സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം വയനാട് ആരംഭിക്കുന്നു; ചെലവ് 1.14 കോടി

വയനാട്: സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടിയിൽ ആരംഭിക്കുന്നു. പരിക്കേറ്റും അവശതയിലും എത്തുന്ന കടുവകൾക്കും പുലികൾക്കും ഇനി ചികിത്സയ്ക്കും പരിചരണത്തിനുമൊപ്പം വനസമാന പുൽപറമ്പുകളിൽ താമസിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ശനിയാഴ്ച്ച വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 2 ഹെക്ടർ വനഭൂമിയിലാണ് കുപ്പാടിക്കടുത്ത് നാലാം മൈലിൽ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് തയ്യാറാക്കിയ കേന്ദ്രത്തിന്റെ ചെലവ് 1.14 കോടി രൂപ യാണ്. കേന്ദ്രത്തിനു ചുറ്റും കിടങ്ങും സോളർ വൈദ്യുത വേലിയും നിർമിച്ചിട്ടുണ്ട്. ഒരേ സമയം 4 കടുവകളെയോ പുള്ളിപ്പുലികളെയോ സംരക്ഷിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ചികിത്സ നടത്തുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെയും ദ്രുതകർമസേനയുടെയും സേവനം ഇവിടെ ഉറപ്പാക്കും.

ചികിത്സയിൽ കഴിയുന്ന കടുവകളെയും പുള്ളിപ്പുലികളെയും അവയുടെ ആവാസവ്യവസ്ഥയ്ക്കു തുല്യമായ വനസമാന സൗകര്യങ്ങളിൽ തുറന്നു വിടാനായി 2 വീതം ടൈഗർ, ലെപ്പേഡ് പെഡോക്കുകൾ (പുൽപറമ്പുകൾ) ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 25 ചതുരശ്ര മീറ്ററാണ് പെഡോക്കുകളുടെ വിസ്തീർണ്ണം. ഇതിന്റെ ചുറ്റും ഉയരത്തിലുള്ള കമ്പിയഴികളുള്ളതും മുകൾവശം തുറന്നതുമാണ്. എന്നാൽ പുലികൾക്കായുള്ള 2 പെഡോക്കുകളുടെ മുകൾഭാഗവും അടച്ചതാണ്.

പരിക്കേറ്റ മറ്റ് വന്യജീവികളെ ചികിത്സിക്കുന്നതിനായി സ്ഥിരമായി ഉറപ്പിച്ചിട്ടുള്ള സ്‌ക്യൂസ് കേജും ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന സ്‌ക്യൂസ് കേജും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറുമുള്ള നിരീക്ഷണത്തിനായി സിസിടിവി സൗകര്യവും ഇവിടെയുണ്ട്. വെറ്ററിനറി യൂണിറ്റ്, ഗോഡൗൺ, ജലവിതരണ സംവിധാനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, സംരക്ഷണ വേലി തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങൾ.