Highlights (Page 133)

മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഉറക്കം മെച്ചപ്പെടുത്താനുമുള്ള മികച്ച മാർഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. പിരിമുറുക്കം, സമ്മർദ്ദം അല്ലെങ്കിൽ ഉത്കണ്ഠ എന്നീ അവസ്ഥകളിലൂടെ കടന്നുപോകുകയാണെങ്കിൽ സമാധാനം കണ്ടെത്തുന്നതിനായി ധ്യാനം പരിശീലിക്കണം. ധ്യാനത്തിന് പരിശീലകനോ ഉപകരണങ്ങളോ പ്രത്യേക പരിശീലനമോ ഒന്നും ആവശ്യമില്ല. നിങ്ങളുടെ സൗകര്യാർത്ഥം വീട്ടിനുള്ളിൽ തന്നെ മെഡിറ്റേഷൻ ചെയ്യാം.

ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നു എന്നതാണ് ധ്യാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ധ്യാനം ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുകയും ചെയ്യും. ഏകാഗ്രത വർധിപ്പിക്കാനും യോഗ സഹായിക്കും. ധ്യാനം ചെയ്യുമ്പോൾ കൂടുതൽ ഓക്സിജൻ എടുക്കുകയും പതുക്കെ ശ്വസിക്കുകയും ചെയ്യുന്നു. ഈ ശ്വസനരീതി ശ്വാസകോശങ്ങളെ വികസിപ്പിക്കാനും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മദ്യപാനം, മയക്കുമരുന്ന് ആസക്തി, മറ്റ് ബലഹീനതകൾ എന്നിവയ്ക്കുള്ള ചികിത്സകൾ ചെയ്യുന്ന ആളുകളോട് പലപ്പോഴും ധ്യാനം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങളോടുള്ള ആസക്തിയെ നിയന്ത്രിക്കാൻ ധ്യാനം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കും. പിരിമുറുക്കം ഒഴിവാക്കി ധ്യാനം ശരീരത്തെ വിശ്രമിക്കാൻ അനുവദിക്കുകയും മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ധ്യാനം സഹായിക്കും. ഇത് ഹൃദയത്തിൽ അധികം സമ്മർദ്ദം ചെലുത്താതെ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തും.

വയനാട്: സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടിയിൽ ആരംഭിക്കുന്നു. പരിക്കേറ്റും അവശതയിലും എത്തുന്ന കടുവകൾക്കും പുലികൾക്കും ഇനി ചികിത്സയ്ക്കും പരിചരണത്തിനുമൊപ്പം വനസമാന പുൽപറമ്പുകളിൽ താമസിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ശനിയാഴ്ച്ച വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 2 ഹെക്ടർ വനഭൂമിയിലാണ് കുപ്പാടിക്കടുത്ത് നാലാം മൈലിൽ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് തയ്യാറാക്കിയ കേന്ദ്രത്തിന്റെ ചെലവ് 1.14 കോടി രൂപ യാണ്. കേന്ദ്രത്തിനു ചുറ്റും കിടങ്ങും സോളർ വൈദ്യുത വേലിയും നിർമിച്ചിട്ടുണ്ട്. ഒരേ സമയം 4 കടുവകളെയോ പുള്ളിപ്പുലികളെയോ സംരക്ഷിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ചികിത്സ നടത്തുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെയും ദ്രുതകർമസേനയുടെയും സേവനം ഇവിടെ ഉറപ്പാക്കും.

ചികിത്സയിൽ കഴിയുന്ന കടുവകളെയും പുള്ളിപ്പുലികളെയും അവയുടെ ആവാസവ്യവസ്ഥയ്ക്കു തുല്യമായ വനസമാന സൗകര്യങ്ങളിൽ തുറന്നു വിടാനായി 2 വീതം ടൈഗർ, ലെപ്പേഡ് പെഡോക്കുകൾ (പുൽപറമ്പുകൾ) ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 25 ചതുരശ്ര മീറ്ററാണ് പെഡോക്കുകളുടെ വിസ്തീർണ്ണം. ഇതിന്റെ ചുറ്റും ഉയരത്തിലുള്ള കമ്പിയഴികളുള്ളതും മുകൾവശം തുറന്നതുമാണ്. എന്നാൽ പുലികൾക്കായുള്ള 2 പെഡോക്കുകളുടെ മുകൾഭാഗവും അടച്ചതാണ്.

പരിക്കേറ്റ മറ്റ് വന്യജീവികളെ ചികിത്സിക്കുന്നതിനായി സ്ഥിരമായി ഉറപ്പിച്ചിട്ടുള്ള സ്‌ക്യൂസ് കേജും ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന സ്‌ക്യൂസ് കേജും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറുമുള്ള നിരീക്ഷണത്തിനായി സിസിടിവി സൗകര്യവും ഇവിടെയുണ്ട്. വെറ്ററിനറി യൂണിറ്റ്, ഗോഡൗൺ, ജലവിതരണ സംവിധാനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, സംരക്ഷണ വേലി തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങൾ.

യുക്രൈനില്‍ കുടുങ്ങിക്കിടന്ന 219 ഇന്ത്യക്കാരുമായി റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്സില്‍ നിന്ന് ഇന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി ഒമ്പതരയോടെ മുംബൈയിലെത്തും. ഇതില്‍ 19 മലയാളികളും ഉള്‍പ്പെടുന്നുണ്ട്.

