ന്യൂഡൽഹി: തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകൾ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ ലേബർ കോഡുകൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 21 ന് ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾക്ക് സർക്കാർ രൂപം നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 2023 ഓടെയാകും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാർക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസത്തെ അവധി ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആഴ്ച്ചയിൽ നാലു തൊഴിൽ ദിനങ്ങളായിരിക്കും ഉണ്ടായിരിക്കുക. പ്രതിവാര ജോലി സമയം തുലനം ചെയ്യുന്നതിനായി നാല് ദിവസങ്ങളിൽ 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന നിബന്ധന പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിബന്ധന.
അതേസമയം നാല് ദിവസത്തെ പ്രവൃത്തി ദിവസങ്ങളുടെ ഭാഗമായി ജീവനക്കാരുടെ ടേക്ക് ഹോം പേയിൽ കുറവ് വരും. ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും ഉയർന്ന പ്രൊവിഡന്റ് ഫണ്ട് ബാധ്യത വഹിക്കേണ്ടിവരും. പിഎഫിൽ കൂടുതൽ പണം നിക്ഷേപിക്കപ്പെടുമ്പോൾ ശമ്പളമായി ലഭിക്കുന്ന തുക കുറയും. ഇതിനായി ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും പിഎഫും കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നു. ശമ്പളത്തിന്റെ പകുതി അടിസ്ഥാന വേതനവും അലവൻസുകൾ 50 ശതമാനവുമായി പരിമിതപ്പെടുത്തും.