ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി തുടങ്ങിയവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
പ്രതികൾക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നൽകിയത് ഉൾപ്പെടെയുള്ള സഹായം നൽകിയവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്നും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. ഇവർക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് രഞ്ജിത്ത് ശ്രീനിവാസിനെ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയത്. ഭാര്യയുടേയും അമ്മയുടേയും മുന്നിൽവെച്ചായിരുന്നു കൊലപാതകം. ആക്രമണത്തിൽ രഞ്ജിത്തിന്റെ തലയോട്ടി തകരുകയും തലച്ചേറിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു.

