Highlights (Page 142)

നെയ്യാറ്റിന്‍കര: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ പ്രതിമ നെയ്യാറ്റിന്‍കര നഗരസഭയുടെ മൈതാനിയില്‍ സ്ഥാപിക്കുന്നു. കോട്ടയം ആസ്ഥാനമായ ജെ.സി.ഡാനിയല്‍ ഫൗണ്ടേഷനു കീഴില്‍ പ്രതിമ നിര്‍മിച്ചിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. ഇത് സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല. നഗരസഭാ ഓഫീസുകള്‍ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ആവശ്യവുമായി കയറിയിറങ്ങുകയായിരുന്നു.

ജെ.സി.ഡാനിയല്‍ ഇരുന്നുകൊണ്ട് ഫിലിം റോള്‍ നോക്കുന്നതായി സിമെന്റില്‍ നിര്‍മ്മിച്ച പ്രതിമക്ക് രണ്ടരലക്ഷത്തിലേറെ രൂപ ചെലവായി. ഷാജി വാസന്‍ എന്ന ശില്പി നിര്‍മിച്ച എട്ടടി ഉയരത്തിലുള്ള പ്രതിമക്ക്‌ 800 കിലോ ഭാരമുണ്ട്. പ്രതിമ സ്ഥാപിക്കാന്‍ ഇടമില്ലാതായതോടെ കോട്ടയത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ താല്‍ക്കാലികമായി കൊണ്ടു വെക്കുകയായിരുന്നു.

ഒടുവില്‍ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനനാണ് പ്രതിമ നെയ്യാറ്റിന്‍കരയില്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം പാര്‍ക്കും ഓപ്പണ്‍ തിയേറ്ററും മൈതാനിയില്‍ നഗരസഭ നിര്‍മിക്കും. പ്രതിമ നഗരസഭാ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രതിമ സ്ഥാപിക്കല്‍ വൈകാതെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പരാതിയെ തുടർന്നാണ് ഗവർണ്ണർ സർക്കാരിൽ നിന്നും വിശദീകരണം തേടിയത്. വിഷയത്തിൽ ഉടൻ വിശദീകരണം നൽകാൻ ഗവർണർ പരാതികൾ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തു.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമ്മാണം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോകായുക്ത വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. നിലവിൽ ഗവർണറുടെ പരിഗണനയിലാണ് ഓർഡിനൻസ്. ഗവർണർ ഇതിന് അംഗീകാരം നൽകിയാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും. ഇതോടെ ലോകായുക്ത പേരിന് മാത്രമായി മാറും. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകാൻ കഴിയുക.

2020 ഡിസംബറിലാണ് ലോകായുക്ത ഭേദഗതി ചർച്ചകൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കെയാണ് നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിലുള്ളത് ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി തുടങ്ങിയവയാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസുകൾ. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതിയുള്ളത്.

മസ്‌കറ്റ്: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചൈനയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഷര്‍മിളാ ദേവിയും ഗുര്‍ജിത് കൗറുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ പതിമൂന്നാം മിനിറ്റില്‍ ഷര്‍മിലാ ദേവിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ പത്തൊമ്പതാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്. ഗോള്‍ തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ മൂന്നും നാലും ക്വര്‍ട്ടറില്‍ ഇന്ത്യന്‍ വനിതകള്‍ പ്രതിരോധിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലേഷ്യയെ 9-0ന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്.

പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ സിംഗപ്പൂരിനെ 9-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യയ സെമിയിലെത്തിയത്. എന്നാല്‍, സെമിയില്‍ പ്രതിരോധത്തിലെ പാളിച്ചകളും പെനല്‍റ്റി കോര്‍ണറുകള്‍ മുതലെടുക്കാന്‍ മുന്നേറ്റ നിരക്ക് കഴിയാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.

കൊച്ചി: കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി. എൻഎസ്എസ് നൽകിയ ഹർജിയിലാണ് പരീക്ഷകൾ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിനിടെ പരീക്ഷകൾ നടത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെയാണ് എൻഎസ്എസ് കോടതിയെ സമീപിച്ചത്.

കോവിഡ് സാഹചര്യത്തിൽ സർവ്വകലാശാലകൾ പരീക്ഷ നടത്തരുതെന്നായിരുന്നു എൻഎസ്എസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അധ്യാപകരുടെ അഭാവവും കാര്യമായി പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം ഉത്തരവിന് പിന്നാലെ എംജി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജോനാസിനും കുഞ്ഞ് ജനിച്ച വിവരം അടുത്തിടെയാണ് പുറത്തു വന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് തങ്ങൾക്ക് കുഞ്ഞ് ജനിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും അറിയിച്ചിരുന്നു. പെൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചതെന്ന് പ്രിയങ്കയുടെ ബന്ധുവും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുഞ്ഞുമാലാഖയെ സ്വീകരിക്കാനായി പ്രിയങ്കയും നിക്കും നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കുഞ്ഞിനൊപ്പം താമസിക്കാൻ ലൊസാഞ്ചലസിലെ എൻസിനോയിലുള്ള വീട് ഇവർ നവീകരിച്ചു. മാസങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് ഇരുവരും നടത്തിയതെന്നാണ് വിവരം. ഇതിനായി കോടിക്കണക്കിന് രൂപ ഇരുവരും ചെലവിട്ടു.

