Highlights (Page 151)

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് കേരളത്തില്‍ ബെവ്‌കോ വഴി വിറ്റ് പോയത് 82.26 കോടിയുടെ മദ്യം. 70.55 കോടിയുടെ മദ്യവില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ക്രിസ്മസ് തലേന്ന് ഏറ്റവുമധികം വില്‍പന നടന്ന തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നിട്ടുള്ളത്. ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. പാലാരിവട്ടത്തെ ഔട്ട്ലെറ്റില്‍ 81 ലക്ഷത്തിന്റെയും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവുമാണ് ബെവ്കോ വിറ്റത്.

65.88 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസിന് മുമ്പ് ബെവ്‌കോ വിറ്റത്. പവര്‍ഹൗസ് റോഡിലെ ഔട്ലെറ്റില്‍ 73 ലക്ഷത്തിന്റെ വില്‍പനയാണ് ക്രിസ്മസിന് നടന്നത്. ക്രിസ്മസ് ദിനം ബെവ്കോ വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലെറ്റുകള്‍ വഴി എട്ട് കോടിയുടെയും മദ്യമാണ് വിറ്റത്.

കോവളം: പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ നടപടി. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നൽകി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌നടപടി. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസിന്റെ നടപടിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് വിമർശനം ഉന്നയിച്ചിരുന്നു. പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡിൽ ദുരനുഭവം നേരിടേണ്ടി വന്നത്. പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു.

കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു.

കോവളത്ത് വിദേശ വിനോദ സഞ്ചാരിയെ പോലീസ് അവഹേളിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശിയോട് മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു.

സംഭവത്തില്‍ നടപടി എടുക്കുമെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന ഒരു തരത്തിലുള്ള നടപടികളും അഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു. നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. അതേസമയം, പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. ശേഷം നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

തിരുവനന്തപുരം: പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാൻഡും പുതുവർഷത്തെ വരവേറ്റു. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസമില്ല. അതേസമയം പുത്തൻ പ്രത്യാശകളോടെയാണ് കേരളം പുതുവർഷത്തെ വരവേറ്റത്.

ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് പുതുവർഷാഘോഷത്തിന് വലിയ തോതിൽ സംഘടിപ്പിച്ചിരുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ നേരത്തെ തന്നെ പിരിഞ്ഞു പോയി. ഹോട്ടലുകളും ബാറുകളുമെല്ലാം രാത്രി ഒമ്പത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാത്രി പത്ത് മണിക്ക് ശേഷം യാത്ര അനുവദിച്ചിരുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് തുണിത്തരങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തില്‍ തന്നെ തുടരുമെന്നും തല്‍ക്കാലം വര്‍ധന നടപ്പാക്കേണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് അഞ്ചില്‍നിന്ന് 12 ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, 1000 രൂപക്ക് മുകളിലുള്ള ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ഡിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും അതിനുമുകളിലുള്ളവക്ക് 12 ശതമാനവുമാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നിരക്ക് വര്‍ധന മാത്രമാണ് ചര്‍ച്ചചെയ്തത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്നത്.

കാലടി: ആദിശങ്കരന്റെ ജന്മസ്ഥലത്തിന് ദേശീയ സ്മാരക പദവി ലഭിക്കാൻ സാധ്യത. ദേശീയ സ്മാരകങ്ങൾക്കായുള്ള ഭരണഘടനാ സ്ഥാപനമായ ദേശീയ സ്മാരക അതോറിറ്റിയുടെ ചെയർമാൻ തരുൺ വിജയ് കാലടിയിൽ സന്ദർശനം നടത്തി. ആദിശങ്കര ക്ഷേത്രവളപ്പിൽ അദ്ദേഹം രുദ്രാക്ഷ തൈയും നട്ടു.

പൈതൃകം സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി അതീവ ശ്രദ്ധാലുവാണെന്നും തരുൺ വിജയ് അറിയിച്ചു. കൊളോണിയൽ ചരിത്രകാരന്മാർ നമ്മുടെ പൈതൃകത്തോട് വരുത്തിയ ചരിത്രപരമായ തെറ്റുകൾ ഇല്ലാതാക്കുന്നതിലും പ്രധാനമന്ത്രി ശ്രദ്ധാലുവാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ആദിശങ്കരന്റെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് താൻ കാലടിയിലെത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

