സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളെ സിനിമ കൊണ്ടു തന്നെ ചെറുക്കും: ആഷിഖ് അബു

കൊച്ചി: സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളെ സിനിമ കൊണ്ടു തന്നെ ചെറുക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മലബാറിലെ നവാഗത കൂട്ടായ്മകളില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയത്തോട് യോജിപ്പില്ല. സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമ എടുക്കുന്നത്. അതിനെ ചെറുത്തുതോല്‍പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കും. കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്, അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കും- ആഷിഖ് പ്രതികരിച്ചു.