ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ആയിരുന്നു. ഇത് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിയതി 15 ദിവസത്തേക്ക് കൂടി നീട്ടി നൽകിയത്.
നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമർപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്. നേരത്തെ 65 വയസ്സായിരുന്നു ഹജ്ജിന് അപേക്ഷ നൽകാനുള്ള പ്രായപരിധി. 70 വയസിന് മുകളിലുള്ളവർക്കും ഇനി നേരത്തെയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ നൽകാനുള്ള അവസരമുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാത്രമെ ഹജ്ജിന് പ്രവേശനമുള്ളു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും ഇത്തവണ ഹജ്ജ് തീർത്ഥാടനം നടക്കുക.
അതേസമയം ഹജ്ജ് അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും ഹജ്ജ് തീർത്ഥാടത്തിനായി അപേക്ഷ നൽകാം.

