Highlights (Page 134)

തിരുവനന്തപുരം: നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചനം അറിയിച്ച് താരങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, നവ്യാ നായർ, നമിതാ പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ കെപിഎസി ലളിതയ്ക്ക് അനുശോചനം അറിയിച്ചു. വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടമായത് സ്വന്തം ചേച്ചിയെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാരിയർ പ്രതികരിച്ചു. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട നൽകുന്നുവെന്ന് മഞ്ജു വാര്യർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തന്റെ സഹപ്രവർത്തകയല്ല , സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു കെപിഎസി ലളിതയെന്ന് നവ്യാനായർ അനുസ്മരിച്ചു. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശ്ശബ്ദയായി പോകുന്നുവെന്നും നവ്യാ നായർ വ്യക്തമാക്കി. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു കെപിഎസി ലളിതയുടെ ആഗ്രഹം അതങ്ങനെ തന്നെ നടന്നുവെന്നും നവ്യാ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻഡസ്ട്രിക്കും വ്യക്തിപരമായി തനിക്കും കെപിഎസി ലളിതയുടെ വിയോഗം എത്രത്തോളം വലിയ നഷ്ടമാണെന്ന് വാക്കുകൾക്ക് വിവരിക്കാനാവില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിൽ കെപിഎസിയുടെ ആദ്യ സിനിമ മുതൽ ഉദയയുമായി ബന്ധപ്പെട്ടിരിക്കുന്നു. താൻ ഒരു അഭിനേതാവായി അവതരിപ്പിച്ച തന്റെ ആദ്യ സിനിമയിൽ തന്നെ അവർ ഉണ്ടായിരുന്നു. പിന്നെയും ഒരുപാട് സിനിമകൾക്കായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു, അവിടെ എന്റെ പ്രിയപ്പെട്ട അമ്മയും മുത്തശ്ശിയുമായിരുന്നു. താൻ ആദ്യമായി നിർമ്മാതാവായി മാറിയ ഉദയ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രൊഡക്ഷനിലേക്ക് വന്നപ്പോൾ അവിടെയും കെപിഎസി ലളിതയുണ്ടായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എല്ലായ്പ്പോഴും ഒരു അഭ്യുദയകാംക്ഷിയാണ്, ഒരു സഹനടനെന്നതിലുപരികുടുംബത്തെപ്പോലെയായിരുന്നു. കെപിഎസി ലളിതയുടെ അനുഗ്രഹം ലഭിക്കാൻ തന്റെ മകന് ഭാഗ്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 950 അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 54 ഒഴിവുകളാണുള്ളത്. ഹൈദരാബാദില്‍ 40 ഒഴിവുകളുണ്ട്. ബിരുദം പാസായവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി 2022 മാര്‍ച്ച് നകം അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ്, വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യതകളുടെ വിശദാംശങ്ങള്‍ അറിയുക.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ബിരുദം നേടിയിരിക്കണം. അപേക്ഷകര്‍ 2022 ഫെബ്രുവരി 1-ന് 20-നും 28-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവുമാണ് ഇളവ്. പ്രിലിമിനറി, മെയിന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭാഷാ പ്രാവീണ്യം പരീക്ഷ പ്രാദേശിക ഭാഷയിലാണ്. തിരുവനന്തപുരത്തെ ആര്‍ബിഐ ഓഫീസില്‍ ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മലയാളം ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,700 രൂപയാണ് ശമ്ബളം. ബേസിക് 20,700 രൂപയായിരിക്കും.

ആര്‍ബിഐ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ഘട്ടം 1- ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം https://opportunities.rbi.org.in/ എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യണം.

ഘട്ടം 2- ഒഴിവുകള്‍ വിഭാഗത്തിലെ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുക.

എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂര്‍ണ്ണമായും വായിക്കണം.

ഘട്ടം 3- അസിസ്റ്റന്റ് – 2021 തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 4- ഒരു പുതിയ പേജ് തുറക്കും.

ഘട്ടം 5- പുതിയ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷാ പ്രക്രിയയില്‍ ആകെ 6 ഘട്ടങ്ങളുണ്ട്.

