Highlights (Page 150)

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തേക്കുള്ള പാത വീണ്ടും തുറക്കുന്നു. 44 ദിവസത്തേക്കാണ് ട്രക്കിംഗിന് അവസരം ഒരുക്കിയിരിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിംഗിന് അനുമതി നൽകിയത്. പരമാവധി 100 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുന്നത്.

ഓൺലൈനായി ബുക്കിംഗ് നടത്തിവേണം യാത്രയ്ക്കുള്ള അനുമതി നേടേണ്ടതെന്ന് അധികൃതർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിലക്കം ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ അഗസത്യാർകൂടത്തിൽ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking എന്ന ഓൺലൈനായി ബുക്ക് ചെയ്ത് ടിക്കറ്റെടുക്കാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അക്ഷയ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ പത്ത് പേർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് അധികമായി 70 രൂപയും അഞ്ച് പേർ വരെ ഉൾപ്പെടുന്ന സംഘത്തിന് 50 രൂപയും അധികമായി നൽകേണ്ടി വരും.

നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമാകും ട്രക്കിംഗിന് അനുമതി ലഭിക്കുക. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ട്രക്കിംഗിന് അനുമതി ഉണ്ടാകില്ല. സ്ത്രീകൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവർക്ക് പ്രത്യേക പരിഗണനകളൊന്നും ഉണ്ടാകില്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയിൽ കാർഡുമായി എത്തിയാൽ മാത്രമേ ട്രക്കിംഗിന് അനുമതി ലഭിക്കു. പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം ഒരു ഗൈഡിനെ അനുവദിക്കും. രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് നിർബന്ധമാണ്.

അതേസമയം ട്രക്കിംഗിനെത്തുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈൽഡ്‌ലൈഫ് വാർഡൻറെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 0471-2360762.

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും മുഖ്യമന്ത്രിയുടെ പിന്തുണ തേടി ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ട കേസിൽ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഇരയുടെ പോരാട്ടത്തിന് സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന അഭ്യർത്ഥനയാണ് ഡബ്ല്യുസിസി മുന്നോട്ട് വെച്ചിരിക്കുന്നത്.

ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി കഴിഞ്ഞ ദിവസം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ പിന്തുണ ആവശ്യപ്പെട്ടത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഊര്‍ജ്ജ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട 2,400 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനൊരുങ്ങി കേരള വൈദ്യുതി ബോര്‍ഡ്. സംരംഭകരെ കണ്ടെത്താല്‍ ജനുവരി 5ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന നിക്ഷേപ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബില്‍ഡ് ഓണ്‍ ആന്‍ഡ് ഓപ്പറേറ്റ് രീതിയിലാണ് സ്വകാര്യവല്‍ക്കരണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ്.

പത്ത് അണക്കെട്ടുകളില്‍ ഫ്‌ലോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വിന്‍ഡ് മില്ലുകള്‍, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ കളമശേരിയില്‍ കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്ലാന്റ് എന്നീ പദ്ധതികളാണ് സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ കേന്ദ്രീകൃത കണ്‍ട്രോള്‍ സിസ്റ്റം കളമശേരിയിലാണ്. അവിടെ ഭീമന്‍ സ്റ്റോറേജ് പ്ലാന്റില്‍ വൈദ്യുതി സംഭരിച്ച്, ഗുണനിലവാരം മെച്ചപ്പെടുത്തി വിതരണ ശൃംഖലയിലേക്ക് നല്‍കുന്ന ആയിരം കോടിയുടെ പദ്ധതിയാണ് വരുന്നത്.

എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയെ സംസ്ഥാനം നേരത്തെ എതിര്‍ത്തിരുന്നു. വൈദ്യുതി വിതരണത്തിന് സ്വകാര്യസംരംഭകരെ അനുവദിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചപ്പോഴും വൈദ്യുതി ബോര്‍ഡും യൂണിയനുകളും സര്‍ക്കാരും എതിര്‍ത്തതാണ്. മികച്ച പൊതുമേഖലാ സ്ഥാപനമായിരുന്ന കെ.എസ്.ഇ.ബി പതിനഞ്ച് വര്‍ഷമായി നഷ്ടത്തിലവുകയും വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയും വായ്പാബാദ്ധ്യത കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. അതേസമയം, അണക്കെട്ടുകള്‍ 25 വര്‍ഷത്തേക്ക് സ്വകാര്യസംരംഭകര്‍ക്ക് വിട്ടുകൊടുക്കണം. ഇത് സംസ്ഥാനത്തിന് ഭീഷണിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സ്വകാര്യവല്‍ക്കരണം

ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ 700കോടി

ബാറ്ററി എനര്‍ജി സ്റ്റോറേജ് 1000 കോടി

വിന്‍ഡ് എനര്‍ജി 700കോടി

ആകെ 2,?400കോടി

കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക നില

വായ്പ 16,445 കോടി

ബാധ്യത 47,559 കോടി

നഷ്ടം 13,800കോടി

ആസ്തി 36,289 കോടി

സിനിമാ മേഖല ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട ഒരു വര്‍ഷമായിരുന്നു 2021. ജയസൂര്യ നായകനായ വെള്ളം ആയിരുന്നു 2021ലെ ആദ്യ മലയാളം റിലീസ്. എന്നാല്‍, മെയ് മാസത്തോടെ തിയേറ്ററുകള്‍ വീണ്ടും അടക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിലാണ് തിയേറ്ററുകളില്‍ വീണ്ടും പ്രവേശനമാരംഭിക്കുന്നത്. 2021ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

കുറുപ്പ്

യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരെയും തിയേറ്ററിലെത്തിക്കാന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പിന് കഴിഞ്ഞു ആദ്യദിവസം തന്നെ ചിത്രം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. സിനിമയുടെ ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

കേരള സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഡിസംബര്‍ 2ന് മരക്കാറിനെ തിയേറ്ററില്‍ എത്തിച്ചത്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് മരക്കാര്‍. എന്നാല്‍, ചിത്രത്തിന് 23 കോടി രൂപ മാത്രമാണ് നേടാനായത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

ദി പ്രീസ്റ്റ്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച സിനിമയാണ് പ്രീസ്റ്റ്. പ്രീസ്റ്റിന്റെ നിര്‍മ്മാണ ചെലവ് 11 കോടിയാണ്. ആദ്യദിനം മുതല്‍ നല്ല പ്രതികരണം നേടിയ സിനിമ 17 കോടിയോളം നേടി.

മാസ്റ്റര്‍

കേരളത്തില്‍ നിന്ന് കളക്ഷന്‍ വാരിക്കൂട്ടിയ തമിഴ് ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്‍. 135 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിനായി.

വണ്‍

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ ചിത്രമായിരുന്നു വണ്‍. 10 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ 28 കോടി നേടാനായി എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നിന്നും മാത്രം 7.20 കോടിയാണ് സിനിമ കളക്ട് ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെയാണ് സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പരിശീലനം നൽകുന്ന കിലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസനം, സഹകരണം, പൈതൃകം, സംസ്‌കാരം എന്നിവ ഇത്തരത്തിൽ പരിപോഷിപ്പിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്തെ സമാധാന നഗരമായിട്ടാണ് ( സിറ്റ് ഒഫ് പീസ്) ബ്രാൻഡ് ചെയ്യുന്നത്.

തലസ്ഥാന നഗരി, മതസൗഹാർദ്ദം, ഉയർന്ന ജനസംഖ്യ, അനുദിനം വികസനം എന്നിവ കണക്കിലെടുത്താണ് തീരുമാനം. ജില്ലയിലെ ക്രമസമാധാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വാണിജ്യം, കല, വിനോദം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാകും ജില്ലയെ ബ്രാൻഡ് ചെയ്യുക. ജൈവ വൈവിദ്ധ്യ നഗരമായിട്ടാണ് കൊല്ലം ജില്ലയെ ബ്രാൻഡ് ചെയ്യുന്നത്. അഷ്ടമുടി, ശാസ്താംകോട്ട കായലുകൾ, കല്ലടയാറ്, കണ്ടൽകാടുകൾ ഇവയുടെ സംരക്ഷണവും സർക്യൂട്ടിലുണ്ട്. കൊച്ചി രൂപകൽപ്പനയുടെ നാടാണ്. മെട്രോ നഗരം, വ്യാപാര, വ്യവസായ കേന്ദ്രം, ഭൂമിക്ക് പൊന്നുവില, ഫ്‌ളാറ്റ് സമുച്ചയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ പേര് നൽകിയിരിക്കുന്നത്.

