ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഓമിക്രോണിനെ തടഞ്ഞ് നിര്‍ത്താനാവില്ലെന്ന് ഐസിഎംആര്‍ സയന്റിഫിക്ക് അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ ജയപ്രകാശ് മുള്ളിയില്‍. ‘ബൂസ്റ്റര്‍ ഡോസ് ഒരു മാറ്റവും ഉണ്ടാക്കില്ല. വൈറസ് ബാധ സംഭവിക്കും. ലോകമെമ്പാടും അങ്ങനെയാണ് സംഭവിച്ചത്’ അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമേ ടെസ്റ്റില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ വൈറസ് ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ആളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയപ്രകാശ് മുള്ളിയില്‍ വ്യക്തമാക്കി.
എന്നാല്‍, പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണ്. ആശുപത്രി വാസം വേണ്ടി വരുന്നില്ല. രോഗത്തെ കൈകാര്യം ചെയ്യാം എന്ന നിലയില്‍ എത്തിയിരിക്കുന്നു. നമ്മള് വ്യത്യസ്തമായ വൈറസിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിന് ഡെല്‍റ്റയേക്കാള്‍ തീവ്രത കുറവാണ്. കൂടാതെ അതിനെ തടുത്തു നിര്‍ത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ 85 ശതമാനം പേരെയും ആദ്യമേ വൈറസ് ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യഡോസ് ഒരു ബൂസ്റ്റര്‍ ഡോസായിരുന്നു. രോഗബാധയിലൂടെ ആര്‍ജ്ജിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല എന്നതാണ് ലോകമെമ്പാടും ഉള്ള തത്ത്വശാസ്ത്രം. എന്നാല്‍, അത് തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്, ഡോ.ജയപ്രകാശ് മുള്ളിയില്‍ അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്ര സ്ഥാപനങ്ങള്‍ ഒന്നും ബൂസ്റ്റര്‍ ഡോസുകള്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ബൂസ്റ്റര്‍ ഡോസുകള്‍ മഹാമാരിയുടെ സ്വാഭാവിക പുരോഗതിയെ തടഞ്ഞു നിര്‍ത്തില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

