തിരുവനന്തപുരം: ചൈനാ അനുകൂല പ്രസ്താവനയുമായി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളന വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചുവെന്ന് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.
ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെതിരെ പ്രതിരോധം തീർക്കുന്നത്. ചൈനയുടെ നേട്ടം മറച്ചുവയ്ക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചാരണം നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നത്. 116 രാജ്യങ്ങൾക്കാണ് ചൈന കോവിഡ് വാക്‌സിൻ നൽകിയത്. 50 രാജ്യങ്ങൾക്കാണ് ക്യൂബ വാക്‌സിൻ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

