തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ. ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചാണ് ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ 12 മണി വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുമതി നൽകും. ദേവസ്വം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനമായി. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കോൺട്രാക്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