മുൻവിധികളുള്ള ചരിത്രകാരന്മാരും കൊളോണിയൽ ചിന്താഗതിയും കാരണം, ശിവജി ഇല്ലാതാക്കിയ അഫ്‌സൽ ഖാന്റെ 62 ഭാര്യമാരുടെ ശ്മശാനം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ നമ്മുടെ നാഗരിക പുനരുജ്ജീവനത്തിന്റെ മഹത്തായ സ്ഥലമായ കാലടിയിലെ ശങ്കര ജന്മസ്ഥലം അവഗണിക്കപ്പെട്ടതുപോലെ കിടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂർണ (പെരിയാർ) നദി, മുതലക്കവാടം, ആദിശങ്കരന്റെ അമ്മ ആര്യാംബയുടെ അവസാന അനുഷ്ഠാന സ്മാരക സ്തംഭം എന്നിവ ഉൾപ്പെടുന്ന മുഴുവൻ ജന്മസ്ഥലവും ചേർത്ത് മഹാനായ ദർശിക്ക് വേണ്ടിയുള്ള ഒരു പവിത്രമായ ദേശീയ സ്മാരകമായി രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്ഷ്യന്‍ ഫറവോന്‍ അമെന്‍ഹോടെപിന്റെ മമ്മിഫൈ ചെയ്ത ശരീരം ഹൈടെക് സ്‌കാനറുകള്‍ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്തിരിക്കുകയാണ് ഗവേഷകര്‍. പുതിയ കമ്പ്യൂട്ടര്‍ ടോപ്പോഗ്രാഫി (സിടി) സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്യുകയും പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തത്. പൂമാലകള്‍ ഉള്‍പ്പെടുന്ന പാളികള്‍ക്ക് താഴെ, ഈജിപ്‌തോളജിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങള്‍ പലതും കണ്ടെത്തി.

‘ആധുനിക കാലത്ത് അമെന്‍ഹോടെപ്പ് കന്റെ മമ്മിയെ ഒരിക്കലും തുറന്നിട്ടില്ലെന്ന വസ്തുത ഞങ്ങള്‍ക്ക് ഒരു അതുല്യമായ അവസരം നല്‍കി. യഥാര്‍ത്ഥത്തില്‍ അതിനെ എങ്ങനെ മമ്മിയാക്കി അടക്കം ചെയ്തുവെന്ന് പഠിക്കാന്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് ശേഷം പുരോഹിതന്മാര്‍ എങ്ങനെ അതിന്റെ പരിക്കുമാറ്റുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്നെല്ലാം പരിശോധിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി അതിന്റെ വിവിധ ലെയറുകളായ മുഖംമൂടി, ബാന്‍ഡേജുകള്‍, മമ്മി എന്നിവയെ തന്നെ അഴിക്കുന്നത് വഴി, നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ ഫറവോനെ നമുക്ക് വിശദമായി പഠിക്കാനാവുമെന്ന് കെയ്റോ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിന്റെ റേഡിയോളജിസ്റ്റും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ സഹര്‍ സലീം പറഞ്ഞു.

”അമെന്‍ഹോട്ടെപ്പ് ക മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍, 30 തകിടുകളും സ്വര്‍ണ്ണ മുത്തുകളുള്ള അതുല്യമായ സ്വര്‍ണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: അടുത്ത വർഷം രാജ്യത്ത് 5ജി കണക്ടിവിറ്റി ലഭ്യമായി തുടങ്ങും. 224 കോടി രൂപ ചെലവ് വരുന്ന 5 ജി പ്രോജക്റ്റ് 2021 ഡിസംബർ 31-നകം പൂർത്തിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 5ജി ഉപകരണങ്ങളുടെയും (UEs), നെറ്റ്‌വർക്ക് ഉപകരണങ്ങളുടെയും, എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിന് ഇത് വഴിയൊരുക്കുമെന്നും 5 ജി ഉത്പ്പന്നങ്ങൾ, സേവനങ്ങൾ, ഉപയോഗ കേസുകൾ വികസിപ്പിക്കുന്ന ഓഹരി ഉടമകൾ, തദ്ദേശീയ സ്റ്റാർട്ടപ്പുകൾ, SME-കൾ, അക്കാദമിക്, വ്യവസായം എന്നിവയ്ക്ക് ജീവൻ നൽകുമെന്നുമാണ് ടെലികോം വകുപ്പ് അറിയിക്കുന്നത്.

ഇന്ത്യയിലെ 13 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി സേവനങ്ങൾ ലഭിക്കുന്നത്. മറ്റുള്ള നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി 5 ജി സേവനങ്ങൾ ലഭിക്കും. അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ചെന്നൈ, ലഖ്നൗ, പൂനെ, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി സേവനം ലഭിക്കുന്നത്.