ഘട്ടം 6- ആദ്യ ഘട്ടത്തില്‍ പേര്, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം.

ഘട്ടം 7- രണ്ടാം ഘട്ടത്തില്‍ നിങ്ങള്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഘട്ടം 8- മൂന്നാം ഘട്ടത്തില്‍, യോഗ്യതകളും മറ്റ് വിശദാംശങ്ങളും നല്‍കണം.

ഘട്ടം 9- നാലാം ഘട്ടത്തില്‍, ആപ്ലിക്കേഷന്‍ പ്രിവ്യൂ നോക്കി എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.

ഘട്ടം 10- അഞ്ചാം ഘട്ടത്തില്‍ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഘട്ടം 11- ആറാം ഘട്ടത്തില്‍ ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 450 രൂപയും എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍ക്ക് 50 രൂപയും ഫീസ് അടയ്ക്കേണ്ടതുണ്ട്.

ഘട്ടം 12- അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.

മാര്‍ച്ച് 8-നകം ഫീസ് അടയ്ക്കലും അപേക്ഷാ സമര്‍പ്പണവും പൂര്‍ത്തിയാക്കണം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസാന തീയതിയും 2022 മാര്‍ച്ച് 8 ആണ്. പ്രിന്റ് അപേക്ഷ 2022 മാര്‍ച്ച് 23 വരെ എടുക്കാം. ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ 2022 മാര്‍ച്ച് 26, 27 തീയതികളിലും മെയിന്‍ പരീക്ഷ 2022 മേയിലും നടക്കും.

കൊച്ചി: കൊച്ചി മെട്രോ പാതയില്‍ പത്തടിപ്പാലത്ത് നേരിയ ചെരിവുണ്ടെന്നും, അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്നാല്‍, പരിശോധനകളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ അഡീഷനല്‍ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും നിര്‍ദ്ദേശം നല്‍കി.

പൈലിനും പൈല്‍ കാപ്പിനും കേടില്ല. പാലത്തിനു സംഭവിച്ച ചെരിവു കാരണം പാളത്തിന്റെ അലൈന്‍മെന്റിനും നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇത് അപകടകരമായ സഹചര്യമല്ല എന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടതില്ല. കനത്ത മഴയ്ക്കു ശേഷം മണ്ണിന്റെ ഘടനയില്‍ മാറ്റമോ മണ്ണ് നഷ്ടപ്പെടുന്ന (സോയില്‍ ലോസ്) അവസ്ഥയോ ഉണ്ടായോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കെഎംആര്‍എല്‍ ഓഫീസില്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ, കെഎംആര്‍എല്‍ ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും, ഇതുവരെ നടത്തിയ പരിശോധനകളുടെ വിവരങ്ങളും മണ്ണിന്റെ ഘടനയുടെ റിപ്പോര്‍ട്ടും ശ്രീധരന്‍ ചര്‍ച്ച ചെയ്തു. പരിശോധനാ റിപ്പോര്‍ട്ടും കണക്കുകളും വച്ച് ഇനി എന്തു ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നു കെഎംആര്‍എല്‍ അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാകും വരെ ഇപ്പോഴുള്ള വേഗ നിയന്ത്രണം തുടരും. നിലവിലുള്ള പൈലിങ്ങിനു ക്ഷതം സംഭവിച്ചോ എന്നും ഭൂമിക്കടിയിലെ പാറയില്‍ തന്നെ പൈലിങ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണു അള്‍ട്രാ സോണിക് പരിശോധന.

കോടിorts

കേരളത്തിന്റെ കായിക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് വഴി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്തെ കായികമേഖലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 58 പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ഇതില്‍ ഒൻപത് എണ്ണം പൂര്‍ത്തിയായി. എട്ട് പ്രവൃത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 43 ഫുട്ബോള്‍ ഗ്രൗണ്ട്, 33 ഇന്‍ഡോര്‍ സ്റ്റേഡിയം, 27 സിന്തറ്റിക് ട്രാക്ക്, 33 സ്വിമ്മിംഗ്പൂള്‍ എന്നിവ യാഥാര്‍ത്ഥ്യമാകും.

