Highlights (Page 149)

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാം ഘട്ടം മാര്‍ച്ച് പത്തിനും നടക്കും.

ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ ആകണം. വിപുലമായ കൊവിഡ് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 215368 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. കൊവിഡ് ബാധിതര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് സൗകര്യമുണ്ടാകും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

ന്യൂഡൽഹി: വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ് ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. ജനുവരി 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. 78 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് യുപിഎസ്‌സി വ്യക്തമാക്കി.

അസിസ്റ്റന്റ് എഡിറ്റർ (ഒറിയ)- 1 ഒഴിവ്, അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്)- 16 ഒഴിവുകൾ, എക്കണോമിക് ഓഫീസർ- 4 ഒഴിവുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ- 1 ഒഴിവ്, മെക്കാനിക്കൽ മറൈൻ എഞ്ചിനീയർ- 1 ഒഴിവ്, ലെക്ച്ചറർ- 4 ഒഴിവുകൾ, സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്‌സ്)- 2 ഒഴിവുകൾ, കെമിസ്റ്റ്- 5 ഒഴിവുകൾ, ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ്- 36 ഒഴിവുകൾ, റിസേർച്ച് ഓഫീസർ- 1 ഒഴിവ്, അസിസ്റ്റന്റ് പ്രൊഫസർ- 7 ഒഴിവുകൾ തുടങ്ങിയ വിജ്ഞാപനങ്ങളേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 25 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐ ബ്രാഞ്ചിലൂടെ നേരിട്ടോ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ അല്ലെങ്കിൽ വിസ/ മാസ്റ്റർ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചോ ഫീസടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസുണ്ടാവില്ല.

തിരുവനന്തപുരം: സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയിൽ പങ്കാളികൾ ആക്കേണ്ടതുണ്ടെന്നും അവ്യക്തമാക്കി. ആ ലക്ഷ്യം മുൻനിർത്തി ഇന്ന് ഹൈദരാബാദിൽ വച്ച് ‘കേരള ഇൻവെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പരിപാടി സംഘടിപ്പിച്ചു.

തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയുടെ ഭാഗമാവുകയും, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം മെച്ചപ്പെടുത്താനുള്ള മികച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ക്രിയാത്മക നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വിശദമാക്കി.

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും. സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. അതുറപ്പു വരുത്താൻ ഇത്തരം ഉദ്യമങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഹൈദാബാദിലെ വ്യവസായികളെ കേരളത്തിലേക്ക് മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കേരളത്തിൽ വ്യവസായമാരംഭിക്കുന്ന നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ സംസ്ഥാനം നൽകും. രാജ്യത്ത് ഏറ്റവും വിദ്യാസമ്പന്നരായ ജീവനക്കാരെയും കേരളത്തിൽ ലഭിക്കും. കേരളത്തെ ഉത്തരവാദിത്തമുള്ള നിക്ഷേപ സൗഹൃദ വ്യാവസായിക സംസ്ഥാനമാക്കുമെന്ന് ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതിയുണ്ടെന്ന് റെയില്‍വേ ഹൈക്കോടതിയില്‍. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ലെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ലെന്നും റെയില്‍വെ അറിയിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം പദ്ധതിക്ക് ഉണ്ടെന്നും ഇതനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, പദ്ധതിക്ക് സര്‍ക്കാരിന്റെയോ റെയില്‍വേയുടെയോ കൃത്യമായ അനുമതി ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. 955 ഏക്കര്‍ സ്ഥലം നിയമവിരുദ്ധമായി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ ദുരിതത്തിലാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിശദാന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യമുള്ളിടങ്ങളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് സംഭവത്തില്‍ അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

നെറ്റ്ഫ്‌ളിക്‌സില്‍ ക്രിസ്മസ് റിലീസായെത്തിയ ചിത്രം ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ആഴ്ച 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രം. എന്നാല്‍, ഇപ്പോള്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളടക്കം 30 രാജ്യങ്ങളിലായി മാറി.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്. രണ്ടാം വാരവും നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ നിന്ന് ‘മിന്നല്‍ മുരളി’ പുറകോട്ട് പോയിട്ടില്ല.

vaccine

ന്യൂഡൽഹി: കോവാക്സിൻ കുത്തിവെയ്‌പ്പെടുത്ത ശേഷം കൗമാരക്കാരായ കുട്ടികൾക്ക് വേദന സംഹാരികൾ നൽകരുതെന്ന് നിർദ്ദേശിച്ച് ഭാരത് ബയോടെക്. ചില വാക്സിൻ കേന്ദ്രങ്ങളിൽ വേദനസംഹാരികളോ പാരസറ്റമോളോ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭാരത് ബയോടെകിന്റെ പ്രതികരണം.

