സംസ്ഥാനത്ത് ഞായറാഴ്ച്ച ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൂടുതൽ ഇളവുകളില്ലെന്നും സി കാറ്റഗറിയിൽ നിയന്ത്രണങ്ങൾ തുടരുമെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. അടുത്തയാഴ്ച സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണം തുടരണോ എന്ന കാര്യം തീരുമാനിക്കും.

അതേസമയം ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരാകുന്നതിൽ ഭൂരിഭാഗം പേർക്കും ഒമിക്രോൺ ആണെന്നാണ് കണ്ടെത്തൽ.

രാത്രിക്കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാനും തീരുമാനമായി. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായ സാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.