ന്യൂഡൽഹി; കോവിഡ് രണ്ടാം വ്യാപനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നു മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ശ്രദ്ധ വേണം.മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ക്കാണു നമ്മൾ പ്രാധാന്യം നൽകേണ്ടത്. ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു കൊറോണക്കാലത്താണു ജീവിക്കുന്നതെന്നു ജനത്തെ ഓർമിപ്പിക്കും. കർഫ്യൂവിനെ ‘കൊറോണ കർഫ്യു’ എന്നു വിശേഷിപ്പിക്കുന്നതു നല്ലതായിരിക്കും.പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം. വൈറസിനെതിരെ പോരാടാൻ ഇന്ന് രാജ്യത്തിന് കൂടുതൽ സാഹചര്യങ്ങളുണ്ട്.
ഏപ്രിൽ 11നും 14നും ഇടയിൽ ‘വാക്സീൻ ഫെസ്റ്റിവലുകൾ’ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 1.26 ലക്ഷം പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങൾ 70 ശതമാനം ആർടിപിസിആർ പരിശോധനകളെന്ന ലക്ഷ്യം പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് തിരിച്ചറിയാനും പോരാടാനും ഇതുമാത്രമാണു വഴി. സ്വയം മുൻകൈയെടുത്തു പരിശോധിക്കുന്നതും പ്രധാനമാണ്.
ഇപ്പോള്‍ കൂടുതൽ കേസുകളിലും ലക്ഷണങ്ങളില്ല. ചെറിയ രോഗങ്ങളായിരിക്കുമെന്നാണ് ആൾക്കാർ കരുതുന്നത്. അങ്ങനെ ആ കുടുംബത്തിനാകെ കോവിഡ് ബാധിക്കാൻ ഇടയാകുന്നു.രണ്ടാം തരംഗം നേരിടാൻ യുദ്ധസമാനമായ നടപടികളാണ് ആവശ്യം. പരിശോധന കൂട്ടണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവശ്രദ്ധ വേണം. അതെസമയം കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സംഘത്തെ അയക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.