പാസ്‌പോര്‍ട്ട് കരുതുക; പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തണം; പൗരന്മാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ

ന്യൂഡല്‍ഹി/കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ. കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസിയുടെ തീരുമാനം. എല്ലാ പൗരന്മാരോടും പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുക്രൈനിലെ പല നഗരങ്ങളിലും കനത്ത ആക്രമണമണം തുടരുകയാണ്. കിഴക്കന്‍ യുക്രൈന്റെ അതിര്‍ത്തിമേഖലകളില്‍ റഷ്യന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് എത്താനാണ് വിദേശകാര്യ മന്ത്രാലയവും എംബസിയും ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെടാന്‍ സാധ്യത. യുക്രൈന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യക്ക്‌ മികച്ച നയതന്ത്രബന്ധമുള്ളതിനാല്‍ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍. യുക്രൈനിലെ പൊതുഗതാഗത സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

2320 മലയാളി വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇവരെ തിരികെ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളും കുടുങ്ങിയിട്ടുണ്ട്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്.