Highlights (Page 152)

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സോണൽ ഐ.ജിമാർ, റേഞ്ച് ഡി ഐ ജിമാർ ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകി. ഇതിനായി തൊഴിൽ വകുപ്പിൻറെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുളള പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധർ അറസ്റ്റിലായി. 7767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ നടത്തി വരുന്ന റെയിഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണം. അവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇവർ സമാഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നും നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾ, ഒമിക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും സംസ്ഥാന പോലീ മേധാവി നിർദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങൾ നടപ്പിലാക്കാനായി മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും.

മയക്കുമരുന്ന്, സ്വർണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇൻറലിജൻസ് സംഘങ്ങൾ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വർഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാൻ പോലീസിന് കർശന നിർദ്ദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും അതിന് സാമ്പത്തിക സഹായം നൽകുന്നവരെയും കണ്ടെത്തും.

വർഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശം നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്ത് വരുന്നു. ഇതിനകം 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 31 പേർ അറസ്റ്റിലായി. വർഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിൻമാരും കേസിൽ പ്രതികളാകും. ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബർ പോലീസ് സ്റ്റേഷനെയും സൈബർ സെല്ലിനെയും സൈബർഡോമിനെയും ചുമതലപ്പെടുത്തി.

കൊൽക്കത്ത: മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ടില്ല. സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സംഘടന രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. സംഘടനയുടെ എഫ്‌സിആർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ എം പ്രേമ എംസി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രേമയുടെ പ്രതികരണം.

മദർതെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്‌സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്നായിരുന്നു മമത ബാനർജി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് മമത ബാനർജി ഇക്കാര്യം ആരോപിച്ചത്.

അതേസമയം മമതയുടെ നുണ പ്രചരണത്തിനെതിരെ സഭാ വക്താവും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യൻ സഭാവോട്ടുകളിൽ കണ്ണുനട്ടുള്ളതാണ് മമത ബാനർജിയുടെ പ്രസ്താവനയെന്ന് കരുതുന്നുവെന്ന് സഭാ വക്താവ് സുനിത കുമാർ പ്രതികരിച്ചു. അക്കൗണ്ട് മരവിപ്പിച്ചതായി അറിവില്ല. തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും കേന്ദ്രം ഇത്തരമൊരു കാര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ ബാങ്കിടപാടുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാം സുഗമമാണെന്നും സുനിത കുമാർ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മമത ബാനർജിയുടെ ആരോപണം തള്ളി. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തത്. മതിയായ രേഖകളില്ലാത്തതിനാൽ 25 ന് അപേക്ഷ തള്ളിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി.

vaccine

ന്യൂഡൽഹി: രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് വിതരണം ചെയ്യുക കോവാക്‌സിനാണെന്ന് സർക്കാർ. സൗജന്യമായിട്ടായിരിക്കും സർക്കാർ ഈ പ്രായപരിധിയിൽപ്പെട്ടവർക്ക് വാക്‌സിൻ നൽകുക. ജനുവരി 1 മുതൽ വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. 2007 നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് രാജ്യത്ത് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിക്കുന്നത്. അതേസമയം കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കഴിയുക. ഇത്തരത്തിലുള്ളവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ അധിക ഡോസ് വാക്‌സിൻ എടുത്ത വിവരം പരാമർശിക്കുകയും ചെയ്യും.

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അതിഥി തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 25,000ത്തോളം തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വരികയായിരുന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല.

പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുണ്ടെങ്കിലും കരാറുകാര്‍ പലരും പാലിക്കാറില്ല. പോലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല. പരിശോധനകള്‍ ഇല്ലാതായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികള്‍ പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കേരളത്തില്‍ എത്തുന്നുണ്ട്. ഇവരുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് ഇത് വരെ പ്രാവര്‍ത്തികമായിട്ടില്ലല്ല.

കേസുകളുടെ എണ്ണം

2016- 639

2017- 744

2018- 805

2019- 978

2020- 484

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഇപ്പോഴുള്ള റിസര്‍വേഷന്‍ നിരക്ക് 30ല്‍ നിന്നും 10 രൂപയാക്കി കുറച്ചു. കൂടാതെ 72 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഉണ്ടാവില്ലെന്നുമാണ് പുതിയ തീരുമാനം. 72-48 മണിക്കൂറിനിടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48-24 മണിക്കൂറിനിടയിലാണെങ്കില്‍ 25 ശതമാനവും, 24 -12 മണിക്കൂറിനിടയിലാണെങ്കില്‍ 40 ശതമാനവും, 12- രണ്ട് മണിക്കൂറിനിടയിലാണെങ്കില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കിയാല്‍ മതിയാകും.

നാലിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും ലഭിക്കും. അന്തര്‍സംസ്ഥാന സര്‍വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിനായി യാത്രാരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ കാണിക്കണം. എന്നാല്‍, ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യം ലഭിക്കുക.

കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി/കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കാനുള്ള സൗകര്യമൊരുക്കും.

ന്യൂഡല്‍ഹി: രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ജനുവരി മൂന്ന് മുതല്‍ 18 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ രാജ്യത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേര്‍ പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളവരും 90 ശതമാനത്തോളം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുള്ളവരുമാണ്.

രണ്ട് ഡോസില്‍ അധികമായി നല്‍കുന്നതിനെയാണ് സാധാരണയായി ബൂസ്റ്റര്‍ ഡോസ് എന്ന് വിളിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ മൂന്നാം ഡോസ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി മുന്‍കരുതല്‍ ഡോസ് എന്നാണ് പരാമര്‍ശിച്ചത്.

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പ് ജെയിംസ് വെബ് വിക്ഷേപിച്ചു. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ്‌വെബ് ടെലിസ്‌കോപ്പിനെ വഹിച്ച് ബഹിരാകാശത്ത് എത്തിച്ചത്. 1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം,

മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റിയൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തുക എന്നീ ലക്ഷത്തോടെയാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിനെ വിക്ഷേപിച്ചത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ടെലസ്‌കോപ്പ് ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാകും ടെലിസ്‌കോപ് സ്ഥിതി ചെയ്യുക. 2 കണ്ണാടികൾ ടെലിസ്‌കോപ്പിലുണ്ട്. വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കുകയും ഇതിനെ അപഗ്രഥിച്ച് ടെലിസ്‌കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കുകയും ചെയ്യും.

’83’ സിനിമയുടെ പ്രൊമോഷനായി കേരളത്തിലെത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗും മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും തമ്മിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ക്രിക്കറ്റിനോടുള്ള തന്റെ വലിയ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ പൃഥ്വി തിരുത്തുകയായിരുന്നു. ‘എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍,’ ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു.

കബീര്‍ ഖാന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ ചിത്രം 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുള്ള കഥ പറയുന്നു. കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ’83’ യുടെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്.

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരും ദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മിസോറം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് നിലവിൽ 415 കേസുകളാണ്

17 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയിലുള്ളത്. കേരളത്തിൽ 37 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് പല സംസ്ഥാനങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അഭ്യർത്ഥിച്ചു. ഇതുവരെയുള്ള വകഭേദങ്ങളിൽ ഒമിക്രോൺ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം മുൻതരംഗങ്ങളിലെപ്പോലെ കിടക്കകൾക്കും ഓക്‌സിജനും ക്ഷാമമുണ്ടാകില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 18 ലക്ഷം ഐസൊലേഷൻ വാർഡുകൾ, അഞ്ചുലക്ഷം ഓക്‌സിജൻ കിടക്കകൾ, 1.5 ലക്ഷം ഐ.സി.യു., 25,000 പീഡിയാട്രിക് ഐ.സി.യു., 65,000 പീഡിയാട്രിക് കിടക്കകൾ തുടങ്ങിയ സംവിധാനങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ്റിങ്ങൽ: മകളുടെ നീതിക്കായുള്ള പോരാട്ടമാണ് നടത്തിയതെന്ന് പിങ്ക് പോലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ്. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. തന്റെ പോരാട്ടം നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത്. ഹൈക്കോടതി നൽകിയ നീതിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. അപ്പീൽ പോകാതെ തങ്ങൾക്ക് ആ പൈസ തരികയാണെങ്കിൽ, ഒരു ഭാഗം തന്റെ മകളുടെ പേരിൽ നിക്ഷേപിക്കും. ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനു വേണ്ടിയും ചെലവഴിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദമാക്കി.

ഒന്നര ലക്ഷം രൂപ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകണമെന്നും നിർദ്ദേശമുണ്ട്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.