ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു; ലക്ഷ്യം പ്രപഞ്ച ഘടനയെ കുറിച്ചുള്ള വിവരം ശേഖരിക്കൽ

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പ് ജെയിംസ് വെബ് വിക്ഷേപിച്ചു. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ്‌വെബ് ടെലിസ്‌കോപ്പിനെ വഹിച്ച് ബഹിരാകാശത്ത് എത്തിച്ചത്. 1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം,

മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റിയൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തുക എന്നീ ലക്ഷത്തോടെയാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിനെ വിക്ഷേപിച്ചത്.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ടെലസ്‌കോപ്പ് ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാകും ടെലിസ്‌കോപ് സ്ഥിതി ചെയ്യുക. 2 കണ്ണാടികൾ ടെലിസ്‌കോപ്പിലുണ്ട്. വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കുകയും ഇതിനെ അപഗ്രഥിച്ച് ടെലിസ്‌കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കുകയും ചെയ്യും.