തിരുവനന്തപുരം: കോൺഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിലകൊണ്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാർട്ടി നയമെന്നും ഹസ്സൻ വ്യക്തമാക്കി. ഇസ്രയേൽ അതിർത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ നേട്ടം വിവരിക്കാൻ ഉള്ള യാത്ര ധൂർത്താണ്. ജന സദസിൽ മുഴുവൻ നടക്കുന്നത് പിരിവാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ക്വോട്ട വെച്ചാണ് പിരിവ്. കേരളീയത്തിനു ടെണ്ടറില്ലാതെ 27 കോടി രൂപയാണ് പൊടിക്കുന്നത്. തലസ്ഥാനത്തെ വെള്ളക്കെട്ട് പോലും പരിഹരിക്കാതെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും എം എം ഹസൻ വിമർശിച്ചു.