രാജ്യത്ത് ആദ്യമായി 5ജി സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് ഏത് ടെലികോം ഓപ്പറേറ്ററായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജിയോ, എയർടെൽ, വിഐ (വൊഡാഫോൺ-ഐഡിയ) തുടങ്ങിയ കമ്പനികൾ 5ജി സേവനം ആരംഭിക്കുന്ന 13 നഗരങ്ങളിൽ ഇതിനോടകം തന്നെ തങ്ങളുടെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി. ഫ്യൂഡലിസ്റ്റ് മാടമ്പിയെ പോലെയാണ് മുരളീധരന്‍ പെരുമാറുന്നതെന്നും, അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുരളീധരനെന്നും മന്ത്രി പറഞ്ഞു. ചൂടുളളപ്പോള്‍ കൊവിഡ് ഉണ്ടാകില്ലെന്ന് പറഞ്ഞയാളാണ് അദ്ദേഹം. പ്രസ്താവനയിറക്കും മുന്‍പ് കാവിക്കറയേറ്റോ എന്നറിയാന്‍ മുരളീധരന്‍ കണ്ണാടിയില്‍ നോക്കണമെന്നും ശിവന്‍കുട്ടി പരിഹസിച്ചു. തികച്ചും അബന്ധജടിലവും അശാസ്ത്രീയവുമായ നിലപാടുളള ആളാണ് കെ.മുരളീധരന്‍. ലോകമാകെ കൊവിഡ് പടരാന്‍ കാരണം പിണറായി സര്‍ക്കാരാണെന്നാണ് മുരളീധരന്‍ പറഞ്ഞുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയോടുളള വൈരാഗ്യം മുരളീധരന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനങ്ങളോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മുന്‍ കെപിസിസി പ്രസിഡന്റായ കെ.മുരളീധരനുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് പച്ചതൊടാനാകാത്തതിന്റെ കൊതിക്കെറുവ് മേയര്‍ ആര്യ രാജേന്ദ്രനു മേല്‍ തീര്‍ക്കാനാണ് മുരളീധരന്റെ ശ്രമം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാകാതെ കെ.മുരളീധരനടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം പകച്ചുനില്‍ക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന് ആക്കം കൂട്ടാനേ ഇത്തരം പ്രസ്താവന ഉപകരിക്കൂവെന്നും ശിവന്‍കുട്ടി പറഞ്ഞു.

കിളിമാനൂർ: നെൽപ്പാടങ്ങൾക്ക് മിശ്രിതങ്ങൾ തളിക്കാൻ ഇനി ഡ്രോണുകൾ. നെൽച്ചെടികൾക്ക് സ്‌പ്രേ രൂപത്തിൽ ഡ്രോൺ വഴി സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്ന പദ്ധതി പ്രദർശിപ്പിച്ചു. നഗരൂർ വെള്ളല്ലൂർ പാടശേഖരത്തിലാണ് പദ്ധതി പ്രദർശിപ്പിച്ചത്. കൃഷിഭവൻ, ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രം, പുളിമാത്ത് ബ്ലോക്ക് തല കാർഷിക വിജ്ഞാനകേന്ദ്രം ,ഫ്യൂസിലേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം.

സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, ക്ലോറിൻ, കോപ്പർ, അയൺ, മാംഗനീസ്, മോളി ബിഡിനം, സിങ്ക് തുടങ്ങിയവയാണ് സ്‌പ്രേ രൂപത്തിൽ തളിച്ചത്. പ്രത്യേകം തയാറാക്കിയ സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ മിശ്രിതം ഡ്രോണിലെ പത്ത് ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിറച്ചതിന് ശേഷം പത്ത് മുതൽ ഇരുപത് മീറ്റർ വരെ ഉയരത്തിൽ ഡ്രോൺ പറന്ന് നാലു ട്യൂബുകൾ കൂടി നെൽച്ചെടികളിൽ സ്‌പ്രേ ചെയ്യും. രാസ, ജൈവ കീടനാശിനികളും ഇത്തരത്തിൽ ഡ്രോൺ വഴി തളിക്കാം. ഒരേക്കർ പാടത്ത് പത്ത് മിനിട്ട് മാത്രമാണ് ആവശ്യമായി വരിക.

ഏക്കറിന് 830 രൂപയാണ് സർവീസ് ചാർജ് ഇനത്തിൽ വാങ്ങുക. കേരളകാർഷിക സർവകലാശാലയിൽ നിന്ന് സൂക്ഷ്മ മൂലകങ്ങളടങ്ങിയ മിശ്രിതം കിലോഗ്രാമിന് 220 രൂപ നിരക്കിൽ ലഭിക്കും. ഒരേക്കറിൽ തളിക്കാൻ അരക്കിലോ മിശ്രിതം മാത്രം മതിയാകും. ഡ്രോൺ വഴി നെൽച്ചെടികളുടെ ചിത്രം പകർത്താനും അതുവഴി ചെടിയുടെ ഘടന മനസ്സിലാക്കി ഏത് മൂലകമാണ് കൂടുതൽ നൽകേണ്ടത് എന്ന് കണ്ടെത്താനുംകഴിയുമെന്നതാണ് മറ്റൊരു സവിശേഷത.