ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്; മഹിഷ്മതിയിലെ പുതിയ കഥയുമായി രാജമൗലി

ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ബാഹുബലി ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്’ എന്ന ആനിമേറ്റഡ് സീരീസ് പുറത്തിറങ്ങുമെന്ന വാർത്തയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ എസ് എസ് രാജമൗലി തന്നെയാണ് ഈ ആനിമേറ്റഡ് ഷോ ഒരുക്കിയിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

ബാഹുബലി സിനിമയുടെ കഥ നടക്കുന്നതിന് മുൻപ് മഹിഷ്മതിയിൽ നടന്ന സംഭവങ്ങളാണ് പുതിയ സീരിസിലെ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനെയും ബാഹുബലി സീരിസിൽ അവതരിപ്പിച്ചിട്ടുണ്ട്.

ബാഹുബലിയുടെ ലോകം വളരെ വിശാലമാണെന്നും. അതിൽ നൂറു കണക്കിന് കഥകളുണ്ടെന്നും രാജമൗലി പറഞ്ഞു. അതിൽ ഒന്നാണ് സിനിമയിലൂടെ വന്നത്. ഇതുപോലുള്ള ശ്രമങ്ങൾ ബാഹുബലിയുടെ ആരാധകർക്ക് കൂടുതൽ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.