Highlights (Page 140)

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം മാർച്ച് മാസത്തോടെ കുറയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മാർച്ച് മാസത്തോടെ രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ കുറയുമെന്ന് ഐസിഎംആർ വിദഗ്ധർ പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഉൾപ്പടെ നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് ഇനിയും കുറയുമെന്നാണ് ഐസിഎംആർ പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം ഉയർന്ന് നിൽക്കുന്ന ഘട്ടം കഴിഞ്ഞതായി ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സമീരൻ പാണ്ഡ അറിയിച്ചു. 14.35 ലക്ഷമാണ് രാജ്യത്തെ നിലവിലെ ആക്ടീവ് കേസുകൾ.

മഹാരാഷ്ട്രയിൽ 48,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങളിൽ ഇപ്പോൾ 15,000 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാർച്ച് മാസം രണ്ടാം ആഴ്ചയോടെ ഇത് പ്രതിദിന കണക്കിൽ പതിനായിരത്തിന് താഴെയാകുമെന്നും ഗവേഷകർ പറയുന്നു. രാജ്യത്തെ യുവാക്കളാണ് മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവരിൽ കൂടുതലും. ഇവരിൽ രോഗലക്ഷണങ്ങൾ താരതമ്യേന കുറവായിരുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ മരണനിരക്ക് ഉയർന്നു തന്നെയായിരുന്നുവെന്നും ഗവേഷകർ പറയുന്നു.

തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നൽകി വരുന്നു. ഇതുകൂടാതെ 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു.

എന്താണ് പെരിറ്റോണിയൽ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

ഏകദേശം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസിൽ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

എല്ലാം സൗജന്യമായി നൽകുന്നു

പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ ആശുപത്രികളിൽ നിന്നും സൗജന്യമായി നൽകുന്നു. നെഫ്രോളജിസ്റ്റുകൾ ഉള്ള ആശുപത്രികളിൽ കത്തീറ്റർ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളിൽ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകൾ ഇല്ലാത്ത ജില്ലാ ആശുപത്രികളിൽ അടുത്തുള്ള മെഡിക്കൽ കോളേജുകളിൽ കത്തീറ്റർ നിക്ഷേപിച്ച ശേഷം തുടർ ചികിത്സയാണ് ജില്ലാ ആശുപത്രികളിൽ നൽകി വരുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യവകുപ്പ് പരിശീലനം നൽകുന്നതാണ്. ഒരിക്കൽ കത്തീറ്റർ നിക്ഷേപിച്ച് കഴിഞ്ഞാൽ രോഗിക്ക് പിന്നീട് ആശുപത്രിയിൽ വരാതെ തന്നെ വീട്ടിൽ വച്ച് പെരിറ്റോണിയൽ ഡയാലിസിസ് നടത്താവുന്നതാണ്.

എവിടെയെല്ലാം സേവനം ലഭിക്കും

തിരുവനന്തപുരം ജനറൽ ആശുപത്രി (ഡോ. ലിജി. ആർ), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറൽ ആശുപത്രി (ഡോ. ഷബീർ), എറണാകുളം ജനറൽ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂർ ജനറൽ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂർ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറൽ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂർ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസർഗോഡ് ജനറൽ ആശുപത്രി (ഡോ. കുഞ്ഞിരാമൻ) (ഉടൻ പ്രവർത്തന സജ്ജമാകുന്നതാണ്).

കേരള സര്‍ക്കാരിനു കീഴിലുള്ള എസ്.സി.ഇ.ആര്‍.ടിയില്‍ അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയന്‍മാര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍.ഒ.സി സഹിതം ഫെബ്രുവരി 25നകം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in സന്ദര്‍ശിക്കുക.

ന്യൂഡൽഹി: മതവിശ്വാസികളെ അകറ്റി നിർത്തില്ലെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. മത വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നുമാണ് സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നത്.

സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. വർഗീയതയ്ക്കെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തുമെന്നും ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ അദ്ദേഹം പറഞ്ഞു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

ജില്ലകളുടെ കാറ്റഗറിയിൽ മാറ്റം വന്നിട്ടുണ്ട്. ‘സി’ കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി ‘ബി’ യിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ കാറ്റഗറി ‘എ’ യിൽപ്പെടും. കാസർഗോഡ് ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.

ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ 85 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 72 ശതമാനവും പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ന്യൂഡൽഹി: ഗാൽവാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. ഏറ്റുമുട്ടലിൽ 42 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിരുന്നെന്നും ഇതിൽ 38 പേർ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട് പിന്തിരിഞ്ഞോടുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണമടയുകയായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയൻ പത്രമായ ‘ദ ക്‌ളാക്‌സന്റെ’ എഡിറ്റർ ആന്തണി ക്‌ളാൻ ഒരു ദേശീയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതിർത്തിയിൽ പ്രശ്‌നം ആരംഭിച്ചത് ചൈനയായിരുന്നു. ഇന്ത്യൻ സൈന്യം കേണൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചക്ക് വേണ്ടി വന്നതായിരുവെന്നും ക്‌ളാക്‌സന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാൽവാൻ താഴ്വരയിൽ ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് ചൈന ടെന്റുകൾ നിർമിച്ചെന്നും അത് നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള സമാധാന ചർച്ചക്ക് എത്തിയ ഇന്ത്യൻ സേനയെ കേണൽ ഴി ഫാബിയോയുടെ നേതൃത്വത്തിലുള്ള ചൈനീസ് സൈന്യം ആക്രമിക്കുകയായിരുന്നെന്നുമാണ് ക്‌ളാക്‌സൻ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചൈനീസ് അക്കൗണ്ടുകളെ ആധാരമാക്കിയാണ് ക്‌ളാക്‌സൻ ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ പിന്നീട് ഈ അക്കൗണ്ടുകൾ അപ്പാടെ ഡിലീറ്റ് ആയി പോയി. ചൈനീസ് സർക്കാരാണ് ഇതിന് പിന്നിലെന്നും ക്‌ളാൻ ആരോപിച്ചു.

ചർച്ചയ്ക്ക് വേണ്ടി എത്തിയ ഇന്ത്യൻ സേനയെ കണ്ട നിമിഷം തന്നെ ഴി ഫാബിയോ തന്റെ സൈനികർക്ക് യുദ്ധത്തിനുള്ള നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്നും ഓസ്‌ട്രേലിയൻ പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ചൈനീസ് സംഘം നദിയ്ക്ക് കുറുക്കെ പിന്തിരിഞ്ഞോടി. ഇതിനിടെയാണ് കുത്തൊഴുക്കിൽപ്പെട്ട് 38 സൈനികർ കൊല്ലപ്പെട്ടതെന്നും പത്രത്തിൽ വിശദമാക്കിയിരുന്നു.

2020 മേയ് ആദ്യമാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യവും പീപ്പിൾ ലിബറേഷൻസ് ഓഫ് ആർമിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഇരുപതോളം ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന വിമർശനവുമായി സിപിഐ എക്സിക്യുട്ടീവ് യോഗം. ലോകായുക്ത ഓർഡിനൻസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെ എക്സിക്യുട്ടീവ് പിന്തുണച്ചു. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നും എക്സിക്യുട്ടീവിൽ ആവശ്യമുയർന്നിരുന്നു.

ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള പാർട്ടിയുടെ നിലപാട് കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ലെന്നും രാഷ്ട്രീയ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമഭേദഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ഇടപെടുന്നതിൽ പാർട്ടി മന്ത്രിമാർക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോൾ അത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടവരും എന്ന വിമർശനം ശക്തമാണ്. അതിനാൽ നിയമ ഭേദഗതി പിൻവലിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, സർക്കാരിന് അപ്പീൽ പോകാമെന്ന ഭാഗമാണ് ഓർഡിനൻസിൽ ഭേദഗതിയായി ഉൾപ്പെടുത്തേണ്ടതെന്നും എക്‌സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പല ദിവസങ്ങളിലും കോവിഡ് രോഗികളുടെ അരലക്ഷത്തിന് മുകളിലാണ്. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ആണ് കൂടുതൽ പേരിലേക്കും വ്യാപിക്കുന്നത്. ഒമിക്രോണിന് രോഗവ്യാപന തോത് വളരെ കൂടുതലാണ്. എന്നാൽ രോഗതീവ്രതയുടെ കാര്യത്തിൽ ഒമിക്രോൺ ഡെൽറ്റയുടേത് പോലെ അപകടകാരിയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഒമിക്രോൺ ബാധയുണ്ടായാൽ മിക്കവരിലും ചില ലക്ഷണങ്ങളിലൂടെ ഇതിനെ മനസിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് എങ്ങനെയെല്ലാമെന്ന് നോക്കാം. ‘പനി, ചുമ, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പൊതുവിൽ കൊവിഡ് ലക്ഷണങ്ങളായി വരാറ്. എന്നാൽ ഒമിക്രോണിൽ തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, തളർച്ച, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും പ്രകടമാകുകയെന്ന് യുകെയിലെ ‘സൂ സിംപ്ടംസ് സ്റ്റഡി ആപ്പ്’ മേധാവി പ്രൊഫസർ ടിം സ്പെക്ടർ അറിയിച്ചു.

ഛർദ്ദി, വിശപ്പില്ലായ്മ, വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾ, കാര്യമായ മുടി കൊഴിച്ചിൽ, കൈവിരലുകളിലോ കാൽവിരലുകളിലോ അസാധാരണമായ പാടുകളോ കുരുവോ വരുന്നത് ഇവയെല്ലാം ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂഡൽഹി: ചാനലുകൾക്കെതിരായി സ്വീകരിച്ച നടപടിയിൽ വിശദീകരണവുമായി കേന്ദ്രവാർത്താ വിതരണ സഹമന്ത്രി എൽ മുരുകൻ. രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അറുപത് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം,കേരളത്തിൽ നിന്നുള്ള എം പിമാർ മലയാളം വാർത്താ ചാനലായ മീഡിയാ വണ്ണിന് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം കെ രാഘവൻ,അടൂർ പ്രകാശ് എന്നിവരാണ് ലോക്‌സഭയിൽ നോട്ടീസ് നൽകിയത്.

തുടർച്ചയായി രണ്ടാം തവണയാണ് പാർലമെന്റിൽ കേരള എംപിമാർ മീഡിയവണിന്റെ സംപ്രേഷണ വിലക്ക് ഉന്നയിക്കുന്നത്. ഇതൊരു ചാനലിന് നേരെയുള്ള പ്രശ്നമായി കരുതാനാവില്ലെന്നും മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന പ്രവർത്തനമാണെന്നുമാണ് എംപിമാരുടെ ആരോപണം. സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെടുന്നു. ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ വിഷയത്തിൽ കേന്ദ്രവാർത്താ വിതരണ മന്ത്രാലയം വിശദീകരണം നൽകണമെന്ന് പാർലമെന്റ് ഐ.ടി സമിതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കെ-റെയിൽ ഡിപിആർ ദുർബലമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ കൂടുതൽ വിശദീകരണം കേന്ദ്രം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ-റെയിലിന് സ്ഥലമേറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാർ അറിഞ്ഞതാണ്. പാർലമെന്റിൽ റെയിൽവെ മന്ത്രാലയം നൽകിയ മറുപടിയിൽ കാര്യമായൊന്നുമില്ലെന്നും കെ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

കേരളം നൽകിയ ഡിപിആർ അപൂർണമാമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ ബാലഗോപാലിന്റെ പ്രതികരണം.

കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കെ റെയിലിന്റെ ഡിപിആറിൽ ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഇല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഏറ്റെടുക്കേണ്ട റെയിൽവേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.