പറളി സ്‌കൂളില്‍ 1.75 ഏക്കര്‍ സ്ഥലത്ത് 7 കോടി രൂപ ചെലവില്‍ സ്പോട്സ് കോംപ്ലക്സ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട്, ചിറ്റൂര്‍, കൊടുമണ്‍, ചാലക്കുടി, എടപ്പാള്‍, തലശ്ശേരി, കൂത്തുപറമ്പ്, അയ്മനം എന്നിവിടങ്ങളില്‍ കായികസമുച്ചയങ്ങള്‍ പൂര്‍ത്തിയായി. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കും ഫുട്ബോള്‍ കോര്‍ട്ടും സ്വിമ്മിങ്ങ്പൂളും ഉള്‍പ്പെടെ കായികസമുച്ചയം പൂര്‍ത്തിയായി. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ കിഫ്ബി 40 കോടി വീതം അനുവദിച്ച ജില്ലാ സ്റ്റേഡിയങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുത്തു. പത്തനംതിട്ടയില്‍ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും. ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരിലെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കുന്നംകുളം ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ 7 കോടി രൂപ വീതം മുടക്കി സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം തുടങ്ങി.

എറണാകുളം മഹാരാജാസ് മൈതാനത്ത് ഹോക്കി ടര്‍ഫ് നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി, മാര്‍ച്ചില്‍ നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങും. മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്ങ് സെന്റര്‍ കായികസമുച്ചയമായി ഉയര്‍ത്താന്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഒരു കോടി രൂപ ചെലവില്‍ മൂന്നാര്‍ എച്ച്എടിസിയിലുള്ള ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തുകയും ഫിറ്റ്നസ് സെന്റര്‍ ഒരുക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 2017ല്‍ കായിക വകുപ്പ് ഏറ്റെടുത്ത രണ്ട് സ്പോര്‍ട്സ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 16 കോടി രൂപയുടെയും കണ്ണൂര്‍ സ്പോർട്സ് ഡിവിഷനില്‍ 6 കോടിയുടെയും വികസനം നടപ്പാക്കി. ജിവി രാജയില്‍ ഫുട്ബോള്‍, ഹോക്കി ഗ്രൗണ്ടുകളും സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരുക്കി. ക്ലാസ് മുറികളും ഹോസ്റ്റലുകളും കിച്ചനും നവീകരിച്ചു. കണ്ണൂരില്‍ ഹോസ്റ്റല്‍ കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഒരുക്കി. വളര്‍ന്നുവരുന്ന കുട്ടികളുടെ കായിക താത്പര്യങ്ങള്‍ക്ക് പരിശീലനം കൊടുത്ത് വളര്‍ത്തിയെടുക്കാനും കായിക രംഗത്തെ മികച്ച നേട്ടങ്ങൾ എത്തിപ്പിടിക്കാനും അടിസ്ഥാന സൗകര്യവികസനത്തിന്റെ ട്രാക്കിൽ കുതിക്കുകയാണ് കേരളം.

ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായുള്ള 100 ദിന കർമ പരിപാടിയിൽപ്പെടുത്തി ലൈഫ് മിഷനിലൂടെ 20,000 വീടുകളും മൂന്നു ഭവന സമുച്ചയങ്ങളും കൈമാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം മതിപ്പുറത്ത് നിർമിച്ച 320 ഭവനങ്ങൾ ഉൾപ്പെടുന്ന ഭവന സമുച്ചയത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനു മുന്തിയ പ്രാധാന്യം നൽകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാംപെയിനിൽ നിരവധി സുമനസുകൾ ഭൂമി നൽകി സഹകരിച്ചിട്ടുണ്ട്. കൂടുതൽ പേർ സഹകരിച്ചു പദ്ധതി വിജയപ്രദമാക്കണം. ജനങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് 100 ദിന കർമപരിപാടി പോലുള്ളവ സംഘടിപ്പിക്കുന്നത്. കേരളത്തെ മൂന്നാം സഹസ്രാബ്ദത്തിന്റെ വെല്ലുവിളി നേരാടാൻ കഴിയുംവിധം നവകേരളമാക്കി പുനർനിർമിക്കാൻ ഉതകുന്ന പരിപാടികളാണ് അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ സൂക്ഷ്മമായി ഇടപെട്ട് കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കും – മുഖ്യമന്ത്രി പറഞ്ഞു.

രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മതിപ്പുറത്ത് 72 കോടി ചെലവിൽ 1032 വീടുകളും അനുബന്ധ സൗകര്യങ്ങളും നിർമിക്കാനാണു നഗരസഭ തീരുമാനിച്ചിട്ടുള്ളതെന്നു മുഖ്യന്ത്രി ചൂണ്ടിക്കാട്ടി. നാലു ഘട്ടങ്ങളിലായാണു നടപ്പാക്കുന്നത്. വീടുകൾക്കു പുറമേ 1000 പേർക്ക് ഉപയോഗിക്കാവുന്ന കമ്യൂണിറ്റി ഹാൾ, രണ്ടു പഠന കേന്ദ്രങ്ങൾ, അംഗൻവാടി, ഹെൽത്ത് ക്ലിനിക്ക്, ഡ്രൈ ഫിഷ് പ്രൊസസിങ് യൂണിറ്റ്, വസ്ത്ര യൂണിറ്റ് തുടങ്ങിയയാണു വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 222 വീടുകളും അംഗൻവാടിയും കമ്യൂണിറ്റി ഹാളും പഠന കേന്ദ്രവും പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 320 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയം പൂർത്തിയാക്കി. കേന്ദ്ര, സംസ്ഥാന, നഗരസഭാ വിഹിതങ്ങൾ ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കാലാകാലങ്ങളിൽ പദ്ധതിച്ചെലവിലുണ്ടാകുന്ന വർധന നഗരസഭയാണു വഹിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾക്ക് 18.57 കോടിയാണു കേന്ദ്ര വിഹിതം. 11.14 കോടി സംസ്ഥാന വിഹിതവും 18.73 കോടി നഗരസഭയും വഹിക്കുന്നു. പദ്ധതിക്കായി സംസ്ഥാനവും നഗരസഭയും ചേർന്ന് 62 ശതമാനത്തോളം ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭവന സമുച്ചയത്തിനു സമീപം തയാറാക്കിയ പ്രത്യേക വേദിയിൽവച്ചാണു മുഖ്യമന്ത്രി കുടുംബങ്ങൾക്കു ഭവനങ്ങളുടെ താക്കോലുകൾ കൈമാറിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാവശ്യമായ ഭൂമി ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്കു നിരവധി പേർ സഹായവുമായി എത്തുകയാണെന്നും ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ പേർ ഇതിനോടു സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഡോ. ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടാ യിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചതെന്ന് മുൻമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെ സംഭാവനകൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയത്.

തോമസ് ഐസക്കിന്റെ കുറിപ്പ് :

മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സിൽ 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർമാൻ സ്ഥാനവും തുടർന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവൺമെന്റ് കോളേജിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്സ്, പല പ്രധാനപ്പെട്ട റോഡുകൾ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു.

എംഎസ്എഫിന്റെ പ്രവർത്തകനായിട്ടാണു രാഷ്ട്രീയ രംഗപ്രവേശനം. സംസ്ഥാന ട്രഷറർ ആയി. ഫറൂഖ് കോളേജ് യൂണിയൻ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയത് മലപ്പുറം മുനിസിപ്പൽ ചെയർമാൻ എന്ന നിലയിലാണ്.

ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.

ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അനുയോജ്യരായിട്ടുള്ള യുവരാഷ്ട്രീയ പ്രവർത്തകരെ കെആർപിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങൾ പ്ലാനിംഗ് ബോർഡിൽ നിന്നും തെരഞ്ഞെടുത്തതാകട്ടെ ഒട്ടുമിക്കപേരും പരിഷത്ത് പ്രവർത്തകരായിരുന്നു. അതിൽ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയിൽ നിന്നുള്ള കെആർപിമാർ ഒരു ടീമായിതന്നെ പ്രവർത്തിച്ചു. ഇത് ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതി നിർവ്വഹണത്തിനും വഴിയൊരുക്കി.

