Health (Page 220)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേയും അന്‍പത് ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്നും സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ദേശീയ തലത്തില്‍ ഒരു പദ്ധതി രൂപീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര തത്കാലത്തേക്ക് തടഞ്ഞ് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണമെന്നും സോണിയ ഗാന്ധി ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോയില്‍ പറഞ്ഞു.
രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം. രാജ്യത്ത് പരിശോധന വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍് അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു.

തിരുവനന്തപുരം; കേരളത്തിലെ ആർടിപിസിആർ പരിശോധാന നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യ ലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സർക്കാരായിരുന്നു.

ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതു കൊണ്ട് മാത്രമാണ് സർക്കാർ ആർടിപിസിആർ നിരക്ക് കുറയ്ക്കാൻ തയാറായത്. എന്നാൽ കുറച്ച നിരക്ക് നിലവിൽ വന്നിട്ടും ആദ്യത്തെ നിരക്കിൽ തന്നെ ടെസ്റ്റ് നടത്താനുള്ള ധാർഷ്ട്യം കാണിക്കുകയാണ് സ്വകാര്യലാബുകൾ.നിരക്ക് കുറയ്ക്കാത്ത ലാബുകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുതലാളിമാരുടെ ഇംഗിതത്തിന് വഴങ്ങുന്നതിൽനിന്നും പിണറായി സർക്കാർ പിന്മാറണം. ഇല്ലെങ്കിൽ ശക്തമായ സമരങ്ങൾ നടത്താൻ ബിജെപി നിർബന്ധിതമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

vaccine

തിരുവനന്തപുരം: പതിനെട്ടിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുത്തിവയ്‌പ് ഇന്നു തുടങ്ങാനാവില്ല. കൊവിഡ് വാക്സിനേഷന് ഇനിയും കാത്തിരിക്കണം. കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസിനു മുകളിലുള്ളവർക്കു മാത്രം നൽകണമെന്നും, കുറഞ്ഞ പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വിലയ്ക്കു വാങ്ങി നൽകണമെന്നും കേന്ദ്രം ഉപാധി വയ്ക്കുകയും, രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നു.

കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗോവ, ഗുജറാത്ത്, ഒഡിഷ, യു.പി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, മദ്ധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ ഇല്ലെന്നും മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കാനാകില്ലെന്നും അറിയിച്ചത്. നേരിട്ടു വാങ്ങാൻ സംസ്ഥാനങ്ങൾ ഓർഡർ നൽകിയെങ്കിലും കാത്തിരിക്കാനാണ് കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും നിർമ്മാതാക്കൾ പറയുന്നത്.ഇതോടെ, മൂന്നാംഘട്ട കുത്തിവയ്പിന് രജിസ്റ്റർ ചെയ്ത 18- 45 പ്രായപരിധിയിലുള്ളവർ തത്കാലം എത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി. മൂന്നാംഘട്ടത്തിനായി 2.45 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

covid

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ച് ഏപ്രിൽ 2020 മുതൽ ഈ മാസം 28 വരെ 101 മാധ്യമപ്രവർത്തകരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.ഇതിൽ 52 മരണവും ഈ ഏപ്രിലിലാണ് ഉണ്ടായതെന്നും ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് യുപിയിലാണ്. 19 പേരാണ് അവിടെ മരിച്ചത്. തെലങ്കാന (17), മഹാരാഷ്ട്ര (13), ഒഡീഷ (9), ‍ഡൽഹി (8), ആന്ധ്ര പ്രദേശ് (6) എന്നിങ്ങനെയാണ് ഐപിഎസിന്റെ റിപ്പോർട്ട്.

കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന (41) അന്തരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആജ് തക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.അസമിലെ മുതിർന്ന മാധ്യമപ്രവർത്തക നിലാക്ഷി ഭട്ടാചാര്യയുടെ ജീവനും ഇന്നു പൊലിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ്. ഇവരുടെ ഭർത്താവ് ദി അസം ട്രിബ്യൂൺ മാധ്യമത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് കല്യാൺ ബറുവയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി ഒതുക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍. നിരക്ക് കുറഞ്ഞത് 1500 രൂപയാക്കണമെന്നും 500 രൂപ അപര്യാപ്തമാണെന്നുമാണ് സ്വകാര്യ ലാബുകളുടെ വാദം. സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയതോടെ പരിശോധന നിര്‍ത്തി വച്ചു. എന്നാല്‍ ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.
മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.

മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഓസ്‌ട്രേലിയ. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ മെയ് 15 വരെയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു.

കൊച്ചി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മേയ് നാല് വരെ ഒത്തുചേരലുകളോ വിജയാഹ്ളാദ പ്രകടനങ്ങളോ പാടില്ലെന്ന് ഹൈക്കോടതി. മേയ് നാല് മുതൽ ഒൻപത് വരെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളുടേതിന് സമാനമായിരിക്കും നിയന്ത്രണങ്ങളെന്നും ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിച്ചേരലോ വിജയാഹ്ളാദ പ്രകടനമോ പാടില്ലെന്നും ഇക്കാര്യം അതാത് ജില്ലാ ഭരണകൂടങ്ങളും പൊലീസും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കി കൊവിഡിനെ പിടിച്ചുകെട്ടാമെന്നും ജനജീവിതം തടസമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.നാളെ മുതൽ അടുത്ത പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ‌ിനിടയാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി കർശനമാക്കിയിരിക്കുകയാണ് സർക്കാർ.

ചെന്നൈ: റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴുപേര്‍ പിടിയില്‍. 4800 രൂപയ്ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്ക്കാണ് വിറ്റത്. ഉത്തരാഖണ്ഡില്‍ വ്യാജ റെംഡിസിവര്‍ നിര്‍മ്മാണ ഫാക്ടറി പൊലീസ് കണ്ടെത്തുകയും ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായ ഭാനു പ്രതാപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 52,000 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നാണ് നാലു വ്യാജ റെംഡിസിവര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചിരുന്നു.കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവര്‍. ഈ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് മലയാളികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ കോവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രപയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണ്’-ട്വീറ്റില്‍ പറയുന്നു.

കോവിഡ്19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികളില്‍ അത്യാവശ്യത്തിനുപോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമല്ല. കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്കസൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.