സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല; കൂടുതൽ തീരുമാനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല. പുതുവർഷാഘോഷങ്ങളുടെ നിയന്ത്രണത്തിനും ഒമിക്രോൺ വ്യാപന സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച പുലർച്ചെ അവസാനിക്കും.

ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുളള സമയങ്ങളിലായിരുന്നു നിയന്ത്രണം. രാത്രി 10 മണിയ്ക്ക് ശേഷം കടകൾ പ്രവർത്തിക്കുന്നതിനും കൂട്ടംചേർന്ന് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇനി നിയന്ത്രണങ്ങൾ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടിക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.