ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം; 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം ചെയ്തു

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം ചെയ്തു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സൂര്യനമസ്‌കാരം നടത്തിയത്.

ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം എന്ന പേരിലാണ് പരിപാടി ആയുഷ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചാണ് സൂര്യനമസ്‌കാരം നടത്തിയത്. വെർച്വലായാണ് പരിപാടി നടന്നത്. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും സഹമന്ത്രി ഡോ. മുഞ്ജാപര മഹേന്ദ്രഭായിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ലോകമെമ്പാടുമുള്ള യോഗാ ഗുരുക്കൾ പരിപാടിയിൽ പങ്കുചേർന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതിയ്ക്ക് പിന്തുണ നൽകി.