വിശാലമായ പൂളും പല തട്ടുകളായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടവും കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാക്കി ക്രമീകരിച്ചിട്ടുണ്ട്. 20,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്ന വമ്പൻ വീടിന്റെ മുകൾനിലയിൽ മാത്രം ഏഴ് കിടപ്പുമുറികളുണ്ട്. വീടിന്റെ പലഭാഗങ്ങളിലായി 11 ബാത്ത്‌റൂമുകളും നിർമ്മിച്ചിട്ടുണ്ട്. തടികൊണ്ട് പാനലിങ് നൽകിയിരിക്കുന്ന സീലിങ്ങോടു കൂടിയ പ്രധാന സ്വീകരണമുറിയിൽ ലൈറ്റനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദിനംപ്രതി പുതിയ പുതിയ സവിശേഷതകള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുകയാണ് വാട്‌സ്ആപ്പ്. നേരത്തെ ഓരോ ചാറ്റിനും ഇഷ്ടപ്പെട്ട വാള്‍പേപ്പറുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന സവിശേഷത കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വോയിസ് കോളുകളിലേക്കും ഈ ഫീച്ചര്‍ ഉടന്‍ വരുമെന്നാണ് വാബീറ്റ ഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്, വാട്ട്സ്ആപ്പ് ഉടന്‍ തന്നെ വാള്‍പേപ്പറുകള്‍ കോള്‍ സ്‌ക്രീനിലും അനുവദിക്കും. ഇത് എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. സാധാരണ ഉപയോക്താക്കള്‍ക്ക് ഇത് ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാമെന്നാണ് സൂചന.

ഐഒഎസ് 15-ലെ വാട്‌സ്ആപ്പില്‍ അടുത്തിടെ ചില പുതിയ ഫീച്ചറുകളായ ഫോക്കസ് മോഡിനുള്ള പിന്തുണയും അറിയിപ്പുകള്‍ക്കൊപ്പം ഗ്രൂപ്പ്, പ്രൊഫൈല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും കമ്പനി ഒരുക്കിയിരുന്നു.

വോയ്സ് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പോസ് ചെയ്യാനും റെസ്യുമെ ചെയ്യാനുമുള്ള സംവിധാനവും കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു. ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്.

കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥവും, ഈന്തപ്പഴവും കൊണ്ടുവന്ന കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അനുവധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കല്‍ നോട്ടീസിനുള്ള കരട് തയ്യാറാക്കുകയാണ് കസ്റ്റംസ്. അതേസമയം, ആര്‍ക്കൊക്കെയാണ് ഈ കേസില്‍ നോട്ടീസ് നല്‍കുകയെന്നതില്‍ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്.

150 കോടി മുതൽ മുടക്കിലുള്ള ബാഹുബലി സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്. ബാഹുബലി ബി ഫോർ ദ ബിഗിനിങ്ങ് എന്ന പേരിലുള്ള സീരീസാണ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്നത്. രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരീസ് തയ്യാറാക്കിയിരുന്നത്. മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതിനാലാണ് സീരിസിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്നാണ് വിവരം.

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചത്. 2018 ലാണ് ഈ വെബ്‌സീരിസ് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധാനം നിർവ്വഹിച്ചത്.

മൃണാൾ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത്. രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിടുകയും ചെയ്തിരുന്നു. ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് പരമ്പര ഉപേക്ഷിച്ചത്.

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് തദ്ദേശീയമായ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. വരുന്ന മൂന്ന് മാസത്തിനകത്ത് ഐഎസ്ആര്‍ഒ പുതിയ ചുവടുവെപ്പ് നടത്തുമെന്നാണ് തീരുമാനമെന്ന് പുതുതായി ചുമതലയേറ്റ ഡോ. എസ്. സോമനാഥ് പറഞ്ഞു.

റിസാറ്റ്-1 എ, പിഎസ്എല്‍വി-സി5-2 എന്നിവ ഫെബ്രുവരിയില്‍ വിക്ഷേപിക്കും. ഇതിന് പിന്നാലെ ഓഷ്യന്‍സാറ്റ്-3, ഐഎന്‍എസ്-2ബി, ആനന്ദ്-സി53 എന്നിവ മാര്‍ച്ച് മാസത്തിലും എസ്എസ്എല്‍വി-ഡി1 മൈക്രോ സാറ്റ് മാര്‍ച്ചുമാസത്തിലും ബഹിരാകാശത്ത് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വാര്‍ത്താ വിതരണ ശൃഖലക്കായി പുതിയ ഉപഗ്രഹം ജീസാറ്റ്-21 വിക്ഷേപണവും ഈ വര്‍ഷം നടക്കും. ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് ചിലവ് വഹിക്കുന്ന ഈ പദ്ധതി ഡിടിഎച്ച് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ളതാണ്.

കേന്ദ്ര ബഹിരാകാശ വകുപ്പുമന്ത്രി ഡോ. ജിതേന്ദ്ര സിംഗും സംയുക്തമായാണ് പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ രംഗത്തിന് നല്‍കുന്ന ശക്തമായ പിന്തുണയാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കാരണമായതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യാന്‍ സാധ്യത. ഗൂഢാലോചന സമയത്ത് കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനിടെ കാവ്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍:

‘ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്.

അതിന് ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ട്. മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്’- ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.