വിഷു റിലീസുകള്‍ അറിയാം…

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’, പി.എം. തോമസുകുട്ടി സംവിധാനം ചെയ്ത ‘ഉസ്‌കൂള്‍’ എന്നിവയാണ് വിഷുവിനെത്തുന്ന പ്രധാന മലയാള ചിത്രങ്ങള്‍. രുദ്രന്‍, ശാകുന്തളം എന്നിവയാണ് റിലീസിനെത്തുന്ന അന്യഭാഷ ചിത്രങ്ങള്‍.

വിഷു ചിത്രങ്ങള്‍

അടി

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

മദനോത്സവം

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ. സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്‌നര്‍ ആണ്.

ഉസ്‌കൂള്‍

പി.എം. തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം. പ്ലസ് ടു സെന്റ് ഓഫ് ഡെയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. അഭിജിത്, നിരഞ്ജന്‍, അഭിനന്ദ് ആക്കോട്, ഷിഖില്‍ ഗൗരി, അര്‍ച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം, ലിതിലാല്‍ തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നു.

അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ‘മെയ്ഡ് ഇന്‍ കാരവാന്‍’, കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത ‘ഉപ്പുമാവ്’, കാര്‍ത്തിക് രാമകൃഷ്ണന്‍, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘താരം തീര്‍ത്ത കൂടാരം’ എന്നിവയാണ് ഇക്കുറി മലയാളത്തിലെ മറ്റ് വിഷു റിലീസുകള്‍. ആറ് ചിത്രങ്ങളും ഏപ്രില്‍ 14 നാണ് തിയേറ്ററുകളില്‍ എത്തുക.