Highlights (Page 14)

വാഷിംഗ്ടൺ: അതി തീവ്രതയുള്ള ആണവബോംബ് നിർമിക്കാനൊരുങ്ങി അമേരിക്ക. ഗ്രാവിറ്റി ബോംബ് എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്ന ബി61 എന്ന ശക്തമായ ആണവബോംബാണ് യുഎസ് നിർമ്മിക്കുന്നത്. 360 കിലോ ടൺ ശേഷിയുള്ള ബോംബാണിത്.

വിമാനങ്ങളിൽ നിന്ന് താഴേക്കിട്ട ശേഷം ഗുരുത്വാകർഷണത്തിൽ നയിക്കപ്പെട്ട് ഭൂമിയിൽ വീഴുന്ന ബോംബുകളാണ് ഗ്രാവിറ്റി ബോംബുകൾ. ഫ്രീഫോൾ ബോംബെന്നാണ് ഇവ അറിയപ്പെടുന്നത്. ചൈന, റഷ്യ എന്നീ ആണവശക്തികളിൽ നിന്നു യുഎസ് നേരിടുന്ന മത്സരമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പുതിയ ബോംബിന്റെ സാങ്കേതികമായ പേര് ബി61 13 എന്നാണ്. നിലവിൽ യുഎസിന്റെ പക്കൽ അഞ്ഞൂറോളം ഗ്രാവിറ്റി ബോംബുകളുണ്ട്. ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക വർഷിച്ചതിന്റെ 24 മടങ്ങു കരുത്തുറ്റതാണ് പുതിയ ബോംബ്. നാഗസാക്കിയിൽ യുഎസ് ഇട്ട ബോംബിന്റെ 14 മടങ്ങ് കരുത്തും ഈ ബോംബിനുണ്ട്.

ഇത്തരമൊരു ബോംബ് നിർമിക്കുന്നതിലേക്കു യുഎസിനെ നയിക്കുന്നത്. ബി61-12 വരെ പേരുകളിൽ നേരത്തെ യുഎസ് ബോംബ് വികസിപ്പിച്ചിരുന്നു. നവീനകാല സുരക്ഷ, കൃത്യത എന്നിവ പുതിയ ബോംബിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് വഹിക്കാൻ തക്കവണ്ണമുള്ളതായിരിക്കും ബോംബ്. ബി83 ബോംബാണ് നിലവിൽ യുഎസിന്റെ പക്കലുള്ള ആണവ ബോംബുകളിൽ ഏറ്റവും കരുത്തുറ്റത്.

ന്യൂഡൽഹി: മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ടെലികോം വകുപ്പ്. കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായാണ് ടെസ്റ്റ് അലേർട്ടുകൾ ലഭിക്കുന്നത്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാനിടയുണ്ടെന്നാണ് വിവരം.

ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഫോണിൽ നിന്നും അലാറം പോലുള്ള സന്ദേശങ്ങളും ലഭിക്കും. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം. നാളെ ലഭിക്കുന്ന ഈ സന്ദേശങ്ങളോട് ഉപഭോക്താക്കൾ പ്രതികരിക്കേണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകുകയുമാണ് സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൊബൈൽ നെറ്റ്വർക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങൾ അയയ്ക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈൽ ഓപ്പറേറ്റർമാർക്ക് കഴിയും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കാനാണ് ടെസ്റ്റ് അലേർട്ട് നടത്തുന്നത്.

തിരുവനന്തപുരം: ഒക്ടോബർ 29 ലോക പക്ഷാഘാത (സ്‌ട്രോക്ക്) ദിനമാണ്. ‘നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളിൽ’ (Together we are Greater Than Stroke) എന്നതാണ് ഈ വർഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമർദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90% പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും. അതിനാൽ സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.

തിരുവനന്തപുരം: കോൺഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിലകൊണ്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാർട്ടി നയമെന്നും ഹസ്സൻ വ്യക്തമാക്കി. ഇസ്രയേൽ അതിർത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നേട്ടം വിവരിക്കാൻ ഉള്ള യാത്ര ധൂർത്താണ്. ജന സദസിൽ മുഴുവൻ നടക്കുന്നത് പിരിവാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ക്വോട്ട വെച്ചാണ് പിരിവ്. കേരളീയത്തിനു ടെണ്ടറില്ലാതെ 27 കോടി രൂപയാണ് പൊടിക്കുന്നത്. തലസ്ഥാനത്തെ വെള്ളക്കെട്ട് പോലും പരിഹരിക്കാതെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും എം എം ഹസൻ വിമർശിച്ചു.

