മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാം;മുന്നറിയിപ്പുമായി ടെലികോം വകുപ്പ്

ന്യൂഡൽഹി: മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ടെലികോം വകുപ്പ്. കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായാണ് ടെസ്റ്റ് അലേർട്ടുകൾ ലഭിക്കുന്നത്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാനിടയുണ്ടെന്നാണ് വിവരം.

ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഫോണിൽ നിന്നും അലാറം പോലുള്ള സന്ദേശങ്ങളും ലഭിക്കും. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം. നാളെ ലഭിക്കുന്ന ഈ സന്ദേശങ്ങളോട് ഉപഭോക്താക്കൾ പ്രതികരിക്കേണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകുകയുമാണ് സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൊബൈൽ നെറ്റ്വർക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങൾ അയയ്ക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈൽ ഓപ്പറേറ്റർമാർക്ക് കഴിയും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കാനാണ് ടെസ്റ്റ് അലേർട്ട് നടത്തുന്നത്.