പഠന നഗരമായിട്ടാണ് തൃശൂരിനെ കണക്കാക്കിയിരിക്കുന്നത്. സാഹിത്യനഗരമായാണ് കോഴിക്കോടിനെ ബ്രാൻഡ് ചെയ്തിരിക്കുന്നത്. വായനശാലകൾ ഏറ്റവും കൂടുതലുള്ള നഗരം. മലബാർ ടൂറിസം സർക്യൂട്ട്, ലിറ്റററി ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം കോഴിക്കോട് ജില്ലയിലുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അട്ടിമറിക്കപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി വ്യക്തമാക്കി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഒരേ കാരണത്താല്‍ രാജിവെച്ചതും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തലുകളാണു പുറത്തുവന്നതെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിനെതിരെ ദിലീപും ഡിജിപി അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. തന്നെ ബ്ലാക്മെയില്‍ ചെയ്യാനാണ് ഉദ്ദേശമെന്ന്് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്റെ ആരോപണം ഗൗരവതരമാണെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്.

അതേസമയം, മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതും. നാലു വര്‍ഷമായിട്ടും പരാതി നല്‍കാതിരുന്നതു പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും വരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്ന അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല. പുതുവർഷാഘോഷങ്ങളുടെ നിയന്ത്രണത്തിനും ഒമിക്രോൺ വ്യാപന സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച പുലർച്ചെ അവസാനിക്കും.

ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുളള സമയങ്ങളിലായിരുന്നു നിയന്ത്രണം. രാത്രി 10 മണിയ്ക്ക് ശേഷം കടകൾ പ്രവർത്തിക്കുന്നതിനും കൂട്ടംചേർന്ന് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇനി നിയന്ത്രണങ്ങൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടിക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് പിടികൂടിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സൈബർ തീവ്രവാദമാണെന്നു പൊലീസ്. കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇന്റർനെറ്റ് സൗകര്യങ്ങൾ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതു തടയുന്ന, ഐടി ആക്ടിലെ 66 എഫ് വകുപ്പ് കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു. കേസിൽ 66 എഫ് വകുപ്പ് ചുമത്തുന്നതിനുള്ള പ്രാഥമിക തെളിവുകൾ ഉണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലെ നാലാം പ്രതി അബ്ദുൽ ഗഫൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസിന്റെ കണ്ടെത്തൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

സമാന്തര എക്‌സ്‌ചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടിൽ 168 പാക്കിസ്ഥാൻ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. പാകിസ്താൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്‌ലൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വിൽപന നടത്തിയിരുന്നെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു നൽകുന്നു. ബുധനാഴ്ച മുതലാണ് പൊൻമുടി വിനോദസഞ്ചാര കേന്ദ്രം തുറന്നു നൽകുന്നത്. നിയന്ത്രണ വിധേയമായിട്ടായിരിക്കും വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നും കനത്ത മഴയിൽ റോഡ് തകർന്നത് മൂലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയാണ് പൊൻമുടി തുറക്കാൻ തീരുമാനിച്ചത്. അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുക്കാനും ധാരണയായിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി നായകനായ ടീമില്‍ നിന്നും എങ്ങനെ പുറത്തായി എന്നതില്‍ മറുപടിയൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് പറയുകയാണ് ഭാജി ഇപ്പോള്‍. ‘ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണങ്ങള്‍ അറിയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഉത്തരം ലഭിക്കാതെ വന്നപ്പോള്‍ ചോദിക്കുന്നതില്‍ യുക്തിയില്ലാ എന്ന് തിരിച്ചറിഞ്ഞു. നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അതാണ് സംഭവിച്ചത്.’ അദ്ദേഹം പറഞ്ഞു.

‘ഒരു പരിധി വരെ ബിസിസിഐ ഒഫീഷ്യല്‍സ് ഇതിന്റെ ഭാഗമായിരുന്നു. അവര്‍ എന്നെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലാ. ക്യാപ്റ്റന് എന്നെ പിന്തുണക്കാമായിരുന്നു. ക്യാപ്റ്റന് ഒരിക്കലും ബിസിസിഐയുടെ മുകളിലാവാന്‍ കഴിയില്ലാ. ഇവിടെ ടീമിനേക്കാളും കോച്ചിനേക്കാളും ക്യാപ്റ്റനേക്കാളും മുകളിലായിരുന്നു ബിസിസിഐ ഒഫീഷ്യല്‍സ്’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

നൂറിലധികം വിക്കറ്റ് നേടാനാവുമായിരുന്നെന്ന് ഭാജിക്ക് പ്രതീക്ഷയുണ്ടായിരുന്നു. താന്‍ ടീമിലുണ്ടാകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.