Highlights (Page 13)

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. 221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് വിജയം കൈവരിച്ചത്. 168588 വോട്ടു നേടി അബിൻ വർക്കി രണ്ടാം സ്ഥാനം ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.

രാഷ്ട്രീയത്തിൽ ദളപതി വിജയ് ഇറങ്ങുമോ എന്നത് വളരെക്കാലമായി ചര്‍ച്ച നടക്കുന്ന കാര്യമാണ്. വിജയിയുടെ പല പ്രസംഗങ്ങളിലും രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുവെന്നും ആരാധകർ കരുതുന്നുണ്ട്. ഇപ്പോഴിതാ ഈ സംശയത്തിന് ബലം നല്‍കുന്ന രീതിയില്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വിജയ്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയിയുടെ തീരുമാനം. ഇതിനായുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.

വായനശാലകളെ ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായിണ് മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കള്‍ പറയുന്നത്. അതിനായി സയാഹ്ന ക്ലാസുകള്‍ ഉൾപ്പടെ സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് വിജയിയുടെ ഉദ്ദേശം. യുവാക്കളെ കൂടുതല്‍ ആര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി. നേരത്തേ നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വായനശാലയും.

വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിട്ടുണ്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞത്.

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസ് രചിച്ച ‘കേരളാ ടൂറിസത്തിന്റെ ചരിത്രവും വർത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതിയത് നടൻ മോഹൻലാൽ. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതൽ ആകർഷകമായ രീതിയിൽ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങൾ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹൻലാൽ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിത്തുടങ്ങിയെന്നും മോഹൻലാൽ ആമുഖത്തിൽ കുറിച്ചു.

ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവത്തിൽ വെച്ചാണ് ‘കേരളാ ടൂറിസത്തിന്റെ ചരിത്രവും വർത്തമാനവും’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ജമാൽ അൽ ഖാസിമി പുസ്തകം പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പുസ്തകം ഏറ്റുവാങ്ങി.

‘കേരളാ ടൂറിസത്തിന്റെ ചരിത്രവും വർത്തമാനവും’ ഒരു ചെറിയ ശ്രമമാണെന്നും നമ്മുടെ നാടിന്റെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുവാൻ ഈ പുസ്തകം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുംബൈ: ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണമാണെന്ന് ഗാനരചയിതാവ് ജാവേദ് അക്തർ. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമാൺ സേന (എംഎൻഎസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സമൂഹത്തിൽ അസഹിഷ്ണുത വർധിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അക്തർ, ഹിന്ദുക്കൾ ഉദാരമതികളും വിശാലഹൃദയരുമാണെന്ന് പറഞ്ഞു. ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടിൽ ജനിച്ചതിൽ അഭിമാനമുണ്ട്. താൻ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമായണം നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. നിരവധി ദൈവങ്ങൾ നമുക്കുണ്ട്. മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭർത്താവിനെയും കുറിച്ചു സംസാരിക്കുമ്പോൾ സീതയും രാമനുമാണ് മനസ്സിലേക്കു വരുന്നത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു മതത്തിനെ രാജ്യത്തിൽ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ദൗദ്രാജ് സിംഗ് എന്ന വ്യക്തി നൽകിയ പൊതു താത്പര്യ ഹർജിയാണ് കോടതി തള്ളിയത്.
ഇവ കോടതി പരിഗണിച്ചാൽ നാളെ മറ്റാരെങ്കിലും ഇസ്ലാം മതത്തിനെയും, ക്രിസ്തു മതത്തിനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും എന്നും ഹർജി തള്ളി കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരതത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും ഈ വർഷം 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെന്റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റെന്നും അദ്ദേഹം വിശദമാക്കി.

വയനാട്: വയനാട് വർക്കേഷന് പറ്റിയ മികച്ച ഇടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ വയനാടിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ച് ജോലിചെയ്യുന്ന വർക്കേഷൻ ഒരുക്കുന്നതിനുള്ള പദ്ധതി കെടിഡിസി ഇപ്പോൾ സംസ്ഥാനതലത്തിൽ തന്നെ ആരംഭിക്കുന്നുണ്ട്. അതിൽ വയനാട്ടിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കും. കോവിഡനന്തര ടൂറിസത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു ട്രെൻഡായിരുന്നു വർക്കേഷൻ. കോവിഡിനുശേഷം ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഞങ്ങൾ വയനാടിനുമാത്രമായി പ്രത്യേകമായ കാമ്പയിൻ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ആ കാമ്പയിൻ. വയനാട്ടിൽ വന്നു താമസിക്കാമെന്നും സുരക്ഷിതമായി, ശാന്തമായി ജോലിചെയ്യാമെന്നുമാണ് നമ്മൾ മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രാധാന്യം നൽകും. പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ 4 ജില്ലകളിലെ ജില്ലാ സർവെയലൻസ് ഓഫീസർമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ എന്നിവരടങ്ങുന്നവരായിരിക്കും ടീം. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്കായിരിക്കും ചുമതല. ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാൽ സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തേണ്ടതാണ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കും. എല്ലാ പ്രധാന ഭാഷകളിലും അവബോധം നടത്താനും മന്ത്രി നിർദേശം നൽകി.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികൾ നവംബർ 1 മുതൽ പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ളവ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്പെൻസറി നവംബർ 15 മുതൽ പ്രവർത്തിക്കും.

അടൂർ ജനറൽ ആശുപത്രിയിലും, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശബരിമല പ്രത്യേക വാർഡ് സജ്ജാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിക്കും. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സമയബന്ധിതമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്. മരുന്നുകളുടെ ലഭ്യതയും ആംബുലൻസുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ കൺട്രോൾ റൂം സ്ഥാപിക്കും.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നതാണ്. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയിൽ 4 എമർജൻസി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുവെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കെ എസ് യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

സംസ്ഥാന ഭാരവാഹികൾക്ക് പൊലീസ് മർദ്ദനമേറ്റതിനെ തുടർന്നാണ് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. സംഘർഷത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പോലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റു. ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെഎസ്യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുയർത്തിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിന്റെ ആറ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

കേരള വർമ്മ കോളേജിലെ കോളേജിലെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യമാണ് കെ എസ് യു മുന്നോട്ടു വെയ്ക്കുന്നത്.

റായ്പുർ: ഛത്തീസ്ഗഡിൽ ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർത്ഥി കൊല്ലപ്പെട്ടത്. ബിജെപി ഉപാധ്യക്ഷനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. നാരായൺപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു ദുബെ

മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർഥി കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് അറിയിച്ചു.