നിലവില്‍ 16000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര്‍ മലയാളികളാണെന്നാണ് സൂചന.

റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിക്കാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി സജ്ജമാക്കാന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധം ശക്തമല്ലാത്തതിനാല്‍ ആദ്യം ഇവിടെ നിന്നുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.

എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി തുടങ്ങിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 27 സര്‍വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്സ് സിഇഒ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്ബരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ വിവരം നല്‍കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

ചെന്നൈ: യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് യുക്രൈനിലേക്ക് പഠനാവശ്യങ്ങള്‍ക്കായി പോയ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കീവില്‍ ആണുള്ളതെന്നാണ് വിവരം. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുമുള്ള യുദ്ധ സാഹചര്യത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാര്‍. ഇവരെ മടക്കിക്കൊണ്ടുവരാന്‍ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ അയക്കുമെന്ന് സൂചനയുണ്ട്. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്.

പലയിടത്തും ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈന്‍ പ്രസിഡന്റിന് നല്‍കിയിരുന്നു. വ്യോമമേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് തീരുമാനം. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ തുടങ്ങി കഴിഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ പത്ത് ജില്ലകളിലും ഭരിക്കുന്നത് വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ നിയമിച്ചതോടെയാണ് വനിതാ കളക്ടർമാരുടെ എണ്ണം പത്തായി ഉയർന്നത്. സംസ്ഥാനം കരസ്ഥമാക്കുന്ന റെക്കോർഡ് നേട്ടമാണിത്. ആദ്യമായാണ് സംസ്ഥാനത്തിന് ഇത്തരമൊരു സ്ത്രീ മുന്നേറ്റം ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയും കൊല്ലത്ത് അഫ്‌സാന പർവീണും പത്തനംതിട്ടയിൽ ഡോ ദിവ്യ എസ് അയ്യരും ആലപ്പുഴയിൽ രേണു രാജും, കോട്ടയത്ത് ഡോ പി കെ ജയശ്രീയും തൃശൂരിൽ ഹരിത വി കുമാറുമാണ് ജില്ലാ കളക്ടർമാർ.

പാലക്കാട് മൃൺമയി ജോഷിയും വയനാട് എം ഗീതയും കാസർകോട് ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും ഇടുക്കിയിൽ ഷീബാ ജോർജുമാണ് ജില്ലാ കലക്ടർമാർ. എറണാകുളത്തും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലും മാത്രമാണ് ഇപ്പോൾ പുരുഷന്മാർ കളക്ടർമാർ സേവനം അനുഷ്ഠിക്കുന്നത്. ബുധനാഴ്ച്ചയാണ് ആലപ്പുഴ കളക്ടറായി രേണു രാജിനെ നിയമിച്ചത്.

വാഷിംഗ്ടൺ: റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. യുക്രൈനിൽ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക റഷ്യയ്ക്ക് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അതിക്രമിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വി്‌ശേഷിപ്പിച്ചത്. പുടിനും റഷ്യയും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാൽ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡൻ അറിയിച്ചു. അന്താരാഷ്ട്ര വേദിയിൽ പുതിൻ പരിഹാസ്യനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുർബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ മരവിപ്പിക്കുകയും ചെയ്യും. 21-ാം നൂറ്റാണ്ടിൽ ഹൈടെക് സമ്പദ് വ്യവസ്ഥയിൽ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി/കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ. കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസിയുടെ തീരുമാനം. എല്ലാ പൗരന്മാരോടും പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുക്രൈനിലെ പല നഗരങ്ങളിലും കനത്ത ആക്രമണമണം തുടരുകയാണ്. കിഴക്കന്‍ യുക്രൈന്റെ അതിര്‍ത്തിമേഖലകളില്‍ റഷ്യന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് എത്താനാണ് വിദേശകാര്യ മന്ത്രാലയവും എംബസിയും ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെടാന്‍ സാധ്യത. യുക്രൈന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യക്ക്‌ മികച്ച നയതന്ത്രബന്ധമുള്ളതിനാല്‍ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍. യുക്രൈനിലെ പൊതുഗതാഗത സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

2320 മലയാളി വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇവരെ തിരികെ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളും കുടുങ്ങിയിട്ടുണ്ട്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്.

മോസ്‌കോ: യുക്രൈനിനെ കീഴടക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യം. പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുടിന്‍ പ്രഖ്യാപിച്ചത്.

അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ ഇടപെടുന്നപക്ഷം, ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നിങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുടിന്‍ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ റഷ്യ നിര്‍ണായക തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി കരുതുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാല്‍, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകള്‍ക്കടക്കം അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

‘ഫ്രണ്ട്‌സ്’ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ ഹരജിക്കാരന്‍ മറ്റ് രണ്ടുപേരെക്കൂടി ഗ്രൂപ് അഡ്മിനായി ചേര്‍ത്തിരുന്നു. ഇതില്‍ ഒരാള്‍ ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും ഹരജിക്കാരനെ രണ്ടാം പ്രതിയായും ചേര്‍ത്ത് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. അശ്ലീല വിഡിയോ ഷെയര്‍ ചെയ്‌തെന്ന് കൃത്യമായ ആരോപണങ്ങളൊന്നും ഹരജിക്കാരനെതിരെ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി, തുടര്‍ന്ന് ഹരജിക്കാരനെതിരെ ചുമത്തിയ കുറ്റം റദ്ദാക്കി.