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റാൻ ശുപാർശ ചെയ്തിരിക്കുകയാണ് എൻസിഇആർടി. എന്നാൽ, ഇത്തരത്തിലുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യതകൾ തേടുകയാണ് കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ച് കേരളം പരിശോധിക്കുകയാണ്. ഇതിനുളള സാധ്യതകൾ തേടുമെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. സിപിഎം നേതാക്കൾ ഉൾപ്പെടെ പലരും പേര് മാറ്റൽ ശുപാർശക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അറിയിച്ചു. രാജവാഴ്ചയെ മഹത്വ വൽക്കരിക്കുന്നവരാണ് കേന്ദ്രം. ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബിജെപി വിശേഷിപ്പിച്ചത് യുദ്ധമെന്നാണ്. ഭാരതം എന്ന് പറയുന്നതിന് ആരും എതിരല്ല എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റ്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യപ്രകാരം അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ നിന്നും പല ഭാഗങ്ങളും മുമ്പും ഒഴിവാക്കി സർക്കാർ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സവർക്കറുടെ നിലപാടാണ്. ആർഎസ്എസ് നിർമിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വൽക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജിഎസ്ടി ഏർപ്പെടുത്തുന്നു. ചലച്ചിത്ര അക്കാദമി തീരുമാനത്തെ അംഗീകരിച്ചിട്ടില്ല.

ചെറുതും വലുതുമായ മേളകളെയും ഭാവിയിൽ ഇതു ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 18 ശതമാനം ജിഎസ്ടിയുടെ അധികബാധ്യത പ്രതിനിധികളുടെ തലയിൽവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാംസ്‌കാരിക പ്രവർത്തനത്തിനും ചുങ്കം എന്ന ആക്ഷേപമാണ് ചലച്ചിത്ര പ്രവർത്തകർ മുന്നോട്ടുവെയ്്ക്കുന്നത്.

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനും ചലച്ചിത്രമേളയുടെ നടത്തിപ്പിനും ചെലവിടുന്നത് നികുതിയടക്കമുള്ള വരുമാനത്തിൽ നിന്ന് ഗ്രാന്റായി സർക്കാർ നൽകുന്ന പണമാണ്. ഇനിയുള്ള അവസ്ഥ നികുതിപ്പണത്തിനുതന്നെ വീണ്ടും നികുതി നൽകേണ്ടിവരുമെന്നതാകും. ഫെസ്റ്റിവൽ ബുക്ക്, ഷെഡ്യൂൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റ് പ്രതിനിധികൾക്ക് നൽകുന്നുണ്ട്. സാധാരണ പ്രതിനിധികൾക്ക് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. ജിഎസ്ടി. വരുമ്പോൾ 1180 രൂപ, 590 രൂപ എന്നിങ്ങനെയാകും നിരക്ക്.

എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളുമായി ബന്ധപ്പെട്ട് എക്സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നടപടി.

കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന എംഡിഎംഎ ഒരേ കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്നതാണോയെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കലൂരിലെ വാടക വീട്ടിൽ നിന്നായിരുന്നു 82 ഗ്രാമും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാമും പിടിച്ചെടുത്തിരുന്നു.

എറണാകുളം കാക്കനാട് നിന്നും 8.75 ഗ്രാം MDMA, 8.25 ഗ്രാം മയക്കുമരുന്ന് ഗുളികകൾ, 12 ഗ്രാം കഞ്ചാവ് എന്നിവയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ കാക്കനാട് അത്താണി സ്വദേശി ഉമറുൽ ഫാറൂഖ് ആണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. എറണാകുളത്തെ ലഹരി വിതരണക്കാരിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഉമറുൽ ഫാറൂഖ്.

ആലപ്പുഴ: സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരുന്നതാണണെന്ന് അദ്ദേഹം പറഞ്ഞു.

നെല്ല് സംഭരണം നടത്തിയ ഇനത്തിൽ കേന്ദ്രം 644 കോടി രൂപയാണ് തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തെ ഓരോ വർഷവും ഉദ്യോഗസ്ഥർ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബീജിങ്: ചൈനയോടൊപ്പം ചേർന്ന് താലിബാൻ. ചൈനയുടെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് താലിബാൻ പൂർണസഹകരണം വാഗ്ദാനം ചെയ്തിരിക്കുകയാണ് താലിബാൻ. കൂടുതൽ പഠനത്തിനും ചർച്ചകൾക്കുമായി സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് അഫ്ഗാൻ വ്യാവസായ മന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി, ബെൽറ്റ് റോഡ് പദ്ധതി എന്നിവയിൽ അഫ്ഗാനെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നും അഫ്ഗാൻ വ്യവസായ മന്ത്രി ഹാജി നൂറുദ്ദീൻ അസീസി അറിയിച്ചു.

ലിഥിയം, കോപ്പർ, അയൺ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ചൈനക്ക് ലഭ്യമാക്കുമെന്നും നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ അഫ്ഗാനടക്കം 34 രാജ്യങ്ങൾ ഡിജിറ്റൽ എക്കോണമി, ഗ്രീൻ ഡെവലപ്‌മെന്റ് പദ്ധതികളിൽ യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വിശദമാക്കി.

ചൈന അഫ്ഗാനിൽ വലിയ രീതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചൈനക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനുള്ള വാട്‌സ് ആപ്പ് നമ്പറും പോലീസ് പങ്കുവെച്ചു. 9497980900 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലൂടെയാണ് പരാതി അറിയിക്കേണ്ടത്.

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് പോലീസ് അറിയിച്ചു.