യുക്രൈൻ സംഘർഷം; റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. യുക്രൈനിൽ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക റഷ്യയ്ക്ക് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അതിക്രമിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വി്‌ശേഷിപ്പിച്ചത്. പുടിനും റഷ്യയും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാൽ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡൻ അറിയിച്ചു. അന്താരാഷ്ട്ര വേദിയിൽ പുതിൻ പരിഹാസ്യനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുർബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ മരവിപ്പിക്കുകയും ചെയ്യും. 21-ാം നൂറ്റാണ്ടിൽ ഹൈടെക് സമ്പദ് വ്യവസ്ഥയിൽ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.