Highlights (Page 147)

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ടൈംടേബിള്‍ പരിഷ്‌കരിക്കും. ഇത് ഉടന്‍ പുറത്തിറക്കും. എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യവും പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും.

കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാവാത്തത് കൊണ്ടാണ് സ്‌കൂള്‍ അടക്കാന്‍ തീരുമാനിച്ചത്. ഇത് സിബിഎസ്ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണ്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. രാത്രികാല കര്‍ഫ്യൂവും വരാന്ത്യ നിയയന്ത്രണങ്ങളും വേണ്ടെന്നാണ് നിലവിലെ തീരുമാനം- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം ചെയ്തു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സൂര്യനമസ്‌കാരം നടത്തിയത്.

ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം എന്ന പേരിലാണ് പരിപാടി ആയുഷ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചാണ് സൂര്യനമസ്‌കാരം നടത്തിയത്. വെർച്വലായാണ് പരിപാടി നടന്നത്. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും സഹമന്ത്രി ഡോ. മുഞ്ജാപര മഹേന്ദ്രഭായിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കൾ പരിപാടിയിൽ പങ്കുചേർന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതിയ്ക്ക് പിന്തുണ നൽകി.

കണ്ണൂർ: കണ്ണൂരിൽ കൂറ്റൻ കമ്മ്യൂണിസ്റ്റ് മ്യൂസിയം വരുന്നു. ഏപ്രിലിൽ സി.പി.എം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂർ നായനാർ അക്കാഡമിയിലാണ് 18,000 ചതുരശ്ര അടിയിൽ കൂറ്റൻ മ്യൂസിയം സജ്ജമാക്കുന്നത്. കേരള കമ്യൂണിസ്റ്റ് ചരിത്രത്തെ കുറിച്ച് മ്യൂസിയത്തിൽ രേഖപ്പെടുത്തും. ഇ.കെ. നായനാർക്ക് വേണ്ടിയാണ് സ്മാരകത്തിലെ പ്രധാന ഭാഗം സജ്ജമാക്കുക. രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയം ബോർഡ് അംഗം ചെന്നൈ സ്വദേശി വിനോദ് ഡാനിയേലാണ് മ്യൂസിയം രൂപകല്പന ചെയ്തത്. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റീവ് ഹെഡ്. മാർച്ചിൽ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുന്നാണ് വിലയിരുത്തൽ.

1939 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത പിണറായി പാറപ്രം രഹസ്യസമ്മേളനത്തിന്റെ പുനരാവിഷ്‌കാരം, കയ്യൂർ, കരിവെള്ളൂർ, മൊറാഴ സമരങ്ങളുടെ പതിപ്പുകൾ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ടാകും. പാറപ്രം സമ്മേളനവും കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശ്ശേരിയും മട്ടന്നൂരും തുടങ്ങിയവയും സ്മാരകത്തിലുണ്ട്. കലാസംവിധായകരായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയം സജ്ജീകരിക്കുന്നതിനായുണ്ട്. എറണാകുളത്തും ബംഗളൂരുവിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, അക്കാഡമി ഡയറക്ടർ പ്രൊഫ. ടി.വി. ബാലൻ എന്നിവർക്കാണ് മ്യൂസിയത്തിന്റെ മേൽനോട്ടം നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരിക്കും രൂപകല്പന ചെയ്യുന്നത്.

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ച വരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണമെന്നും നിർദ്ദേശമുണ്ട്.

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്‌സിൻ സ്‌കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം: ചൈനാ അനുകൂല പ്രസ്താവനയുമായി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളന വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചുവെന്ന് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെതിരെ പ്രതിരോധം തീർക്കുന്നത്. ചൈനയുടെ നേട്ടം മറച്ചുവയ്ക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചാരണം നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നത്. 116 രാജ്യങ്ങൾക്കാണ് ചൈന കോവിഡ് വാക്‌സിൻ നൽകിയത്. 50 രാജ്യങ്ങൾക്കാണ് ക്യൂബ വാക്‌സിൻ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേപ്പടിയാൻ സിനിമ കാണുന്നവർക്ക് സമ്മാന പദ്ധതിയുമായി ഉണ്ണി മുകുന്ദൻ. സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനമായി നൽകുമെന്നാണ് പ്രഖ്യാപനം. സിനിമാ തിയറ്ററിൽ പോയി കാണുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിൽ പങ്കെടുക്കാനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

തിയേറ്ററിലെ ‘മേപ്പടിയാൻ’ സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്‌ക്കെുക. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒരു ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. ഒരു തിയറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം നേടാൻ അവസരമുള്ളത്. 111 ഭാഗ്യശാലികൾക്ക് ഇത്തരത്തിൽ ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.

