Highlights (Page 141)

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഇതോടെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്പെഷ്യൽ കോടതികളാവും. 14 ജില്ലകളിൽ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതികളിൽ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികൾ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകൾ അനുവദിക്കും.

ജില്ലാ ജഡ്ജ്, സീനിയർ ക്ലാർക്ക്, ബഞ്ച് ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തികകൾ സൃഷ്ടിക്കും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് തസ്തികകളും കരാർ അടിസ്ഥാനത്തിലും സൃഷ്ടിക്കും.

ഫിഷറീസ് വകുപ്പിൽ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂർ), കാസർഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും അനുമതി നൽകി.

കണ്ണൂർ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കെ. അജിത്ത്കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു. പാലക്കാട് മെഡിക്കൽകോളേജിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് പാലക്കാട് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകും. റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി തദ്ദേശസ്വയംഭരണ വകുപ്പിന് ഭൂമി അനുവദിച്ചു നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിൽ അഫ്ഗാനിസ്ഥാന് വേണ്ടി നീക്കിവെച്ചത് 200 കോടി രൂപ. അഫ്ഗാൻ ജനതയോടുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതിഫലമാണിത്. അഫ്ഗാനിസ്ഥാനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ജീവകാരണ്യ സഹായം നൽകുന്നതിന്റെ ഭാഗമായി ഇന്ത്യ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയെങ്കിലും ഇന്ത്യ അഫ്ഗാൻ ജനതയ്ക്ക് സഹായം നൽകുന്നുണ്ട്. ജീവൻരക്ഷാ മരുന്നുകളും ഭക്ഷണ സാധനങ്ങളും ഉൾപ്പെടെയുള്ളവയും ഇന്ത്യ അഫ്ഗാന് നൽകി വരികയാണ്.

അഞ്ച് ലക്ഷം കോവിഡ് വാക്‌സിനുകളും ഇന്ത്യ അഫ്ഗാന് നൽകി. ഇതിന്റെയെല്ലാം തുടർച്ചയായാണ് അഫ്ഗാന് വേണ്ടി ബജറ്റിൽ 200 കോടി രൂപ വകയിരുത്തിയത്. അതേസമയം ഇറാൻ സർക്കാരിരിന്റെ ചാബഹാർ തുറമുഖത്തിന് 100 കോടി രൂപയും ബജറ്റിൽ കേന്ദ്ര സർക്കാർ നീക്കിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് വനിതകള്‍ക്കയായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ചു ലക്ഷത്തില്‍ താഴെ വാര്‍ഷികകുടുംബ വരുമാനമുള്ളവര്‍, എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ കോവിഡ് / പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സിംഗിള്‍ പാരന്റ്, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പ്പെട്ട താല്‍പ്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍:

  1. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ഇന്‍ പ്രൊഡക്ഷന്‍ ഓഫ് ഇലക്ട്രോണിക് പ്രൊഡക്റ്റ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് ഓഫ് ഇലക്ട്രോണിക് ഹബ്, 6 മാസം, എസ്.എസ്.എല്‍.സി, മോഡല്‍ പോളിടെക്നിക് കോളേജ്, മാള ഫോണ്‍ – 9497804276
  2. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ഇന്‍ റിപ്പേയറിങ് ആന്റ് റീഫര്‍ബിഷിങ് ഓഫ് ഇലക്ട്രോണിക് എക്യുപ്മെന്റ്, 6 മാസം, എസ്.എസ്.എല്‍.സി, (1)ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാഴക്കാട് ,ഫോണ്‍ – 8547005009, (2)കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പട്ടുവം ഫോണ്‍ 9847007177, (3)കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കടുത്തുരുത്തി ഫോണ്‍ 8547005049, (4) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മറയൂര്‍ ഫോണ്‍ 8547020881
  3. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ടു സെറ്റ് അപ്പ് ഡൊമസ്റ്റിക്ക് ഇലക്ട്രിക്കല്‍ / പ്ലംബിങ് ടെക്നിക്കല്‍ സര്‍വീസ് ഹബ്, 6 മാസം, എസ്.എസ്.എല്‍.സി, (1) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് ഫോണ്‍ -9446255872 (2) ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളം , ഫോണ്‍ – 0484-2337838, (3) മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി ഫോണ്‍- 9447488348, (4) കോളേജ് ഓഫ് എഞ്ചിനീയറിങ്, ചെങ്ങന്നൂര്‍ ഫോണ്‍ – 0479-2454125 (5) ഐ.എച്ച്.ആര്‍.ഡി.എക്സ്റ്റന്‍ഷന്‍ സെന്റര്‍,തവനൂര്‍ ഫോണ്‍-0494 2688699. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.

ന്യൂഡൽഹി: ഗതാഗത മേഖലയ്ക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം. ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നും 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

രാജ്യത്തെ രക്തധമനികളെന്ന് വിശേഷിപ്പിക്കുന്ന റെയിൽവേ സംവിധാനങ്ങൾക്കായി തദ്ദേശീയമായ ഡിജിറ്റൽ സംവിധാനം അതിവേഗ ഗതാഗതത്തിന് ഏറെ ഗുണകരമാകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമായി 2000 കിലോമീറ്ററിലെ റെയിൽ ഗതാഗതം ലോകോത്തര ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. കവചെന്ന പേരിലുള്ള പദ്ധതി 2022-23 സാമ്പത്തിക വർഷത്തിൽ സുരക്ഷിതമായ യാത്രാ അനുഭവം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

മൂന്നു വർഷത്തിനുള്ളിൽ 100പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കും. മെട്രോ നിർമാണത്തിനായി നൂതന മാർഗങ്ങൾ നടപ്പിലാക്കും. നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കും ഗ്രീൻ വാഹനങ്ങൾക്കും കൂടുതൽ പ്രോത്സാഹനം നൽകും. വൈദ്യുത വാഹനങ്ങൾക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുകയും ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. കവച് എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ് നിർമിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കെ ‘യൂണിയന്‍ ബജറ്റ്’ എന്ന ആപ്പ് വഴി ബജറ്റിന്റെ എല്ലാ അപ്‌ഡേറ്റുകളും നമുക്ക് ലഭ്യമാകും. ഈ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാണ്. ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുജനങ്ങള്‍ക്കും എംപിമാര്‍ക്കും പേപ്പറിലാണ് ലഭ്യാക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് ആപ്പിലൂടെ ആയിരിക്കും ലഭ്യമാകുക. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് ശേഷം ആപ്പില്‍ ലഭ്യമാകും. ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

പുതിയ യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അത് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ പുറത്ത് വിട്ട ആപ്പ് ആണെന്ന കാര്യം ഉറപ്പ് വരുത്തണം. ഇത് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും കാണാം. പുതിയ കേന്ദ്ര ബജറ്റ് മൊബൈല്‍ ആപ്പ് ഔദ്യോഗിക യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഈ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനം ഉണ്ട്.

യൂണിയന്‍ ബജറ്റ് ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഘട്ടം 1: നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈലിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക

ഘട്ടം 2: യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ് സെര്‍ച്ച് ചെയ്യുക

ഘട്ടം 3: എന്‍ഐസി e-gov മൊബൈല്‍ ആപ്പുകളില്‍ യൂണിയന്‍ ബജറ്റ് ആപ്പ് തിരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൂടുതൽ ഇളവുകളില്ലെന്നും സി കാറ്റഗറിയിൽ നിയന്ത്രണങ്ങൾ തുടരുമെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. അടുത്തയാഴ്ച സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണം തുടരണോ എന്ന കാര്യം തീരുമാനിക്കും.

അതേസമയം ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരാകുന്നതിൽ ഭൂരിഭാഗം പേർക്കും ഒമിക്രോൺ ആണെന്നാണ് കണ്ടെത്തൽ.

രാത്രിക്കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാനും തീരുമാനമായി. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായ സാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: കെ റെയിലിന് ബദലായുള്ള മാർഗം നിർദ്ദേശിച്ചു കൊണ്ടുള്ള യുവാവിന്റെ കുറിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. എബി കോശി എന്ന യുവാവിന്റെ കുറിപ്പാണ് വൈറലാകുന്നത്. കെ റെയിലിന് പകരമായി തേജസ് എക്‌സ്പ്രസ് ആരംഭിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്‌സ്പ്രസ് ചെന്നൈയിൽ നിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത് വെറും ആറു മണിക്കൂറുകൊണ്ടാണെന്നും തിരുവനന്തപുരത്തു നിന്നും കാസർകോടിനുള്ള അതേ ദൂരമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

സിൽവർ ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമാണ് ഈ വണ്ടി ആരംഭിച്ചാൽ യാത്രയ്ക്ക് അധികമായി വേണ്ടിവരികയെന്നും ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമാണെന്നതാണ് മറ്റൊരു സവിശേഷത. സിൽവർലൈനിന്റെ നൂറിലൊന്നുപോലും പണച്ചെലവു വരികയുമില്ല. പെട്ടെന്നു പണി പൂർത്തീകരിക്കാനും കഴിയുമെന്നും എബി അഭിപ്രായപ്പെടുന്നു.

