ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയിലേക്ക് തിരിച്ചു; 19 മലയാളികള്‍

യുക്രൈനില്‍ കുടുങ്ങിക്കിടന്ന 219 ഇന്ത്യക്കാരുമായി റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്സില്‍ നിന്ന് ഇന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി ഒമ്പതരയോടെ മുംബൈയിലെത്തും. ഇതില്‍ 19 മലയാളികളും ഉള്‍പ്പെടുന്നുണ്ട്.

നിലവില്‍ 16000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര്‍ മലയാളികളാണെന്നാണ് സൂചന.

റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിക്കാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി സജ്ജമാക്കാന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധം ശക്തമല്ലാത്തതിനാല്‍ ആദ്യം ഇവിടെ നിന്നുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.