തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജിഎസ്ടി ഏർപ്പെടുത്തുന്നു. ചലച്ചിത്ര അക്കാദമി തീരുമാനത്തെ അംഗീകരിച്ചിട്ടില്ല.
ചെറുതും വലുതുമായ മേളകളെയും ഭാവിയിൽ ഇതു ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 18 ശതമാനം ജിഎസ്ടിയുടെ അധികബാധ്യത പ്രതിനിധികളുടെ തലയിൽവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാംസ്‌കാരിക പ്രവർത്തനത്തിനും ചുങ്കം എന്ന ആക്ഷേപമാണ് ചലച്ചിത്ര പ്രവർത്തകർ മുന്നോട്ടുവെയ്്ക്കുന്നത്.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനും ചലച്ചിത്രമേളയുടെ നടത്തിപ്പിനും ചെലവിടുന്നത് നികുതിയടക്കമുള്ള വരുമാനത്തിൽ നിന്ന് ഗ്രാന്റായി സർക്കാർ നൽകുന്ന പണമാണ്. ഇനിയുള്ള അവസ്ഥ നികുതിപ്പണത്തിനുതന്നെ വീണ്ടും നികുതി നൽകേണ്ടിവരുമെന്നതാകും. ഫെസ്റ്റിവൽ ബുക്ക്, ഷെഡ്യൂൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റ് പ്രതിനിധികൾക്ക് നൽകുന്നുണ്ട്. സാധാരണ പ്രതിനിധികൾക്ക് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. ജിഎസ്ടി. വരുമ്പോൾ 1180 രൂപ, 590 രൂപ എന്നിങ്ങനെയാകും നിരക്ക്.

