എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ കോവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രപയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണ്’-ട്വീറ്റില്‍ പറയുന്നു.

കോവിഡ്19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികളില്‍ അത്യാവശ്യത്തിനുപോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമല്ല. കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്കസൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.