.ടി.പി.സി.ആർ, റാപ്പിഡ് ആർ.ടി.പി.സി.ആർ തുടങ്ങിയവയിൽ ഏതാണോ വേണ്ടത് അത് തെരഞ്ഞെടുക്കാം. റാപ്പിഡ് ആർടിപിസിആർ ആണെങ്കിൽ 30 മിനിട്ട് മുതൽ ഒന്നര മണിക്കൂർ സമയത്തിനകം ഫലം ലഭ്യമാകും.

