Health (Page 219)

ന്യൂഡൽഹി; കോവി‍ഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്നു ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും വാരാന്ത്യ ലോക്‌ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതുപോലെ സമ്പൂർണ ലോക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌‍ഡൗൺ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം, അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഡോ. ആർ.കെ. ഹിംതാനി ഉൾപ്പെടെ 12 പേർ മരിച്ചതുതന്നെ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.കേസുകൾ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.‌ ഇത്രയും വലിയതോതിൽ കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്‌ൻമെന്റ് സോണുകൾ ഏർപ്പെടുത്തണം. ഉയർന്ന പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്.

ലണ്ടന്‍: വാക്്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയിലെ പ്രബലരായ പല ആളുകളില്‍ നിന്നും ഭീഷണി ഫോണ്‍കോളുകള്‍ നിരന്തരമുണ്ടാകുന്നുവെന്ന് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീല്‍ഡിന്റെ ഉല്‍പാദനം വിദേശരാജ്യങ്ങളില്‍ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്നും വാക്‌സീന്‍ ആവശ്യം ഇന്ത്യയില്‍ പല മടങ്ങായി വര്‍ധിച്ചതോടെ വന്‍ സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാന്‍ തുടക്കമിട്ട കോവാക്‌സ് പദ്ധതിയിലേക്കുള്ള ഓര്‍ഡറുകളും മുടങ്ങിയിരിക്കുകയാണ്.
പ്രതിമാസ ശേഷി ജൂലൈയോടെ 10 കോടി ഡോസ് ആക്കുമെന്നാണു സീറം അറിയിച്ചിരിക്കുന്നത്.അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. വാക്‌സീന്റെ വില പ്രഖ്യാപനം ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്കു പിന്നാലെ അദാറിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ട്. കോവിഷീല്‍ഡിന്റെ ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കില്‍, കോവാക്‌സീന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണു മുന്‍കയ്യെടുക്കുന്നത്. കോവാക്‌സീന്റെ സാങ്കേതിക വിദ്യ വിദേശ കമ്പനികള്‍ക്കു കൈമാറി, ഉല്‍പാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്.

കൊച്ചി: ഒരു ദിവസം ഒരു ലക്ഷം പേര്‍ക്കുളള ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് സൗജന്യമായി നല്‍കാന്‍ റിലയന്‍സ്. രാജ്യത്തുടനീളമുളള ഗുരുതരമായ രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താനായി റിലയന്‍സ് ദിവസേന 1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സിലും മറ്റ് ഫാക്ടറികളിലും, ഇപ്പോള്‍ പ്രതിദിനം1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം പ്രവര്‍ത്തനക്ഷമാക്കി. 2020 മാര്‍ച്ചില്‍ പാന്‍ഡെമിക് ആരംഭിച്ചതുമുതല്‍ റിലയന്‍സ് രാജ്യത്തുടനീളം55,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്തു.ഓക്‌സിജന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രസക്തമായ റെഗുലേറ്ററി ബോഡിയായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെ റിലയന്‍സ് നൈട്രജന്‍ ടാങ്കറുകളെ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജനുമായി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകളാക്കി മാറ്റി. രാജ്യത്തെ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഈ ഐഎസ്ഒ പാത്രങ്ങള്‍ സഹായിക്കും.റിലയന്‍സ് കുടുംബത്തിലെ ശോഭയുള്ള,ചെറുപ്പക്കാരായ യുവാക്കള്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും എന്നെ ശരിക്കും വിനയാന്വിതനാക്കുന്നു എന്ന് മുകേഷ് അംബാനി പറഞ്ഞു.

കണ്ണൂർ: സംസ്ഥാനത്ത് ആർടിപി‌സി‌ആർ പരിശോധനാ നിരക്കുകൾ കുറച്ചത് വിശദമായ പഠന ശേഷമാണ്. ഒരാൾക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. ടെസ്‌റ്റ് നടത്തുവർക്കുള‌ള അധ്വാനവും ചേർത്താണ് ഈ നിരക്ക്. ആർടി‌പി‌സി‌ആർ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യുന്നുണ്ട്.ലാബുകാരുടെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.

ആർ‌ടി‌പി‌സി‌ആറിന് പകരം ട്രൂനാ‌റ്റ് പരിശോധനയെടുക്കാൻ ചില ലാബുകൾ നിർബന്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ലാഭമുണ്ടാക്കാനുള‌ള സന്ദർഭമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നാളെ വോട്ടെണ്ണൽ ദിനത്തിലും വാരാന്ത്യ നിയന്ത്രണങ്ങളുള‌ള ഇന്നത്തെ അതേ നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം ചേർന്നുള‌ള ഒരു പരിപാടിയും പാടില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ കൂട്ടം കൂടരുത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് അനുമതിയുളളവർക്ക് മാത്രമാകും പ്രവേശനം. വിജയിച്ച സ്ഥാനാർത്ഥികളുടെ വക പ്രകടനമോ നന്ദി പറയുന്നതിനായി ഒത്തുചേരലോ ഒന്നും പാടില്ല.

