രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. 2020 ജനുവരി 30ന് ആദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ച നിസാരമായ പകര്‍ച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജനജീവിതം തലകീഴ്മേല്‍ മറിഞ്ഞത്. പലതരം വകഭേദങ്ങളായി മാറിയ കൊവിഡ് വൈറസിനെ ജയിക്കാന്‍ വാക്സിന് ആയുധമാക്കി പോരാടുകയാണ് ഇന്ന് രാജ്യം.
കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ ഒരു യുദ്ധ രംഗത്തായിരുന്നു നമ്മളെല്ലാവരും. പോസിറ്റീവ്, ക്വാറൈന്റന്, സാനിറ്റൈസര്‍, കണ്ടെയ്ന്മെന്റ് സോണ്‍, ടെസ്റ്റ് പോസിറ്റിവിറ്റി തുടങ്ങി വാക്കുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.
പിന്നീട് ദിനം പ്രതി കൂടി കൊണ്ടിരുന്ന കൊവിഡ് കണക്കുകള്‍, ഭയപ്പെടുത്തി കൊണ്ടിരുന്ന കൊവിഡ് മരണങ്ങള് നമ്മളില്‍ ആശങ്ക വര്‍ധിപ്പിച്ചു. അങ്ങനെ, 519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാജ്യത്താദ്യമായി കൊവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടി പുറപ്പെട്ട ഈ കുഞ്ഞന്‍ വൈറസ് എല്ലാവരെയും നാല് ചുവരുകള്‍ക്കുള്ളിലാക്കി. കൊലപാതകങ്ങളില്ലാത്ത, മോഷണങ്ങളില്ലാത്ത, അപകടങ്ങളും പീഡനങ്ങളുമില്ലാതിരുന്ന ലോക്ക്ഡൗണ്‍ കാലം. ഒന്നില്‍ നിന്ന് തുടങ്ങിയ കൊവിഡ് കണക്ക് അഞ്ചക്കത്തിലെത്തിയതിന് വരെ നമ്മള് സാക്ഷികളായി.
2021 ജനുവരി പതിനാറ് മുതല്‍ വാക്സിന് പുറത്തിറക്കി ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരെ പൊരുതാന്‍ തുടങ്ങി. രണ്ട് തരംഗങ്ങള്‍ക്ക് ശേഷം ഇന്ന് മൂന്നാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് നാം. കൊവിഡ് കാരണം ഇതുവരെ കേരളത്തില്‍ 53,191 ജീവനുകള്‍ പൊലിഞ്ഞു. കൊവിഡിനെ പിടിച്ചു കെട്ടേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി പൊരുതാം…മുന്നേറാം.