രണ്ടാംഘട്ട പരിശീലനവേളയിൽ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഞാൻ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോൺ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കിൽ വിവാദഭാഗങ്ങൾ ഒഴിവാക്കണമെന്ന ധാരണയിൽ പ്രശ്നം തീർത്തു. ഒരു പത്രത്തിലും ഇതു വാർത്തയുമായില്ല.

ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് അദ്ദേഹമായിരുന്നു മുനിസിപ്പൽ മന്ത്രി. 8 തവണ നിയമസഭാ അംഗമായി. ഒരു തവണ പാർലമെന്റ് അംഗവും. 5 മന്ത്രിസഭകളിൽ അംഗമായി. ഏറ്റവും കൂടുതൽകാലം വ്യവസായ മന്ത്രിയായി ഇരുന്നിട്ടുള്ളത് ശ്രീ. കുഞ്ഞാലിക്കുട്ടിയാണ്. 2001-06 കാലത്ത് വ്യവസായ വകുപ്പിനോടൊപ്പം ഐറ്റി വകുപ്പും അദ്ദേഹത്തിനായിരുന്നു. അക്കാലത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ 18-ന് പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷങ്ങൾ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നു സമ്മതിച്ചു. “കേരളത്തിലെ സാധാരണ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.” തദ്ദേശഭരണ വകുപ്പിന്റെ ഏകീകരണവും കോമൺ കേഡറിന്റെ രൂപീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണ ജനങ്ങളുടെ സേവനാവകാശങ്ങൾ വേഗതയിൽ ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കും. എന്നാൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടൽ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിയമസഭയിൽ ആയാലും പുറത്തായാലും തൽസമയ പ്രസംഗമാണു ശൈലി. നിയസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യിൽ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും.

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന ലംഘിച്ചുവെന്നാണ് ജയശങ്കർ പറയുന്നത്. അതിർത്തിയിലെ സംഘർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതെന്നും അദ്ദേഹം പറഞ്ഞു.

രാജൻ തമ്മിലുള്ള ബന്ധത്തെ അതിർത്തിയിലെ അവസ്ഥ ബാധിക്കും. ഒരു രാജ്യം ഉടമ്പടികൾ ലംഘിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിനിടയിലെ വലിയ പ്രശ്നമാണ്. ചൈന ധാരണകൾ തെറ്റിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. യഥാർത്ഥ നിയന്ത്രണരേഖയിൽ ഒരു കാരണവശാലും സൈനിക വിന്യാസം നടത്തരുതെന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇന്ന് ചൈന ഇതിൽ മാറ്റം വരുത്തി. ഇതോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. യഥാർത്ഥ നിയന്ത്രണരേഖയിൽ സൈനികർ എത്തിയതല്ല മറിച്ച് ഉടമ്പടികൾ മുഴുവനും ചൈന ലംഘിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

നിര്‍ദ്ദേശങ്ങള്‍ അറിയാം…

സ്‌കൂളും പരിസരവും പൂര്‍ണമായി വൃത്തിയാക്കി അണുനശീകരണം നടത്തണം. ശുദ്ധജല ടാങ്കും കിണറും പാചകപ്പുരയും വാഹനങ്ങളും അടക്കം വൃത്തിയാക്കണം.

ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം.

സ്‌കൂള്‍, ക്ലാസ് പിടിഎകള്‍ ചേരണം. കുട്ടികള്‍ പാലിക്കേണ്ട കോവിഡ് ചട്ടങ്ങള്‍ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണം.

ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ്, എക്‌സൈസ് പ്രതിനിധികള്‍ ഒരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

ലഹരി മാഫിയയ്‌ക്കെതിരെ പൊലീസും എക്‌സൈസും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

തെര്‍മല്‍ സ്‌കാനര്‍ വേണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം.

സ്‌കൂള്‍ സമയത്ത് ക്ലാസ് മുറികളും ഹാളുകളും പൂര്‍ണമായി തുറന്നിട്ടു വായുസഞ്ചാരം ഉറപ്പു വരുത്തണം.