‘ചുരുളി’ സിനിമയിലെ ഭാഷാപ്രയോഗങ്ങളെ കുറിച്ച് സോഷ്യല്‍മീഡിയക്ക് അകത്തും പുറത്തും വന്‍ വിവാദമായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിനിമ കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പോലീസ് സംഘം. ഈ അവസരത്തില്‍ നടന്‍ ബാലചന്ദ്ര മേനോന്‍ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോള്‍ ഈ പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍

എഴുതാനുള്ളത് ‘ചുരുളി ‘ എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കില്‍ സംവിധാനത്തെ കുറിച്ചോ അല്ല. സായാഹ്ന ചര്‍ച്ചകളിലില്‍ നിന്നുള്ള ഒരു പ്രയോഗം കടമെടുത്താല്‍ ‘അരിയാഹാരം കഴിക്കുന്ന ‘ ഒരാളിന്റെ പരിദേവനമാണെന്നു മാത്രം കരുതിയാല്‍ മതി. ‘അമ്മയാണെ സത്യം ‘ എന്ന എന്റെ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ നാരായണന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്തു ചോദിക്കണം’

ഇനി കഥയിലേക്ക് കടക്കാം. ‘ചുരുളി’ എന്ന ചിത്രം OTT ല്‍ റിലീസായത് സ്‌ഫോടനാന്മകമായിട്ടാണ് . ഏവര്‍ക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല ..റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളുടെ സായാഹ്ന ചര്‍ച്ചകളില്‍ ‘ തലങ്ങിനേം വിലങ്ങിനേം ‘ സമഗ്രമായ ചര്‍ച്ചകള്‍ നടന്നതു കൊണ്ടു ഐ സി യൂ വിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്‌കാരിക ഇടനാഴികളില്‍ ഒരു പാട് ചോദ്യങ്ങള്‍ അപ്പോള്‍ പ്രതിധ്വനിച്ചു കേട്ടു. ‘എന്തായിത് ?’ ‘എന്താ ഈ കേള്‍ക്കുന്നത് ?’ ‘ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?’ ‘തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്‌കാരിക നായകന്മാരൊക്കെ എവിടെ പോയി ?’ (അതില്‍ ഈ എഴുതുന്നവനും ഉള്‍പ്പെടും എന്നുവെച്ചോള്ളൂ ) ‘സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കള്‍ ഇതൊന്നും അറിഞ്ഞില്ലേ?’ ഈ ചോദ്യങ്ങളും, ഫലത്തില്‍ ‘വിലക്കപ്പെട്ട കനി ‘ തിന്നാനുള്ള മനുഷ്യന്റെ വാസനയെ ഇരട്ടിപ്പിച്ചു . ചുരുക്കിപ്പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി. ഇപ്പോള്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ പ്രകോപിപ്പിച്ചത് … പ്രസ്തുത ചിത്രത്തില്‍ ‘മോശമായ’ എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താന്‍ പോലീസ് പുറപ്പെടുന്നുവത്രെ ! ഈ ചിത്രം സോണി ലൈവ് എന്നെ OTT യില്‍ പ്രദര്‍ശനം തുടങ്ങിയത് 2021 നവംബര്‍ 19 നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്ഇന്ന് 2022 ജനുവരി 12 ആകുമ്‌ബോള്‍ ഏതാണ്ട് രണ്ടു മാസത്തോളമായി. ചിത്രം കണ്ടവരും , ചാനലുകളില്‍ കണ്0ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോള്‍ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ? പണ്ടുള്ളവര്‍ പറഞ്ഞു കേട്ടത് ഓര്‍മ്മ വരുന്നു. ‘പശുവും ചത്തു ; മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം ? പോലീസിന്റെ സമയത്തിനും വിലയില്ലേ ? മലയാളം അത്ര വശമില്ലാത്തവര്‍ക്കായി ഇംഗ്‌ളീഷില്‍ ഒരു വരി എഴുതിയേക്കാം …അത് കൂടി വായിച്ചിട്ട് നിങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചാട്ടെ… ‘OPERATION SUCCESSFUL ; BUT PATIENT DIED …’ that’s ALL your honour !

കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ സിനിമയില്‍ ഉണ്ടോന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിര്‍ക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഡേറ്റ് കിട്ടിയാല്‍ ദിലീപിനെ വെച്ച് സിനിമ ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകന്‍ ഒമര്‍ ലുലു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നും, അല്ലെങ്കില്‍ കുറ്റവിമുക്തനാകുമെന്നും ഒമര്‍ ലുലു പറഞ്ഞു.

എപ്പോഴും എല്ലാവര്‍ക്കും ശരി മാത്രമല്ലല്ലോ തെറ്റും സംഭവിക്കാറില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്. അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം. എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’, ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജിയിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല കെ റെയിൽ പദ്ധതി നടത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.

കെ റെയിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയെ ഇരുട്ടത്തു നിർത്തരുത്. പദ്ധതിക്കു കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നു കെ റെയിൽ അഭിഭാഷകൻ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ല. രണ്ടു കക്ഷികൾക്കും ഈ കേസിൽ ഭിന്നതാൽപര്യമുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂ. വേഗത്തിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ നിയമ ലംഘനം ഉണ്ടാകരുത്. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ല. സർവേ നിയമപ്രകാരം പദ്ധതിക്കായി സർവേ നടത്തുന്നതിനു കോടതി എതിരല്ല. എന്നാൽ കല്ലിടലിന്റെ പേരിൽ വലിയ കോൺക്രീറ്റ് തൂണുകൾ പാടില്ല. നിയമപ്രകാരമുള്ള കല്ലുകൾ മാത്രമേ പാടുള്ളൂവെന്നും കോടതി നിർദ്ദേശിച്ചു. കെ റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഓമിക്രോണിനെ തടഞ്ഞ് നിര്‍ത്താനാവില്ലെന്ന് ഐസിഎംആര്‍ സയന്റിഫിക്ക് അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ ജയപ്രകാശ് മുള്ളിയില്‍. ‘ബൂസ്റ്റര്‍ ഡോസ് ഒരു മാറ്റവും ഉണ്ടാക്കില്ല. വൈറസ് ബാധ സംഭവിക്കും. ലോകമെമ്പാടും അങ്ങനെയാണ് സംഭവിച്ചത്’ അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമേ ടെസ്റ്റില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ വൈറസ് ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ആളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയപ്രകാശ് മുള്ളിയില്‍ വ്യക്തമാക്കി.

എന്നാല്‍, പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണ്. ആശുപത്രി വാസം വേണ്ടി വരുന്നില്ല. രോഗത്തെ കൈകാര്യം ചെയ്യാം എന്ന നിലയില്‍ എത്തിയിരിക്കുന്നു. നമ്മള്‍ വ്യത്യസ്തമായ വൈറസിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിന് ഡെല്‍റ്റയേക്കാള്‍ തീവ്രത കുറവാണ്. കൂടാതെ അതിനെ തടുത്തു നിര്‍ത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 85 ശതമാനം പേരെയും ആദ്യമേ വൈറസ് ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യഡോസ് ഒരു ബൂസ്റ്റര്‍ ഡോസായിരുന്നു. രോഗബാധയിലൂടെ ആര്‍ജ്ജിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല എന്നതാണ് ലോകമെമ്പാടും ഉള്ള തത്ത്വശാസ്ത്രം. എന്നാല്‍, അത് തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്, ഡോ.ജയപ്രകാശ് മുള്ളിയില്‍ അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്ര സ്ഥാപനങ്ങള്‍ ഒന്നും ബൂസ്റ്റര്‍ ഡോസുകള്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ബൂസ്റ്റര്‍ ഡോസുകള്‍ മഹാമാരിയുടെ സ്വാഭാവിക പുരോഗതിയെ തടഞ്ഞു നിര്‍ത്തില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.