എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളുമായി ബന്ധപ്പെട്ട് എക്സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നടപടി.
കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന എംഡിഎംഎ ഒരേ കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്നതാണോയെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കലൂരിലെ വാടക വീട്ടിൽ നിന്നായിരുന്നു 82 ഗ്രാമും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാമും പിടിച്ചെടുത്തിരുന്നു.
എറണാകുളം കാക്കനാട് നിന്നും 8.75 ഗ്രാം MDMA, 8.25 ഗ്രാം മയക്കുമരുന്ന് ഗുളികകൾ, 12 ഗ്രാം കഞ്ചാവ് എന്നിവയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ കാക്കനാട് അത്താണി സ്വദേശി ഉമറുൽ ഫാറൂഖ് ആണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. എറണാകുളത്തെ ലഹരി വിതരണക്കാരിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഉമറുൽ ഫാറൂഖ്.