അതിനായി പിന്നീട് സ്ഥിതി മെച്ചപ്പെട്ട ശേഷം അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എത്ര വലിയ ആരാധനാലയങ്ങളിലും 50 ശതമാനം മാത്രമാകും പ്രവേശനം. വാക്‌സിൻ വിതരണ കാര്യത്തിൽ 18 വയസിന് മുകളിലുള‌ളവർക്ക് ഉടൻ വാക്‌സിൻ ലഭ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാൽവുള‌ള മാസ്‌ക് ജനങ്ങൾ ധരിക്കരുതെന്നും ഡബിൾ മാസ്‌ക് ശീലമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി കരുതണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിൽ മാദ്ധ്യമങ്ങൾക്കും കരുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിന്റ വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസാണ് ദുരന്തനിവാരണ നിയമപ്രകാരം ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക്‌ കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിലിണ്ടറുകൾ കൈമാറാൻ വിസമ്മതിക്കുന്നവരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുന്നതിന് താലൂക്ക്‌ തഹസീൽമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

നിശ്ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.അതേസമയം കോവിഡ് വ്യാപനം ശക്തമായതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ 55 ഡിവിഷനുകളില്‍ 45 എണ്ണം ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണിലാണ്. ഇതേ നിലയിൽ കാര്യങ്ങൾ തുടർന്നാൽത്തുടർന്നാൽ ഉടൻ തന്നെ നഗരം സമ്പൂർണ്ണ അടച്ചുപൂട്ടല്‍ ഭീഷണിനേരിടും.

covid

മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കോവിഡ്19 വാക്‌സിന്‍ പുറത്തിറക്കാൻ റഷ്യ. വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. നായ, കുറുക്കന്‍, നീര്‍നായ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവി‍ഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. പൂച്ചകൾ, നായകൾ തുടങ്ങിയ മൃഗങ്ങളിലേക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. മൃ​ഗങ്ങളിൽ നിന്ന് അപകടകരമായ മ്യൂട്ടേഷനുകൾ സംഭവിച്ച് തിരിച്ച് മനുഷ്യനിലേക്കും പകർന്നേക്കാം. ഇതിനാലാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.

വിവിധ മൃ​ഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊവിഡിനെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചതായ കണ്ടെത്തലിനെ തുടർന്ന് റഷ്യ കാർണിവാക്-കോവ് എന്ന പേരിൽ വാക്സിൻ രജിസ്റ്റർ ചെയ്തിരുന്നു. ജര്‍മ്മനി, ​ഗ്രീസ്, പോളണ്ട്, ഓസ്ട്രേലിയ, കസാ​ക്കിസ്ഥാൻ, താജിക്കിസ്ഥാൻ, മലേഷ്യ, തായ്‌ലാൻഡ്, ലെബനൻ, ഇറാൻ, ദക്ഷിണ കൊറിയ, അ‌ർജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കായുളള കൊവിഡ് വാക്‌സിന് വേണ്ടി, രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാക്സിൻ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മലപ്പുറം: മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ മേയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുളള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.അതേസമയം, സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണമാണ്. നഗരത്തിലേയ്ക്ക് എത്തുന്ന മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.രാവിലെ എത്തിയ ആളുകളെ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചുവെങ്കില്‍ പിന്നീട് വന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കോവിഡ് രോഗവ്യാപനത്തിന് വെല്ലുവിളിയാകുന്നത് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെന്ന് പഠനം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നടന്ന സീറോളജിക്കല്‍ പഠനമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കോവിഡ് മഹാമാരിയുടെ ആദ്യ തരംഗം അവസാനിക്കുമ്പോഴേക്കും വുഹാനിലെ ജനസംഖ്യയില്‍് 3.77 ശതമാനത്തിന്റെ ശരീരത്തില്‍് സാര്‍സ് കോവ്2 വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. പല സമൂഹങ്ങളിലും രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് തിരിച്ചറിയപ്പെടാതെ ഇപ്പോഴും വ്യാപിക്കുന്നതായും പഠനത്തില്‍ പറയുന്നു.അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധന നടത്താതെ ഒരു പ്രദേശത്തെ നിരവധി പേരെ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്ന പൂള്‍ഡ് ടെസ്റ്റിങ്ങ് സമീപനമാകും പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതീക്ഷയുടെ പ്രകാശവുമായി റഷ്യയിൽ നിന്ന് സ്പുടിനിക് വാക്‌സിൻ എത്തി. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ വഴി നടത്തിയ ദീർഘസമയ ചർച്ചകൾക്ക് ശേഷമാണ് സ്പുടിനിക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനമായത്.

മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്‌സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. ഇതുകൂടാതെ മൂന്ന് മില്യൺ ഡോസ് വാക്‌സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ‌്ക്ക് നൽകും.ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂട്ടർമാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുടിനിക് കൈമാറുക. വാക്‌സിനേഷന് മുമ്പായി സെൻട്രൽ ഡ്രഗ്‌സ് അതോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടിയില്ലെന്ന് ആക്ഷേപം. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 2 മണിവരെയായി കുറയ്ക്കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാജര്‍ 50 ശതമാനമാക്കുകയും ചെയ്തിട്ടും പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ യാതൊരു ഇളവുമില്ലെന്നാണ് പരാതി. കേരള ബാങ്കിന്റെ പ്രവര്‍ത്തനം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമാണ്.എസ്.ബി.ഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകളുും ഉച്ചവരെയാക്കി.എന്നാല്‍ കൊവിഡ് രൂക്ഷമായ കണ്ടെയ്ന്‍മെന്റ് സോണിലോ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖകളിലോ പോലും സമയം ക്രമീകരിക്കാന്‍ ഭരണസമിതികള്‍ തയ്യാറായിട്ടില്ല.
പ്രളയകാലത്തും കൊവിഡിന്റെ ആദ്യ വരവിലും ഒരു മാസത്തെ വീതം ശമ്പളം സംഭാവന ചെയ്ത സഹകരണ ജീവനക്കാര്‍ കൊവിഡിന്റെ രണ്ടാംതരംഗത്തിലും രണ്ട് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. എന്നിട്ടും സാമൂഹിക പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന തങ്ങള്‍ക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ സമയക്രമം അനുവദിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.