Entertainment (Page 84)

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു.

ആദം എന്ന ഒട്ടക വ്യാപാരിയായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. വഹീദ റഹ്മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മേഖലകളില്‍ വിദേശികളാണ് കൂടുതല്‍. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍.

കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു ഇര്‍ഫാന്‍ ഖാന്റെ വിയോഗം. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കൊച്ചി: സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളെ സിനിമ കൊണ്ടു തന്നെ ചെറുക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മലബാറിലെ നവാഗത കൂട്ടായ്മകളില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയത്തോട് യോജിപ്പില്ല. സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമ എടുക്കുന്നത്. അതിനെ ചെറുത്തുതോല്‍പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കും. കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്, അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കും- ആഷിഖ് പ്രതികരിച്ചു.

ചെന്നൈ: ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നുവെന്ന് നടി ഐശ്വര്യ ഭാസ്‌കരന്റെ വെളിപ്പെടുത്തല്‍. മകളുടെ ഉപദേശപ്രകാരമാണ് വിഷയത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അശ്ലീല കമന്റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രമയച്ചതായും നടി പറയുന്നു. ഈ പീഡനം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഐശ്വര്യ അറിയിച്ചു.

ഓണ്‍ലൈനിലൂടെ സോപ്പിന്റെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ നമ്ബര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുക പതിവായി. മള്‍ട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. വിഷയം സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാകുമെന്നും അവര്‍ പറഞ്ഞു.

52 വയസുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വീഡിയോയില്‍ പങ്കുവച്ചു. ‘അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്’- ഐശ്വര്യ പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം പിഎസ്-2 കേരളത്തിലെ ലോഞ്ച് കൊച്ചിയില്‍. ചിത്രത്തിന്റെ കേരള ലോഞ്ചിനായി കൊച്ചിയില്‍ എത്തിയ ചിയാന്‍ വിക്രം, തൃഷ ,കാര്‍ത്തി, ജയന്‍രവി , ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെ വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എതിരേറ്റത്.

ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍-1 ന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. ചിത്രം കൂടുതല്‍ പേരില്‍ എത്തിക്കാനായി സിനിമയിലെ അഭിനേതാക്കള്‍ ഇന്ത്യയിലുടനീളം പ്രമോഷണല്‍ ടൂറിലാണ്.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത്. പ്രേക്ഷകരുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനായി സിനിമയുടെ ആദ്യഭാഗം തമിഴ്‌നാട്ടിലെ ഏതാനും തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൊന്നിയിന്‍ സെല്‍വന്‍- 1 ഏപ്രില്‍ 21 ന് തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.

ന്യൂഡല്‍ഹി: ഒരു യൂട്യൂബ് ചാനലിനെതിരേ താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് പരാതി.

പതിനൊന്ന് വയസ്സുകാരിയായ തനിക്കെരേ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.

മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല. സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു.

കൊച്ചി: മലയാള സിനിമയില്‍ ചില നടീനടന്മാര്‍ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയാറാക്കിയ കരാറില്‍ ഒപ്പിടാന്‍ ചിലര്‍ വിസമ്മതിക്കുന്നു. ചിലര്‍ പറയുന്നത് സിനിമയുടെ എഡിറ്റിങ് അവരെ കാണിക്കണമെന്നാണ്. ഇതൊന്നും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചില നടി നടന്‍മാര്‍ ഒരേ സമയം പല സിനിമകള്‍ക്ക് തിയതി കൊടുക്കുന്നുണ്ട്. ‘അമ്മ’ അംഗീകരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എഗ്രിമെന്റെ് ഒപ്പിടാന്‍ അഭിനേതാക്കള്‍ തയാറാകുന്നില്ല. ഡബ്ബിങ് നടക്കുന്ന സമയത്ത് ഒരു നടന്‍ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാന്‍ ആവശ്യപ്പെടുകയും ഇത് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ റീ എഡിറ്റ് ചെയ്യാന്‍ അഭിനേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് വ്യക്തമാക്കും. പണം മുടക്കി സിനിമ നിര്‍മിച്ച നിര്‍മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കു എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാല്‍ സര്‍ഗാത്മക ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക നില്‍ക്കും. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ മുന്നില്‍ ഞങ്ങളുടെ അവകാശങ്ങള്‍ ബലി കഴിക്കാന്‍ തയാറല്ല. സിനിമയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടാന്‍ സര്‍ക്കാര്‍ ഇടപെടലിനൊപ്പം കെ.എസ്.എഫ്.ഡി.സിയും മുന്‍ കൈ എടുക്കണമെന്നും നിര്‍മ്മിക്കുന്ന സിനിമകള്‍ തിയറ്ററില്‍ നിലനിര്‍ത്താന്‍ കൂടി കെ.എസ്.എഫ്.ഡി.സി ശ്രമിക്കണമെന്നും ഫെഫ്ക പറഞ്ഞു.