കേരളത്തിലെ സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവർലൈനിനായി സർക്കാർ വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്‌സ്പ്രസ് വെറും ആറു മണിക്കൂറുകൊണ്ടാണ് ചെന്നൈയിൽനിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസ4കോടിനുള്ള അതേ ദൂരം. സിൽവ4ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂ4 മാത്രമാണ് ഈ വണ്ടി (ആരംഭിച്ചാൽ) അധികമായി എടുക്കുക. ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്‌നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാം.

ഡൽഹി-ഭോപ്പാൽ ശതാബ്ധി എക്‌സ്പ്രസിൻറെ വേഗം 155 km/hr ആണ്. കെ-റെയിലിനേക്കാൾ നേരിയ കുറവുമാത്രമാണതിനുള്ളത്. പൂ4ണ്ണമായും ഇന്ത്യൻ നി4മ്മിതം. സിൽവ4ലൈനിൻറെ നൂറിലൊന്നുപോലും പണച്ചെലവു വരികയില്ല. പെട്ടെന്നു പണി പൂ4ത്തീകരിക്കാനും പറ്റും. തല്ക്കാലം നമുക്ക് ഇതുകൊണ്ട് തൃപ്തിപ്പെടാവുന്നതേയുള്ളു. കേരളത്തിലെ സിഗ്‌നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവ4ലൈനിനായി വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു.

ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ആയിരുന്നു. ഇത് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിയതി 15 ദിവസത്തേക്ക് കൂടി നീട്ടി നൽകിയത്.

നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമർപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്. നേരത്തെ 65 വയസ്സായിരുന്നു ഹജ്ജിന് അപേക്ഷ നൽകാനുള്ള പ്രായപരിധി. 70 വയസിന് മുകളിലുള്ളവർക്കും ഇനി നേരത്തെയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ നൽകാനുള്ള അവസരമുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാത്രമെ ഹജ്ജിന് പ്രവേശനമുള്ളു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും ഇത്തവണ ഹജ്ജ് തീർത്ഥാടനം നടക്കുക.

അതേസമയം ഹജ്ജ് അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും ഹജ്ജ് തീർത്ഥാടത്തിനായി അപേക്ഷ നൽകാം.

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ബാപ്പുവിന്റെ പുണ്യ ദിവസം അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇന്ന്, രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എന്നും ഓര്‍മ്മിക്കപ്പെടും’ – എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

covid

രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. 2020 ജനുവരി 30ന് ആദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ച നിസാരമായ പകര്‍ച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജനജീവിതം തലകീഴ്‌മേല്‍ മറിഞ്ഞത്. പലതരം വകഭേദങ്ങളായി മാറിയ കൊവിഡ് വൈറസിനെ ജയിക്കാന്‍ വാക്‌സിന്‍ ആയുധമാക്കി പോരാടുകയാണ് ഇന്ന് രാജ്യം.

കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ ഒരു യുദ്ധ രംഗത്തായിരുന്നു നമ്മളെല്ലാവരും. പോസിറ്റീവ്, ക്വാറൈന്റന്‍, സാനിറ്റൈസര്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ടെസ്റ്റ് പോസിറ്റിവിറ്റി തുടങ്ങി വാക്കുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.

പിന്നീട് ദിനം പ്രതി കൂടി കൊണ്ടിരുന്ന കൊവിഡ് കണക്കുകള്‍, ഭയപ്പെടുത്തി കൊണ്ടിരുന്ന കൊവിഡ് മരണങ്ങള്‍ നമ്മളില്‍ ആശങ്ക വര്‍ധിപ്പിച്ചു. അങ്ങനെ, 519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാജ്യത്താദ്യമായി കൊവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടി പുറപ്പെട്ട ഈ കുഞ്ഞന്‍ വൈറസ് എല്ലാവരെയും നാല് ചുവരുകള്‍ക്കുള്ളിലാക്കി. കൊലപാതകങ്ങളില്ലാത്ത, മോഷണങ്ങളില്ലാത്ത, അപകടങ്ങളും പീഡനങ്ങളുമില്ലാതിരുന്ന ലോക്ക്ഡൗണ്‍ കാലം. ഒന്നില്‍ നിന്ന് തുടങ്ങിയ കൊവിഡ് കണക്ക് അഞ്ചക്കത്തിലെത്തിയതിന് വരെ നമ്മള്‍ സാക്ഷികളായി.

2021 ജനുവരി പതിനാറ് മുതല്‍ വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരെ പൊരുതാന്‍ തുടങ്ങി. രണ്ട് തരംഗങ്ങള്‍ക്ക് ശേഷം ഇന്ന് മൂന്നാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് നാം. കൊവിഡ് കാരണം ഇതുവരെ കേരളത്തില്‍ 53,191 ജീവനുകള്‍ പൊലിഞ്ഞു. കൊവിഡിനെ പിടിച്ചു കെട്ടേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി പൊരുതാം…മുന്നേറാം.