ചില കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നൽകുന്നതിനോടൊപ്പം പാരസറ്റമോൾ ശുപാർശ ചെയ്തെങ്കിലും കോവാക്സിന്റെ കൂടെ അതാവശ്യമില്ല. 30,000 പേരിൽ, കമ്പനി നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ 10-20 ശതമാനം വരെ പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒന്നോ, രണ്ടോ ദിവസത്തിനകം മാറുന്നവയാണെന്നും ഫിസിഷ്യൻ ശുപാർശ ചെയ്താൽ മാത്രമേ മരുന്ന് ആവശ്യമുള്ളുവെന്നുമാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിഞ്ഞ മാസമാണ് അനുമതി നൽകിയത്. ഇതുവരെ 85 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് കോവാക്സിൻ സ്വീകരിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: യാദൃച്ഛികമായി റൂട്ട് മാറ്റിയതാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ഛന്നിയുടെ പ്രതികരണത്തിൽ നിറയെ പൊരുത്തക്കേടുകൾ. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയെ കുറിച്ച് മുൻകൂട്ടി ഫുൾ റിഹേഴ്സൽ നടത്തിയിരുന്നു. യാത്ര റൂട്ട് സംബന്ധിച്ച് പ്രത്യേക സുരക്ഷാ സേനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് പഞ്ചാബ് പൊലീസ് ഫുൾ റിഹേഴ്സൽ നടത്തിയിരുന്നുവെന്നാണ് വിവരം.

പഞ്ചാബിൽ റോഡ് മാർഗമുള്ള യാത്രയ്ക്കിടെ കർഷകരെന്ന പേരിൽ പ്രതിഷേധക്കാർ വഴി തടഞ്ഞതിനെ തുടർന്നാണ് 20 മിനിറ്റോളം ഫ്ളൈ ഓവറിൽ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിലെ റാലി മോദി റദ്ദാക്കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് റോഡിൽ കിടക്കേണ്ടി വന്നത് കോൺഗ്രസ് സർക്കാർ മന:പൂർവം സൃഷ്ടിച്ച വീഴ്ചയാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിന് വേണ്ടിയാണ് ബട്ടിൻഡയിൽ എത്തിയത്. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് മോദി റോഡ് മാർഗം യാത്ര ആരംഭിച്ചത്. സ്മാരകത്തിന് 30 കിലോമീറ്റർ അകലെ വെച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു.

കാലാവസ്ഥ മോശമായതിനാലാണ് വിമാനത്തിന് പകരം റോഡ് മാർഗ്ഗം പോകാമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്. സുരക്ഷാ വീഴ്ച്ചയെ തുടർന്ന് പ്രധാനമന്ത്രി 20 മിനിറ്റോളം നേരമാണ് ഫ്ളൈ ഓവറിൽ കുടുങ്ങിയത്. തുടർന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും മടങ്ങുകയായിരുന്നു.

ചണ്ഡിഗഡ്: പഞ്ചാബ് സർക്കാരിന്റെ സുരക്ഷ വീഴ്ച്ചയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് അവിടെയുണ്ടായിരുന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് മോദി തന്റെ അതൃപ്തി അറിയിച്ചതെന്നാണ് വിവരം. പഞ്ചാബ് സർക്കാരിന്റെ സുരക്ഷാ വീഴ്ച്ചയെ തുടർന്ന് പ്രധാനമന്ത്രി ഫ്ളൈഓവറിൽ 20 മിനിറ്റോളം കുടുങ്ങുകയും തടുർന്ന് പഞ്ചാബിലെ റാലി റദ്ദാക്കി മടങ്ങുകയും ചെയ്തിരുന്നു. ബട്ടിൻഡ എയർപോർട്ടിൽ താൻ ജീവനോട് തിരികെ എത്തിയതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുക എന്നായിരുന്നു പ്രധാനമന്ത്രി രോഷത്തോടെ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

പഞ്ചാബിൽ റോഡ് മാർഗമുള്ള യാത്രയ്ക്കിടെ കർഷകരെന്ന പേരിൽ പ്രതിഷേധക്കാർ വഴി തടഞ്ഞതിനെ തുടർന്നാണ് 20 മിനിറ്റോളം ഫ്ളൈ ഓവറിൽ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിലെ റാലി മോദി റദ്ദാക്കിയിരുന്നു. സംഭവവുമായി ബന്ധുപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം വിമർശനം ഉന്നയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് റോഡിൽ കിടക്കേണ്ടി വന്നത് കോൺഗ്രസ് സർക്കാർ മന:പൂർവം സൃഷ്ടിച്ച വീഴ്ചയാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിന് വേണ്ടിയാണ് ബട്ടിൻഡയിൽ എത്തിയത്. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് മോദി റോഡ് മാർഗം യാത്ര ആരംഭിച്ചത്. സ്മാരകത്തിന് 30 കിലോമീറ്റർ അകലെ വെച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു.

covid

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികൾക്ക് രണ്ടാം ദിനം കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 16,625 ഡോസ് വാക്‌സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. 16,475 പേർക്ക് വാക്‌സിൻ നൽകി കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേർക്ക് വാക്‌സിൻ നൽകി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകാനായെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂർ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂർ 16,475, കാസർഗോഡ് 3139 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്.

കുട്ടികൾക്കായി 949 വാക്‌സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 696 വാക്‌സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1645 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളിൽ വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 98.6 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 80 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.