400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ; 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: ഗതാഗത മേഖലയ്ക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം. ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നും 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

രാജ്യത്തെ രക്തധമനികളെന്ന് വിശേഷിപ്പിക്കുന്ന റെയിൽവേ സംവിധാനങ്ങൾക്കായി തദ്ദേശീയമായ ഡിജിറ്റൽ സംവിധാനം അതിവേഗ ഗതാഗതത്തിന് ഏറെ ഗുണകരമാകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമായി 2000 കിലോമീറ്ററിലെ റെയിൽ ഗതാഗതം ലോകോത്തര ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. കവചെന്ന പേരിലുള്ള പദ്ധതി 2022-23 സാമ്പത്തിക വർഷത്തിൽ സുരക്ഷിതമായ യാത്രാ അനുഭവം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

മൂന്നു വർഷത്തിനുള്ളിൽ 100പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കും. മെട്രോ നിർമാണത്തിനായി നൂതന മാർഗങ്ങൾ നടപ്പിലാക്കും. നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കും ഗ്രീൻ വാഹനങ്ങൾക്കും കൂടുതൽ പ്രോത്സാഹനം നൽകും. വൈദ്യുത വാഹനങ്ങൾക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുകയും ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. കവച് എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ് നിർമിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.