രണ്ടാം ഡോസെടുത്ത് 9 മുതല്‍ 12 മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ്‌ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ജനുവരി മൂന്ന് മുതല്‍ 18 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ രാജ്യത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേര്‍ പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളവരും 90 ശതമാനത്തോളം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുള്ളവരുമാണ്.

രണ്ട് ഡോസില്‍ അധികമായി നല്‍കുന്നതിനെയാണ് സാധാരണയായി ബൂസ്റ്റര്‍ ഡോസ് എന്ന് വിളിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ മൂന്നാം ഡോസ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി മുന്‍കരുതല്‍ ഡോസ് എന്നാണ് പരാമര്‍ശിച്ചത്.