ഡല്‍ഹി: 2023ല്‍ ലോകത്തെ സ്വാധീനിച്ച ടൈം മാഗസിന്റെ 100 പേരുടെ പട്ടികയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും ഇടം നേടി. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ രാജാവ് ചാള്‍സ്, സിറിയന്‍ വംശജരായ നീന്തല്‍ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ മര്‍ഡിനി, യുസ്ര മര്‍ഡിനി, ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ഗായിക ബിയോണ്‍സ്, ഫുട്‌ബോള്‍ താരം ലയണല്‍ മെസി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

വായനക്കാര്‍ക്കിടയില്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്തെത്തിയത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ട് ലയണല്‍ മെസിക്ക് ലഭിച്ചു.

വാദ്യ കലാകാരന്മാര്‍ക്ക് സംഘടന രൂപീകരിക്കാന്‍ തന്റെ മകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നുവെന്നും, പത്ത് സിനിമകളില്‍ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയനടന്‍ സുരേഷ് ഗോപി. തൃശൂരില്‍ വാദ്യകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹം ഇത് അറിയിച്ചത്.

താരത്തിന്റെ വാക്കുകള്‍:

‘കൊറോണ സമയത്ത് പലരുടെയും അന്നം മുട്ടി പോയിരുന്നു. ആ സമയം ഒരുപാട് ജനങ്ങളെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പലരും ഹൃദയം കൊണ്ട് സഹായിക്കാന്‍ രംഗത്തു വന്നു. തൃശൂര്‍ പൂരം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഭാരതീയര്‍ മാത്രമല്ല, പാശ്ചാത്ത്യരും പൂരം ഇഷ്ടപ്പെടുന്നു. അതിന് മേളക്കൊഴുപ്പ് നല്‍കുന്ന ഒരു പൗഢിയുണ്ട്. അത് നല്‍കുന്ന വാദ്യകലാകാരന്മാരെ ശ്രദ്ധിക്കാന്‍ ഇവിടെ ആരും ഇല്ല. നമുക്ക് ആവേശം നല്‍ക്കുന്ന അവര്‍ക്ക് ശ്രവണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് നാം കൈത്താങ്ങ് ആകണം. മിമിക്രി കലാകാരന്മാരോടും വാദ്യ മേളക്കാരോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ വിദേശത്ത് നടത്തുന്ന പരിപാടികളില്‍ ലഭിക്കുന്ന തുകയില്‍ നിന്നും ഒരു വിഹിതം വാദ്യ കലാകാരന്മാര്‍ക്ക് നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പണ്ട് അമ്മയില്‍ നിന്നും ഇങ്ങനെ കൊടുക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ ഒരുപാട് കഷ്ടത ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്. അവസാനം കടം മേടിച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അത് എനിക്കൊരു പാഠമാണ്. എന്തായാലും ഇത്തരത്തില്‍ ‘മാ’യില്‍ നിന്ന് ഒരു കോടിയോളം രൂപ വാദ്യ കലാകാരമാര്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതിന് ഞാന്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. ലക്ഷ്മി ചാരിറ്റിയല്‍ നിന്നും ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാര്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയില്‍ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപ കലാകാരന്മാര്‍ക്ക് എന്റെ മോളുടെ പേരില്‍ നല്‍കും. ഇത് തൃശൂര്‍കാരുടെ ഉത്തരവാദിത്വമാണ്.’

കൊച്ചി: ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രില്‍ 20ന് ഇരുപതിന് തിയേറ്ററുകളില്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

എം എസ് ബാബുരാജ് പി ഭാസ്‌ക്കരന്‍ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തില്‍ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങള്‍ ആധുനിക സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍,റെക്‌സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’, പി.എം. തോമസുകുട്ടി സംവിധാനം ചെയ്ത ‘ഉസ്‌കൂള്‍’ എന്നിവയാണ് വിഷുവിനെത്തുന്ന പ്രധാന മലയാള ചിത്രങ്ങള്‍. രുദ്രന്‍, ശാകുന്തളം എന്നിവയാണ് റിലീസിനെത്തുന്ന അന്യഭാഷ ചിത്രങ്ങള്‍.

വിഷു ചിത്രങ്ങള്‍

അടി

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

മദനോത്സവം

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ. സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്‌നര്‍ ആണ്.

ഉസ്‌കൂള്‍

പി.എം. തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം. പ്ലസ് ടു സെന്റ് ഓഫ് ഡെയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. അഭിജിത്, നിരഞ്ജന്‍, അഭിനന്ദ് ആക്കോട്, ഷിഖില്‍ ഗൗരി, അര്‍ച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം, ലിതിലാല്‍ തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നു.

അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ‘മെയ്ഡ് ഇന്‍ കാരവാന്‍’, കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത ‘ഉപ്പുമാവ്’, കാര്‍ത്തിക് രാമകൃഷ്ണന്‍, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘താരം തീര്‍ത്ത കൂടാരം’ എന്നിവയാണ് ഇക്കുറി മലയാളത്തിലെ മറ്റ് വിഷു റിലീസുകള്‍. ആറ് ചിത്രങ്ങളും ഏപ്രില്‍ 14 നാണ് തിയേറ്ററുകളില്‍ എത്തുക.