കോഴിക്കോട്: സംസ്ഥാനത്ത് പിടികൂടിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സൈബർ തീവ്രവാദമാണെന്നു പൊലീസ്. കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇന്റർനെറ്റ് സൗകര്യങ്ങൾ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതു തടയുന്ന, ഐടി ആക്ടിലെ 66 എഫ് വകുപ്പ് കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു. കേസിൽ 66 എഫ് വകുപ്പ് ചുമത്തുന്നതിനുള്ള പ്രാഥമിക തെളിവുകൾ ഉണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലെ നാലാം പ്രതി അബ്ദുൽ ഗഫൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസിന്റെ കണ്ടെത്തൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
സമാന്തര എക്‌സ്‌ചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടിൽ 168 പാക്കിസ്ഥാൻ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. പാകിസ്താൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്‌ലൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വിൽപന നടത്തിയിരുന്നെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

