പിങ്ക് പോലീസിന്റെ അതിക്രമം; നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ആറ്റിങ്ങൽ: മകളുടെ നീതിക്കായുള്ള പോരാട്ടമാണ് നടത്തിയതെന്ന് പിങ്ക് പോലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ്. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. തന്റെ പോരാട്ടം നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത്. ഹൈക്കോടതി നൽകിയ നീതിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. അപ്പീൽ പോകാതെ തങ്ങൾക്ക് ആ പൈസ തരികയാണെങ്കിൽ, ഒരു ഭാഗം തന്റെ മകളുടെ പേരിൽ നിക്ഷേപിക്കും. ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനു വേണ്ടിയും ചെലവഴിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദമാക്കി.

ഒന്നര ലക്ഷം രൂപ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകണമെന്നും നിർദ്ദേശമുണ്ട്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.