ഒമിക്രോണ്‍ വ്യാപനം: യുപി തിരഞ്ഞെടുപ്പ് റാലികള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അലഹബാദ് ഹൈക്കോടതി

അലഹബാദ്: യു.പി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അലഹബാദ് ഹൈക്കോടതി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. റാലികള്‍ ഉള്‍പ്പെടെയുള്ളവ നിരോധിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇട വരുമെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് ചൂണ്ടിക്കാട്ടി.

യുപി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. അതിനാല്‍, ഒമിക്രോണ്‍ സാഹചര്യത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. യു പി യില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശേഖര്‍ യാദവ് വ്യക്തമാക്കി.

ദൂരദര്‍ശന്‍ വഴിയോ പത്രങ്ങള്‍ വഴിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ദ്ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തില്‍ യുപിയില്‍ വന്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.