ചെന്നൈ: ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നുവെന്ന് നടി ഐശ്വര്യ ഭാസ്‌കരന്റെ വെളിപ്പെടുത്തല്‍. മകളുടെ ഉപദേശപ്രകാരമാണ് വിഷയത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അശ്ലീല കമന്റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രമയച്ചതായും നടി പറയുന്നു. ഈ പീഡനം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഐശ്വര്യ അറിയിച്ചു.
ഓണ്‍ലൈനിലൂടെ സോപ്പിന്റെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ നമ്ബര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുക പതിവായി. മള്‍ട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. വിഷയം സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാകുമെന്നും അവര്‍ പറഞ്ഞു.
52 വയസുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വീഡിയോയില്‍ പങ്കുവച്ചു. ‘അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്’- ഐശ്വര്യ പറഞ്ഞു.

