‘ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്ത് ചോദിക്കണം; ചുരുളിയെ കുറിച്ച് ഇനി എന്ത് പഠനം’: ബാലചന്ദ്ര മേനോന്‍

‘ചുരുളി’ സിനിമയിലെ ഭാഷാപ്രയോഗങ്ങളെ കുറിച്ച് സോഷ്യല്‍മീഡിയക്ക് അകത്തും പുറത്തും വന്‍ വിവാദമായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിനിമ കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പോലീസ് സംഘം. ഈ അവസരത്തില്‍ നടന്‍ ബാലചന്ദ്ര മേനോന്‍ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോള്‍ ഈ പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍

എഴുതാനുള്ളത് ‘ചുരുളി ‘ എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കില്‍ സംവിധാനത്തെ കുറിച്ചോ അല്ല. സായാഹ്ന ചര്‍ച്ചകളിലില്‍ നിന്നുള്ള ഒരു പ്രയോഗം കടമെടുത്താല്‍ ‘അരിയാഹാരം കഴിക്കുന്ന ‘ ഒരാളിന്റെ പരിദേവനമാണെന്നു മാത്രം കരുതിയാല്‍ മതി. ‘അമ്മയാണെ സത്യം ‘ എന്ന എന്റെ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ നാരായണന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്തു ചോദിക്കണം’

ഇനി കഥയിലേക്ക് കടക്കാം. ‘ചുരുളി’ എന്ന ചിത്രം OTT ല്‍ റിലീസായത് സ്‌ഫോടനാന്മകമായിട്ടാണ് . ഏവര്‍ക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല ..റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളുടെ സായാഹ്ന ചര്‍ച്ചകളില്‍ ‘ തലങ്ങിനേം വിലങ്ങിനേം ‘ സമഗ്രമായ ചര്‍ച്ചകള്‍ നടന്നതു കൊണ്ടു ഐ സി യൂ വിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്‌കാരിക ഇടനാഴികളില്‍ ഒരു പാട് ചോദ്യങ്ങള്‍ അപ്പോള്‍ പ്രതിധ്വനിച്ചു കേട്ടു. ‘എന്തായിത് ?’ ‘എന്താ ഈ കേള്‍ക്കുന്നത് ?’ ‘ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?’ ‘തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്‌കാരിക നായകന്മാരൊക്കെ എവിടെ പോയി ?’ (അതില്‍ ഈ എഴുതുന്നവനും ഉള്‍പ്പെടും എന്നുവെച്ചോള്ളൂ ) ‘സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കള്‍ ഇതൊന്നും അറിഞ്ഞില്ലേ?’ ഈ ചോദ്യങ്ങളും, ഫലത്തില്‍ ‘വിലക്കപ്പെട്ട കനി ‘ തിന്നാനുള്ള മനുഷ്യന്റെ വാസനയെ ഇരട്ടിപ്പിച്ചു . ചുരുക്കിപ്പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി. ഇപ്പോള്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ പ്രകോപിപ്പിച്ചത് … പ്രസ്തുത ചിത്രത്തില്‍ ‘മോശമായ’ എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താന്‍ പോലീസ് പുറപ്പെടുന്നുവത്രെ ! ഈ ചിത്രം സോണി ലൈവ് എന്നെ OTT യില്‍ പ്രദര്‍ശനം തുടങ്ങിയത് 2021 നവംബര്‍ 19 നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്ഇന്ന് 2022 ജനുവരി 12 ആകുമ്‌ബോള്‍ ഏതാണ്ട് രണ്ടു മാസത്തോളമായി. ചിത്രം കണ്ടവരും , ചാനലുകളില്‍ കണ്0ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോള്‍ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ? പണ്ടുള്ളവര്‍ പറഞ്ഞു കേട്ടത് ഓര്‍മ്മ വരുന്നു. ‘പശുവും ചത്തു ; മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം ? പോലീസിന്റെ സമയത്തിനും വിലയില്ലേ ? മലയാളം അത്ര വശമില്ലാത്തവര്‍ക്കായി ഇംഗ്‌ളീഷില്‍ ഒരു വരി എഴുതിയേക്കാം …അത് കൂടി വായിച്ചിട്ട് നിങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചാട്ടെ… ‘OPERATION SUCCESSFUL ; BUT PATIENT DIED …’ that’s ALL your honour !

കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ സിനിമയില്‍ ഉണ്ടോന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിര്‍ക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.