കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് മ്യൂസിയം വരുന്നു; മാർച്ചിൽ നിർമ്മാണം പൂർത്തിയാകും

കണ്ണൂർ: കണ്ണൂരിൽ കൂറ്റൻ കമ്മ്യൂണിസ്റ്റ് മ്യൂസിയം വരുന്നു. ഏപ്രിലിൽ സി.പി.എം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂർ നായനാർ അക്കാഡമിയിലാണ് 18,000 ചതുരശ്ര അടിയിൽ കൂറ്റൻ മ്യൂസിയം സജ്ജമാക്കുന്നത്. കേരള കമ്യൂണിസ്റ്റ് ചരിത്രത്തെ കുറിച്ച് മ്യൂസിയത്തിൽ രേഖപ്പെടുത്തും. ഇ.കെ. നായനാർക്ക് വേണ്ടിയാണ് സ്മാരകത്തിലെ പ്രധാന ഭാഗം സജ്ജമാക്കുക. രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയം ബോർഡ് അംഗം ചെന്നൈ സ്വദേശി വിനോദ് ഡാനിയേലാണ് മ്യൂസിയം രൂപകല്പന ചെയ്തത്. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റീവ് ഹെഡ്. മാർച്ചിൽ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുന്നാണ് വിലയിരുത്തൽ.

1939 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത പിണറായി പാറപ്രം രഹസ്യസമ്മേളനത്തിന്റെ പുനരാവിഷ്‌കാരം, കയ്യൂർ, കരിവെള്ളൂർ, മൊറാഴ സമരങ്ങളുടെ പതിപ്പുകൾ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ടാകും. പാറപ്രം സമ്മേളനവും കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശ്ശേരിയും മട്ടന്നൂരും തുടങ്ങിയവയും സ്മാരകത്തിലുണ്ട്. കലാസംവിധായകരായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയം സജ്ജീകരിക്കുന്നതിനായുണ്ട്. എറണാകുളത്തും ബംഗളൂരുവിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, അക്കാഡമി ഡയറക്ടർ പ്രൊഫ. ടി.വി. ബാലൻ എന്നിവർക്കാണ് മ്യൂസിയത്തിന്റെ മേൽനോട്ടം നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരിക്കും രൂപകല്പന ചെയ്യുന്നത്.