തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ടൈംടേബിള്‍ പരിഷ്‌കരിക്കും. ഇത് ഉടന്‍ പുറത്തിറക്കും. എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യവും പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും.
കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാവാത്തത് കൊണ്ടാണ് സ്‌കൂള്‍ അടക്കാന്‍ തീരുമാനിച്ചത്. ഇത് സിബിഎസ്ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണ്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. രാത്രികാല കര്‍ഫ്യൂവും വരാന്ത്യ നിയയന്ത്രണങ്ങളും വേണ്ടെന്നാണ് നിലവിലെ തീരുമാനം- മന്ത്രി കൂട്ടിച്ചേര്‍ത്തു.