കുട്ടികളുടെ ആരോഗ്യം, കോവിഡ് വിവരങ്ങള്‍, വീട്ടിലെ സ്ഥിതി, യാത്രാസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിക്കണം. ഓരോ വിഷയത്തിലും കുട്ടികളുടെ ഇപ്പോഴുള്ള പഠനനിലവാരം രേഖപ്പെടുത്തണം.

കുട്ടികള്‍ക്കു മാനസിക പിന്തുണയ്ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കണം.

നാളെമുതല്‍ പുതിയ ടൈംടേബിള്‍ വേണം. അധ്യാപകരുടെ ചുമതലാ വിഭജനവും പൂര്‍ത്തിയാക്കണം.

പാഠഭാഗങ്ങള്‍ നിശ്ചിത സമയത്തിനകം തീര്‍ക്കണം. അധ്യാപകര്‍ കോവിഡ് ബാധിച്ച് അവധിയിലാണെങ്കില്‍ പകരം താത്കാലിക അധ്യാപകരെ നിയമിക്കാം.

ഓണ്‍ലൈന്‍ ക്ലാസ് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ തുടരാം. ഭിന്നശേഷിക്കാര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്കും പഠനത്തിനു പിന്തുണ നല്‍കണം.

ഉച്ചഭക്ഷണം നല്‍കണം. കുട്ടികളുടെ സ്‌കോളര്‍ഷിപ്പും ഗ്രാന്റും ഉറപ്പാക്കാനും നടപടി വേണം.

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവരും സ്‌കൂളില്‍ പോകരുത്. കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വരുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ഇതു ബാധകമാണ്.

അധ്യാപകര്‍, അനധ്യാപകര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്‌സീനും എടുത്തിരിക്കണം.

15 വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ഥികളും വാക്‌സീനെടുക്കണം.

വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിച്ചു മാത്രം വീട്ടില്‍ നിന്നിറങ്ങുക. നനഞ്ഞതോ ഉപയോഗക്ഷമമല്ലാത്തതോ ആയ മാസ്‌ക് ധരിക്കരുത്. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ തൊടരുത്.

പഠനോപകരണങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവ പങ്കുവയ്ക്കരുത്.

ഭക്ഷണം കഴിക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കുക; സംസാരം ഒഴിവാക്കുക. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്.

ശുചിമുറിയില്‍ പോയ ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക.

ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടുക.

തിരികെ വീട്ടിലെത്തുമ്പോള്‍ കുളിച്ചശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

മാസ്‌ക്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കണം.

എന്തെങ്കിലും രോഗലക്ഷണമുണ്ടായാല്‍ വീട്ടില്‍ മാക്‌സ് ഉപയോഗിക്കണം.

കൊച്ചി : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തതിനാണ് സർക്കാരിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധിച്ചാണ് അദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവുമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് എന്നും സാബു ജേക്കബ് ചോദിച്ചു.

പോലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചതും സംസ്കാര ചടങ്ങുകൾ നടത്തിയതും. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡി സതീശൻ കണ്ടാലറിയാവുന്ന പ്രതിയല്ലെയെന്നും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെന്നും സാബു ജേക്കബ് ചോദിക്കുന്നു.

കേരളത്തിൽ ഒരു കൂട്ടർക്ക് ഒരു നിയമവും മറ്റ് കൂട്ടർക്ക് മറ്റൊരു നിയമവുമാണ്. ഭരണം നടത്തുന്ന പാർട്ടിക്കും അവരുടെ എംഎൽഎമാർക്കും മന്ത്രിമാർക്ക് ഒരു നിയമമാണ് കേരത്തിലെന്നും അദ്ദേഹം വിമർശിച്ചു.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്.

കൂളിങ് ഗ്ലാസ് ധരിച്ച് സുന്ദരിയായി നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോകളിലുള്ളത്. എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ആയിഷയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. പ്രഭുദേവയാണ് ചിത്രത്തിൽ കൊറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കൊറിയോഗ്രാഫി നിർവഹിക്കുന്നത്. മലയാളത്തിലും അറബിയിലുമായാണ് ആയിഷ എന്ന ചിത്രം പുറത്തിറക്കുന്നത്.

നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചയിതാവ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.